തിരുവനന്തപുരം: വിജിലന്‍സ് ഡയറക്‌ടര്‍ സ്ഥാനത്ത് നിന്ന് അടുത്തമാസം സ്വയം വിരമിക്കുന്ന ടി കെ വിനോദ് കുമാറിന് പകരം പുതിയ വിജിലന്‍സ് ഡയറക്‌ടര്‍ ആരാകുമെന്ന ചര്‍ച്ചകള്‍ പൊലീസ് തലപ്പത്ത് സജീവമായി. വിരമിക്കാന്‍ ഒരു വര്‍ഷം കൂടി ബാക്കി നില്‍ക്കേയാണ് സംസ്ഥാനത്തെ സീനിയര്‍ ഐഎഎസ് ഉദ്യോഗസ്ഥനായ ടികെ വിനോദ് കുമാറിന്‍റെ സ്വയം വിരമിക്കല്‍ അപേക്ഷയ്ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയത്. ഓഗസ്റ്റ് 11 ന് സര്‍വ്വീസില്‍ നിന്ന് വിരമിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയതോടെ സീനിയര്‍ എഡിജിപിയും ബിവറേജസ് കോര്‍പ്പറേഷന്‍ എംഡിയുമായ യോഗേഷ് ഗുപ്‌തയ്ക്ക് ഡിജിപിയായി സ്ഥാന കയറ്റം ലഭിക്കും.
ഇതോടെ വിജിലന്‍സ് ഡയറക്‌ടര്‍ പദത്തിലേക്ക് നിലവില്‍ ഫയര്‍ഫോഴ്‌സ് മേധാവിയായ പത്മകുമാറിനെയോ പുതുതായി സ്ഥാന കയറ്റം ലഭിക്കുന്ന ബിവറേജസ് എംഡി യോഗേഷ് ഗുപ്‌തയെയോ പരിഗണിച്ചേക്കുമെന്നാണ് സൂചന. സംസ്ഥാനത്ത് നിലവില്‍ നാല് അംഗീകൃത ഡിജിപി തസ്‌തികകളാണുള്ളത്. സംസ്ഥാന പൊലീസ് മേധാവി, വിജിലന്‍സ് ഡയറക്‌ടര്‍, ഫയര്‍ഫോഴ്‌സ് മേധാവി, മനുഷ്യാവകാശ കമ്മിഷന്‍ ഡിജിപി എന്നീ തസ്‌തികകളാണ് അംഗീകൃത ഡിജിപി തസ്‌തികകള്‍.
അതില്‍ വിജിലന്‍സ് ഡയറക്‌ടര്‍ അടുത്തമാസം ഒഴിയുന്നതോടെ ഒരു ഡിജിപി തസ്‌തികയിലേക്ക് ഒഴിവ് വരും. ഈ ഡിജിപി തസ്‌തികയിലേക്കാണ് യോഗേഷ് ഗുപ്‌ത എത്തുന്നത്.