കേരളം

kerala

ETV Bharat / state

കാടിനോട് യാത്ര പറഞ്ഞ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട മണിയുടെ കുടുംബം; മലയിറങ്ങി നാട്ടിൽ താമസിക്കും - KARULAI MANI FAMILY LEAVE FOREST

ഏഷ്യയിലെ ഗുഹാവാസികൾ എന്നറിയപ്പെടുന്ന ചോലനായ്ക്ക വിഭാഗത്തിൽപ്പെട്ട ആദിവാസി കുടുംബമാണിത്...

WILD ELEPHANT ATTACK  KARULAI MANI FAMILY  കാട്ടാന ആക്രമണം  KARULAI MANI
Maathi, Ayyappan (ETV Bharat)

By ETV Bharat Kerala Team

Published : Jan 21, 2025, 10:19 PM IST

മലപ്പുറം:കരുളായി ചെങ്കുത്തായ മലവാരത്തിൽ മണിയുടെ കൺമണി മീനാക്ഷിക്കുട്ടിയെ ചുമലിലേറ്റി അയ്യപ്പൻ പൂച്ചപ്പാറ മലയിറങ്ങുമ്പോൾ കരുളായി വനം ഒരിക്കൽ കുടി കണ്ണീർ പൊഴിച്ചു. കഴിഞ്ഞ നാലിന് കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച ചോലനായ്ക്കൻ പൂച്ചപ്പാറ മണിയുടെ വിയോഗത്തെത്തുടർന്ന് ഒറ്റപ്പെട്ടുപോയ ഇവരുടെ കുടുംബമാണ് നാട്ടിൽ താമസിക്കാനായി മലയോടും മലദൈവങ്ങളോടും യാത്ര പറഞ്ഞ് മലയിറങ്ങിയത്.

ഏഷ്യയിലെ ഗുഹാവാസികൾ എന്നറിയപ്പെടുന്ന ചോലനായ്ക്ക വിഭാഗത്തിൽപ്പെട്ട ആദിവാസി കുടുംബമാണിത്. മണിയുടെ ഭാര്യ മാതി മക്കളായ മീനാക്ഷി, മീര, മനു, മീന, മാതിരി എന്നിവരാണ് നാട്ടിൽ താമസിക്കാനായി മണിയുടെ സഹോദരൻ അയ്യപ്പൻ്റെയും ഭാര്യയുടെയും ബന്ധുക്കളുടെയും കൂടെ കാട് വിട്ടിറങ്ങിയത്. നടക്കാൻ കഴിയാത്ത മീനാക്ഷിയെ അയ്യപ്പൻ രണ്ട് കിലോമീറ്ററോളം ദൂരം കുട്ടയിൽ ചുമന്നാണ് വാഹനമെത്തുന്ന കണ്ണികൈയ്യിലെത്തിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്ക് ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

ഒരാൾക്ക് മാത്രം നടന്ന് വരാൻ കഴിയുന്ന ഇടവഴിയിൽ മീനാക്ഷിയുമായി വരുന്ന അയ്യപ്പനായി ഒപ്പമുള്ളവർ കാടുവെട്ടി വഴിയൊരുക്കി നൽകിയതും, പൂച്ചപ്പാറയിൽ നിന്ന് ഇവരെ യാത്രയാക്കാനെത്തിയവരുടെ സ്നേഹ പ്രകടനങ്ങളും കണ്ടുനിന്നവരിലും സങ്കടം ജനിപ്പിച്ചു. ടാക്‌സി വാഹനത്തിൽ വനം വകുപ്പിൻ്റെ അകമ്പടിയോടെ കഴിഞ്ഞ ദിവസം രാത്രിയാണ് ചെറുപുഴയിലെ നെടുങ്കയം വനം സ്‌റ്റേഷന് സമീപം ഇവരെത്തിയത്. ഇവിടെ തന്നെയുള്ള ക്വാർട്ടേഴ്‌സിൽ ഇവർക്ക് താത്‌കാലികമായി താമസിക്കാൻ വനം വകുപ്പ് സൗകര്യവുമൊരുക്കിയിട്ടുണ്ട്.

മലയിൽ നിന്ന് നാട്ടിലേക്കുള്ള യാത്രയിൽ മുന്നിൽ പ്രത്യക്ഷപ്പെട്ട കാട്ടുകൊമ്പൻ പോലും അച്‌ഛൻ നഷ്‌ടപ്പെട്ട കുടുംബത്തിന് വഴികാട്ടാൻ മുന്നിൽ നടന്നു. ആനയെ നിത്യവും കാണാറുള്ളതിനാൽ അധികം ഭയമില്ലായിരുന്നു. മണി കൊല്ലപ്പെട്ട ശേഷം ആദ്യമായാണ് ആനയെ കാണുന്നത്. അതിനാൽ കണ്ടപ്പാടെ പേടിച്ച് പോയെന്നും എന്നാൽ തങ്ങളെ ഒന്നും ചെയ്യാതെ കുറേ ദൂരം മുന്നിൽ നടക്കുകയും പിന്നെ വഴിയിൽ മാറി നിൽക്കുകയും ചെയ്‌തുവെന്ന് മാതി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്ക് ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

മീനാക്ഷിക്ക് ചികിത്സ ലഭ്യമാക്കുന്നതിനും മണിയുടെ ഭാര്യയ്ക്ക്‌ ജോലിക്ക് പോകുന്നതിനും വേണ്ടിയാണ് ഇവർ കരുളായിയിലേക്ക് താമസം മാറ്റിയത്. മാതി സർക്കാർ നൽകിയ ജോലിയിൽ പ്രവേശിച്ചു. ഇവർക്ക് വേണ്ട സഹായത്തിനായി വനം വകുപ്പും ഐടിഡിപിയും മഹിള സമഖ്യ സൊസൈറ്റിയും ഒപ്പമുണ്ട്. മക്കളായ മീര മനു മീന എന്നിവരെ അടുത്ത ദിവസം തന്നെ സ്‌കൂളിലെൽ ചേർക്കുമെന്ന് മഹിള സമഖ്യ സേവിനി അജിത മണി പറഞ്ഞു.

മണിയുടെ ഭാര്യയ്‌ക്ക് വനംവകുപ്പില്‍ താല്‍ക്കാലിക ജോലി നല്‍കിയിട്ടുണ്ടെന്ന് ഡിഎഫ്‌ഒ ആശ്വിന്‍ കുമാര്‍ പറഞ്ഞു. മണിയുടെ മൂത്തമകളുടെ ചികിത്സാ സഹായം ഒരുക്കിയിട്ടുണ്ട്. കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങള്‍ക്ക് ട്രൈബല്‍ ഡിപാര്‍ട്‌മെന്‍റുമായി ബന്ധപ്പെട്ട് തുടര്‍ നടപടികള്‍ സ്വീകരിച്ചു. മണിയുടെ സഹോദരന് വാച്ചറായി താല്‍ക്കാലിക ജോലി നല്‍കിയിട്ടുണ്ട്. സന്നദ്ധ സംഘടനകളുമായി ബന്ധപ്പെട്ട് ഇവരുടെ പുനരധിവാസത്തിനായി കൂടുതല്‍ സഹായം ഒരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Also Read:മതിക്കുന്ന് വേല എഴുന്നള്ളിപ്പിന് എത്തിച്ച ആന ഇടഞ്ഞു

ABOUT THE AUTHOR

...view details