ഹൈദരാബാദ്: ദക്ഷിണ കൊറിയൻ സ്‌മാർട്ട്‌ഫോൺ കമ്പനിയായ സാംസങ് ഇന്നലെ (ജനുവരി 22) രാത്രി 11.30നാണ് തങ്ങളുടെ ഗാലക്‌സി 25 സീരീസ് സ്‌മാർട്ട്‌ഫോണുകൾ ഇന്ത്യയുൾപ്പെടെയുള്ള ആഗോള വിപണിയിൽ അവതരിപ്പിച്ചത്. സ്‌നാപ്‌ഡ്രാഗൺ 8 എലൈറ്റ് ചിപ്‌സെറ്റിൽ പ്രവർത്തിക്കുന്ന ഫോണിൽ നിരവധി എഐ സവിശേഷതകളുണ്ട്. ഗാലക്‌സി എസ് 25, ഗാലക്‌സി എസ് 25 പ്ലസ്, ഗാലക്‌സി എസ് 25 അൾട്ര എന്നീ മൂന്ന് മോഡലുകളാണ് ഈ സീരീസിൽ പുറത്തിറക്കിയത്.
മുൻഗാമിയായ എസ് 24 അൾട്രയിൽ നിന്നും നിരവധി അപ്‌ഗ്രേഡുകളുമായാണ് എസ് 25 അൾട്ര വന്നിരിക്കുന്നത്. കൂടുതൽ സ്ലിം ആയ ഡിസൈനിൽ പുറത്തിറക്കിയ ഫോണിൽ ക്വാൽകോമിന്‍റെ പുതിയ ചിപ്‌സെറ്റും നിരവധി എഐ സവിശേഷതകളും കൂട്ടിച്ചേർത്തിട്ടുണ്ട്. സാംസങിന്‍റെ പുതിയ ഫ്ലാഗ്‌ഷിപ്പ് ഫോണായ എസ് 25 അൾട്ര വിലയ്‌ക്കനുസരിച്ചുള്ള അപ്‌ഡേറ്റുകളോടെയാണോ പുറത്തിറക്കിയിരിക്കുന്നതെന്ന് പരിശോധിക്കാം. ഇതിനായി എസ് 25 അൾട്രയുടെയും എസ് 24 അൾട്രയുടെയും വില, ഡിസൈൻ, ക്യാമറ, പ്രോസസർ, ബാറ്ററി, ഡിസ്‌പ്ലേ ഉൾപ്പെടെയുള്ള ഫീച്ചറുകൾ താരതമ്യം ചെയ്യാം.
സാംസങ് ഗാലക്‌സി എസ് 25 അൾട്ര vs എസ് 24 അൾട്ര:
ഇരുമോഡലുകളും 12 ജിബി റാമിനൊപ്പം 256 ജിബി, 512 ജിബി, 1 ടിബി എന്നിങ്ങനെ മൂന്ന് സ്റ്റോറേജ് ഓപ്‌ഷനുകളിലാണ് നൽകിയിരിക്കുന്നത്. വിലകൾ താരതമ്യം ചെയ്യാം.
മോഡൽ | റാം | സ്റ്റോറേജ് | വില |
സാംസങ് ഗാലക്‌സി എസ് 24 അൾട്ര | 12GB | 256GB | 1,21,999 രൂപ |
12GB | 512GB | 1,31,999 രൂപ | |
12GB | 1TB | 1,51,999 രൂപ | |
സാംസങ് ഗാലക്‌സി എസ് 25 അൾട്ര | 12GB | 256GB | 1,29,999 രൂപ |
12GB | 512GB | 1,41,999 രൂപ | |
12GB | 1TB | 1,65,999 രൂപ |
സാംസങ് ഗാലക്‌സി എസ് 25 അൾട്ര vs എസ് 24 അൾട്ര സ്‌പെസിഫിക്കേഷനുകൾ:
ഡിസൈൻ: സാംസങ് ഗാലക്‌സി എസ് 25 അൾട്രയിലെയും എസ് 24 അൾട്രയിലെയും ഡിസൈൻ പരിശോധിക്കുമ്പോൾ ഇരു മോഡലുകളിലും ഡിസൈൻ ഏകദേശം സമാനമാണെന്ന് കാണാം. സാംസങ് ഗാലക്‌സി എസ് 25 അൾട്രയുടെ വശങ്ങളുടെ ഡിസൈനിലാണ് ചെറിയ മാറ്റങ്ങൾ കാണാനാകുന്നത്. എസ് 25 അൾട്രയുടെ വശങ്ങളിൽ ബോക്‌സി ഡിസൈനാണ് നൽകിയിരുന്നതെങ്കിൽ എസ് 25 അൾട്രയിൽ ചെറുതായി കർവ് വരുന്ന രീതിയിലാണ് ഡിസൈൻ ചെയ്‌തിരിക്കുന്നത്.
