ന്യൂഡല്‍ഹി: മുന്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന്‍റെ യഥാര്‍ത്ഥ വികസന മാതൃകയാണ് ഡല്‍ഹിക്ക് ഇപ്പോഴാവശ്യമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആം ആദ്‌മി പാർട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്‌രിവാളിന്‍റെയും വ്യാജ പ്രചാരണങ്ങളും പി ആര്‍ മാതൃകയുമല്ല വേണ്ടതെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. പണപ്പെരുപ്പം, തൊഴിലില്ലായ്‌മ, മലിനീകരണം, അഴിമതി എന്നീ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്ന ഒരു മൊണ്ടാഷും അദ്ദേഹം ഫെയ്‌സ്‌ബുക്കില്‍ പങ്കുവച്ചു. മോശം നിര്‍മ്മിതി, മാലിന്യം, വിലക്കയറ്റം, തൊഴിലില്ലായ്‌മ, മലിനീകരണം, അഴിമതി ഇതൊക്കെയാണ് പൊതുജനങ്ങള്‍ക്ക് മുന്നിലുള്ള യഥാര്‍ഥ ഡല്‍ഹിയെന്നും മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഹിന്ദിയില്‍ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കഴിഞ്ഞ ദിവസം സദര്‍ ബസാര്‍ നിയമസഭ മണ്ഡലത്തിലെ പൊതുസമ്മേളനത്തില്‍ രാഹുലിന് പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. സുഖമില്ലാതിരുന്നതിനാല്‍ ജനങ്ങള്‍ക്ക് സന്ദേശം നല്‍കുക മാത്രമായിരുന്നു അദ്ദേഹം ചെയ്‌തത്. തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ വിജയം ഉറപ്പാക്കണമെന്നാണ് അദ്ദേഹം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചത്. ചൊവ്വാഴ്‌ച ബെംഗളുരുവിലെ ബെലഗാവിയില്‍ നടന്ന ജയ് ബാപു, ജയ് ഭീം, ജയ് സംവിധാന്‍ സമ്മേളനത്തിലും അദ്ദേഹത്തിന് അനാരോഗ്യം മൂലം പങ്കെടുക്കാനായില്ല. ന്യൂഡല്‍ഹി മണ്ഡലത്തിലെ രാഷ്‌ട്രീയ പരിപാടിയും നടന്നില്ല.
നേരത്തെ രാഹുല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഡല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനുമെതിരെ രംഗത്ത് എത്തിയിരുന്നു. ഇരുനേതാക്കളും തമ്മില്‍ യാതൊരു വ്യത്യാസവും ഇല്ലെന്നായിരുന്നു അദ്ദേഹത്തിന്‍റെ പരാമര്‍ശം. അവര്‍ക്ക് പിന്നാക്കക്കാരും ദളിതുകളും പട്ടികവര്‍ഗക്കാരും ന്യൂനപക്ഷങ്ങളും ഒന്നും വേണ്ട, അവര്‍ക്ക് നല്‍കേണ്ട പങ്കും നല്‍കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പിന് വേണ്ടിയുള്ള ആദ്യ പൊതുയോഗത്തില്‍ തന്നെ രാഹുല്‍ കെജ്‌രിവാളിനെതിെര ആഞ്ഞടിച്ചിരുന്നു. മോദിയുടെ പ്രചാര വേലകളും തന്ത്രങ്ങളുമാണ് കെജ്‌രിവാളും പിന്തുടരുന്നത് എന്നായിരുന്നു അദ്ദേഹത്തിന്‍റെ പരാമര്‍ശം. ഡല്‍ഹിയിലെ വര്‍ദ്ധിച്ച് വരുന്ന മലിനീകരണമോ അഴിമതിയോ വിലക്കയറ്റമോ ഒന്നും അദ്ദേഹം ഗൗനിക്കുന്നില്ല. ദേശീയ തലസ്ഥാനത്ത് കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിച്ചാല്‍ ഒരു ജാതി സര്‍വേ നടത്തുമെന്ന ഉറപ്പും രാഹുല്‍ നല്‍കി. തുടര്‍ച്ചയായ മൂന്ന് കാലയളവുകളിലായി ഷീലാ ദീക്ഷിതിന്‍റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നടത്തിയ പോലുള്ള ഒരു വികസന പ്രവര്‍ത്തനവും കെജ്‌രിവാളിനോ ബിജെപിക്കോ ചെയ്യാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത മാസം അഞ്ചിനാണ് ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്. ഫെബ്രുവരി എട്ടിന് വോട്ടെണ്ണല്‍ നടക്കും. എഎപിക്ക് അനുകൂലമായ ഒരു രാഷ്‌ട്രീയ കാലാവസ്ഥയാണ് രാജ്യതലസ്ഥാനത്ത് നിലനില്‍ക്കുന്നതെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തല്‍.