തിരുവനന്തപുരം:സംസ്ഥാന സര്‍ക്കാരിന്‍റെ ക്ഷേമ പെന്‍ഷന്‍ ഉന്നത ഉദ്യോഗസ്ഥരടക്കമുള്ള 1,458 പേര്‍ തട്ടിയെടുത്ത സംഭവത്തില്‍ കര്‍ശന നടപടിക്കൊരുങ്ങി സര്‍ക്കാര്‍. പെന്‍ഷന്‍ കൈപ്പറ്റിയവര്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ ഗൗരവമായി ആലോചിക്കുന്നു. ഇതു സംബന്ധിച്ച് കുറ്റക്കാരെന്ന് കണ്ടെത്തിയവരില്‍ നിന്ന് സര്‍ക്കാര്‍ വിശദീകരണം തേടും. അതിന് ശേഷമാകും തുടര്‍നടപടികളിലേക്ക് കടക്കുക.
മനപൂര്‍വ്വമല്ലാതെ വീഴ്‌ചയാണ് സംഭവിച്ചതെന്ന് കണ്ടെത്തിയാല്‍ നടപടിയുണ്ടാകില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നുണ്ടെങ്കിലും പ്രതിമാസം 1600 രൂപ വീതം സ്വന്തം അക്കൗണ്ടുകളില്‍ കൂടുതലെത്തുമ്പോള്‍ അക്കാര്യം അറിയില്ലെന്ന് കരുതാനാകില്ലെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ പറഞ്ഞു. മാത്രമല്ല, കുടിശിക പെന്‍ഷന്‍ പല തവണ ഒന്നും രണ്ടും മൂന്നും മാസത്തേത് ഒരുമിച്ചു നല്‍കിയിട്ടുണ്ട്. അത്തരം സന്ദര്‍ഭങ്ങളില്‍ അക്കൗണ്ടുകളില്‍ വലിയ വ്യത്യാസം ഉണ്ടാകാമെന്നും അപ്പോള്‍ ഇത് അബദ്ധമാകാനിടയില്ലെന്നും മന്ത്രി പറയുന്നു.
ഇപ്പോള്‍ ഇത്രയും പേര്‍ അനധികൃതമായി പെന്‍ഷന്‍ പറ്റിയതായി കണ്ടെത്തിയ പശ്ചാത്തലത്തില്‍ എല്ലാ വകുപ്പുകളിലും ഇതുസംബന്ധിച്ച വിശദമായ പരിശോധന നടത്താന്‍ ധനവകുപ്പ് ആലോചിക്കുന്നുണ്ട്. അതേസമയം എല്ലാ വര്‍ഷവും നേരിട്ടെത്തി മസ്‌റ്ററിങ് പൂര്‍ത്തിയാക്കുന്നവര്‍ക്കാണ് ക്ഷേമ പെന്‍ഷന്‍ നല്‍കുന്നതെന്നിരിക്കെ എങ്ങനെ ഇത്രയും നാള്‍ ഇവര്‍ക്ക് പെന്‍ഷന്‍ വാങ്ങാനായി എന്നത് സര്‍ക്കാരിനെ കുഴയ്ക്കുന്നുണ്ട്. ഇക്കാര്യത്തില്‍ തദ്ദേശ ഭരണ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കു വീഴ്‌ചയുണ്ടെന്ന് കണ്ടെത്തിയാല്‍ നടപടിയുണ്ടാകുമെന്ന സൂചന സര്‍ക്കാര്‍ നല്‍കി കഴിഞ്ഞു.