ഡിസ്‌പ്ലേ: എസ് 24 അൾട്രയുമായി താരതമ്യം ചെയ്യുമ്പോൾ എസ് 25 അൾട്രയിൽ കുറച്ച് കൂടി വലിപ്പമുള്ള ഡിസ്‌പ്ലേയാണ് നൽകിയത്. 2,600 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നെസും, ഒരു ഹെട്‌സ് മുതൽ 120 ഹെട്‌സ് വരെ വേരിയബിൾ റിഫ്രഷ് റേറ്റുമുള്ള 6.9 ഇഞ്ച് ക്യുഎച്ച്‌ഡി പ്ലസ് ഡൈനാമിക് AMOLED 2X സ്‌ക്രീനാണ് നൽകിയിരിക്കുന്നത്. അതേസമയം എസ് 24 അൾട്രയിൽ ഇതേ സ്‌പെസിഫിക്കേഷനുകളുള്ള 6.8 ഇഞ്ച് സ്‌ക്രീനാണ് നൽകിയത്.
പ്രോസസർ: ക്വാൽകോമിന്‍റെ 3nm ഒക്‌ട കോർ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് പ്രോസസറാണ് അൾട്രാ മോഡലിൽ സജ്ജീകരിച്ചിരിക്കുന്നത്. ഈ പുതിയ ചിപ്‌സെറ്റ് 4nm ഒക്‌ട കോർ സ്‌നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്‌സെറ്റിൽ പ്രവർത്തിക്കുന്ന എസ് 24 അൾട്രയോക്കാൾ മികച്ച പെർഫോമൻസ് നൽകും.
ഗാലക്‌സി എഐ: സർക്കിൾ ടു സെർച്ച്, നോട്ട് അസിസ്റ്റ്, ട്രാൻസ്‌ക്രിപ്‌റ്റ് അസിസ്റ്റ്, ഇന്‍റർപ്രട്ടർ, കോൾ അസിസ്റ്റ്, റൈറ്റിങ് അസിസ്റ്റ്, ഫോട്ടോ അസിസ്റ്റ്, ഡ്രോയിങ് അസിസ്റ്റ് തുടങ്ങിയ എസ് 24 അൾട്രയിലുള്ള എഐ ഫീച്ചറുകൾ കൂടുതൽ മെച്ചപ്പെടുത്തിക്കൊണ്ടാണ് എസ് 25 അൾട്ര എത്തിയിരിക്കുന്നത്. ഉപയോക്താക്കൾക്ക് വ്യക്തിഗതമായ സമ്മറികൾ നൽകുന്ന നൗ ബ്രീഫ് ഫീച്ചർ ഉൾപ്പെടെയുള്ള പുതിയ ഫീച്ചറുകളും എസ് 25 അൾട്രയിൽ പുതുതായി നൽകിയിട്ടുണ്ട്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള വൺ യുഐ 7 ഓപ്പറേറ്റിങ് സിസ്റ്റത്തിന്‍റെ ഭാഗമാണ് പുതിയ എഐ സവിശേഷതകൾ. ഭാവിയിൽ സോഫ്റ്റ്‌വെയർ അപ്‌ഗ്രേഡിലൂടെ ഇതേ സവിശേഷതകൾ എസ് 24 അൾട്രയിലും ലഭ്യമാകാം.
ക്യാമറ: ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനും 2x ഇൻ-സെൻസർ സൂമും ഫീച്ചർ ചെയ്യുന്ന 200MP പ്രൈമറി ക്യാമറയും, 120-ഡിഗ്രി ഫീൽഡ് വ്യൂ ഉള്ള 50MP അൾട്രാവൈഡ് ക്യാമറയും, ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനും 5x ഒപ്റ്റിക്കൽ സൂം ഉള്ള 50MP ടെലിഫോട്ടോ ക്യാമറയും, ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനും 3x ഒപ്റ്റിക്കൽ സൂമും ഉള്ള 10MP ടെലിഫോട്ടോ ക്യാമറയും, 12 എംപി സെൽഫി ക്യാമറയുമാണ് എസ് 25 അൾട്ര മോഡലിൽ നൽകിയിരിക്കുന്നത്.
200MP പ്രൈമറി ക്യാമറയും 50MP അൾട്രാവൈഡ് ക്യാമറയും 50MP ടെലിഫോട്ടോ ക്യാമറയും 10MP ടെലിഫോട്ടോ ക്യാമറയും 12 എംപി സെൽഫി ക്യാമറയുമാണ് എസ് 25 അൾട്രയിൽ നൽകിയിരിക്കുന്നത്. എസ് 24ൽ ഉണ്ടായിരുന്ന 12 എംപി സെൻസറിന് പകരമാണ് എസ് 25ൽ 50 എംപി അൾട്രാ വൈഡ് ക്യാമറ നൽകിയിരിക്കുന്നത്. ബാക്കിയുള്ള ക്യാമറ ലെൻസുകളും മറ്റ് ഫീച്ചറുകളും ഇരുമോഡലുകളിലും സമാനമാണ്.
