കോഴിക്കോട്: സംസ്ഥാനത്തെ റേഷൻ വ്യാപാരികളുടെ വരുമാനത്തെക്കുറിച്ച് ഭക്ഷ്യവകുപ്പ് മന്ത്രി ഇന്നലെ നടത്തിയ പ്രസ്‌താവന തികച്ചും തെറ്റാണെന്ന് ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി മുഹമ്മദലി. സംസ്ഥാനത്തെ പതിനൊന്നായിരത്തോളം വരുന്ന റേഷൻ വ്യാപാരികൾ മാസം മുപ്പതിനായിരം രൂപ വരുമാനം ലഭിക്കുന്നവരാണെന്നായിരുന്നു മന്ത്രി ജിആർ അനിലിൻ്റെ പ്രസ്‌താവന.
ഏറ്റവും പുതിയ വാർത്തകൾക്ക് ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഇതിനെതിരെയാണ് റേഷൻ വ്യാപാരികൾ വ്യക്തമായ കണക്കുകളുമായി രംഗത്തു വന്നത്. സംസ്ഥാനത്തെ ഇരുന്നൂറോളം റേഷൻ വ്യാപാരികൾ അയ്യായിരത്തിനും പതിനായിരത്തിനും ഇടയിൽ വരുമാനം ഉള്ളവരാണ്. 3000 റേഷൻ വ്യാപാരികൾ ഏകദേശം പതിനായിരം ഒപ്പിക്കുന്നവരാണ്, 6000 റേഷൻ വ്യാപാരികൾക്ക് 15,000 ത്തിനും ഇരുപതിനായിരത്തിനും ഇടയിൽ വരുമാനമുണ്ട്.
2000 റേഷൻ വ്യാപാരികൾ 20000ത്തിനും 30000ത്തിനും ഇടയിൽ വരുമാനമുള്ളവരാണ്. ഇക്കാര്യം വ്യക്തമായി അറിയുന്ന ഭക്ഷ്യവകുപ്പ് മന്ത്രിയാണ് മാധ്യമങ്ങൾക്ക് മുൻപിൽ ഇത്തരത്തിൽ തെറ്റായ കണക്കുമായി രംഗത്തു വന്നത്. ഇങ്ങനെ ലഭിക്കുന്ന വരുമാനത്തിൽ നിന്ന് ഓരോ റേഷൻ കടക്കാർക്കും ഒരു സെയിൽസ്‌മാൻ്റെ ശമ്പളം, മുറിയുടെ വാടക, കറൻ്റ്, മറ്റ് ഭീമമായ മുടക്ക് മുതൽ എന്നിവയ്‌ക്കെല്ലാം ചെലവ് വരും.
ഇക്കാര്യമെല്ലാം മനസിലാക്കി ഭക്ഷ്യമന്ത്രി അടിയന്തരമായി പ്രശ്‌നത്തിൽ ഇടപെടണമെന്ന് അദ്ദേഹം പറഞ്ഞു. ഏഴുവർഷം മുമ്പ് ഒരു വേതന പാക്കേജിന് മുഖ്യമന്ത്രി ഉറപ്പ് നൽകിയിരുന്നു. എന്നാൽ കോവിഡും വെള്ളപ്പൊക്കവും വന്നതോടെ അത് നീണ്ട് പോവുകയായിരുന്നു. ഇതിനെതിരെ 2022 മുതൽ റേഷൻ വ്യാപാരികൾ സമരങ്ങൾ ആരംഭിച്ചിട്ടുണ്ട്.
റേഷൻ വ്യാപാരികളുടെ സമരത്തിന് അനുഭാവം പ്രകടിപ്പിച്ച് എംഎൽഎമാരും എംപിമാരും എൽഡിഎഫ് കൺവീനർ ഉൾപ്പെടെയുള്ളവർ പങ്കെടുക്കുകയും ഒരുപാട് പ്രതീക്ഷ നൽകുകയും ചെയ്‌തിരുന്നു. എന്നാൽ ഇതുവരെ റേഷൻ വ്യാപാരികളുടെ വേതന പാക്കേജ് പരിഷ്‌കരിക്കുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് പാലിക്കപ്പെട്ടില്ലെന്ന് ടി മുഹമ്മദ് അലി കുറ്റപ്പെടുത്തി.
ഏറ്റവും പുതിയ വാർത്തകൾക്ക് ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഇതെല്ലാം അറിയുന്ന ഭക്ഷ്യവകുപ്പ് മന്ത്രിയുടെ പ്രസ്‌താവന റേഷൻ വ്യാപാരികളെ സംബന്ധിച്ച് വേദന ഉളവാക്കുന്നതാണെന്നും ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി മുഹമ്മദ് അലി പറഞ്ഞു.
ഈ മാസം 27ന് റേഷൻ വ്യാപാരികൾ സമരം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും റേഷൻ കടകളിൽ സാധനം എത്തിക്കുന്ന കരാറുകാരുടെ കുടിശികയുമായി ബന്ധപ്പെട്ട സമരം നടക്കുന്ന പശ്ചാത്തലത്തിൽ, അരി ഉൾപ്പെടെയുള്ള സാധനങ്ങൾ ഇല്ലാത്ത അവസ്ഥയുണ്ടെന്നും അടിയന്തരമായി പ്രശ്‌നം പരിഹരിക്കാൻ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ മുൻകൈയെടുക്കണമെന്നും ടി മുഹമ്മദാലി പറഞ്ഞു.
Also Read: മുനമ്പം ജുഡീഷ്യല്‍ കമ്മിഷന്‍ നിയമനം; ഹർജി പരിഗണിക്കുന്നതിൽ നിന്നും ഹൈക്കോടതി ജഡ്‌ജി പിന്മാറി