ബാറ്ററി: രണ്ട് അൾട്ര മോഡലുകളിലും 5,000 എംഎഎച്ചിന്‍റെ ബാറ്ററിയാണ് നൽകിയിരിക്കുന്നത്. എന്നാൽ S25 അൾട്രായിൽ 31 മണിക്കൂർ വരെ വീഡിയോ പ്ലേബാക്ക് ലഭിക്കുമെന്നാണ് പറയുന്നത്. അതേസമയം S24 അൾട്രായിൽ 30 മണിക്കൂർ വരെ വീഡിയോ പ്ലേബാക്ക് ലഭിക്കുമെന്നാണ് പറയുന്നത്.
ഭാരം: ഗാലക്‌സി എസ് 24 അൾട്രായ്‌ക്ക് 232 ഗ്രാം ഭാരമാണുള്ളത്. എന്നാൽ എസ് 25 അൾട്രായ്‌ക്ക് 218 ഗ്രാം ആണ് ഭാരം. ഇത് മുൻ മോഡലിനേക്കാൾ 14 ഗ്രാം ഭാരം കുറവാണ്.
കളർ ഓപ്‌ഷനുകൾ: ഇരു മോഡലുകളും ഏഴ് വ്യത്യസ്‌ത ഷേഡുകളിൽ ലഭ്യമാണ്. അതിൽ മൂന്ന് എക്‌സ്‌ക്ലൂസിവ് കളറുകൾ സാംസങിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റിൽ മാത്രമായിരിക്കും ലഭ്യമാവുക. ടൈറ്റാനിയം സിൽവർബ്ലൂ, ടൈറ്റാനിയം ബ്ലാക്ക്, ടൈറ്റാനിയം ഗ്രേ, ടൈറ്റാനിയം വൈറ്റ് സിൽവർ എന്നീ നിറങ്ങളിലാണ് എസ് 25 അൾട്ര ലഭ്യമാവുക. അതേസമയം ടൈറ്റാനിയം ഗ്രേ, ടൈറ്റാനിയം വയലറ്റ്, ടൈറ്റാനിയം ബ്ലാക്ക്, ടൈറ്റാനിയം യെല്ലോ എന്നീ നിറങ്ങളിലായിരിക്കും എസ് 24 അൾട്ര ലഭ്യമാവുക. ടൈറ്റാനിയം ജെറ്റ്ബ്ലാക്ക്, ടൈറ്റാനിയം ജേഡ്ഗ്രീൻ, ടൈറ്റാനിയം പിങ്ക്ഗോൾഡ് എന്നിവയാണ് എസ് 25ൽ ലഭ്യമാവുന്ന എക്‌സ്‌ക്ലൂസിവ് കളറുകൾ. ടൈറ്റാനിയം ബ്ലൂ, ടൈറ്റാനിയം ഗ്രീൻ, ടൈറ്റാനിയം ഓറഞ്ച് എന്നിവയാണ് എസ് 24ലെ എക്‌സ്‌ക്ലൂസിവ് കളറുകൾ.
Also Read:
- കാത്തിരിപ്പിനൊടുവിൽ സാംസങ് ഗാലക്‌സി എസ് 25 സീരീസ് എത്തി: വില, ക്യാമറ, ഡിസൈൻ, എഐ ഫീച്ചറുകൾ... അറിയേണ്ടതെല്ലാം
- സാംസങ് ഗാലക്‌സി എസ് 25 സ്ലിമ്മും ഐഫോൺ 17 എയറും വരുന്നു: അൾട്രാ സ്ലിം ഫോണുകളിൽ മികച്ചതേത്? താരതമ്യം ചെയ്യാം
- സാംസങിന്‍റെ വണ്ണം കുറഞ്ഞ ഫോൺ: എസ് 25 സീരീസിൽ വരാനിരിക്കുന്ന സ്ലിം മോഡലിന്‍റെ വില എത്രയായിരിക്കും?
- 3 വർഷം വാറന്‍റി, 7 വർഷത്തെ സോഫ്‌റ്റ്‌വെയർ അപ്‌ഡേറ്റ്: ഗാലക്‌സി എസ് 24, എസ് 24 അൾട്രാ എൻ്റർപ്രൈസ് എഡിഷൻ ഇന്ത്യയിൽ
- റെഡ്‌മി നോട്ട് 14 പ്രോയ്‌ക്ക് എതിരാളിയാകുമോ റിയൽമി 14 പ്രോ? മികച്ചത് ഏത്? താരതമ്യം ചെയ്യാം