പലരെയും അലട്ടുന്ന ഒരു പ്രശ്‌നമാണ് വായ്‌നാറ്റം അഥവാ ഹാലിറ്റോസിസ്. വായിൽ ശുചിത്വമില്ലായ്‌മ, നിർജ്ജലീകരണം, ആരോഗ്യ സ്ഥിതികൾ, മദ്യപാനം എന്നിവയെല്ലാം വായ്‌നാറ്റത്തിന് കാരണമാകുന്ന ഘടകങ്ങളാണ്. വായ്‌നാറ്റം കുറയ്ക്കാനോ ഇല്ലാതാക്കാനോ വേണ്ടി എന്തൊക്കെ കാര്യങ്ങൾ ചെയ്യാമെന്ന് നോക്കാം.
വായ വൃത്തിയായി സൂക്ഷിക്കുക
വായ്‌നാറ്റം അകറ്റാൻ ഏറ്റവും പ്രധാനമായി ചെയ്യേണ്ട കാര്യം വായ ശുചിയായി സൂക്ഷിക്കുക എന്നതാണ്. അതിനായി ദിവസന രാവിലെയും രാത്രിയും ബ്രഷ് ചെയ്യുക. വായ് നാറ്റത്തിന് കാരണമാകുന്ന ബാക്‌ടീരിയകളെ നീക്കം ചെയ്യാൻ ഇത് സഹായിക്കും. പല്ലിനോടൊപ്പം നാവും വൃത്തിയാക്കാൻ ശ്രദ്ധിക്കുക. 3 മാസം കൂടുമ്പോൾ ടൂത്ത് ബ്രഷ് മാറ്റാൻ പ്രത്യേകം ശ്രദ്ധിക്കണം.
ജലാംശം
ശരീരത്തിൽ ജലാംശം കുറയുമ്പോൾ നിർജ്ജലീകരണം സംഭവിക്കും. ഇത് വായ വരണ്ടതാകാനും വായ്‌നാറ്റം ഉണ്ടാകാനും ഇടയാക്കും. മതിയായ ജലാംശം ഉമിനീർ ഉത്പാദനത്തെ ഉത്തേജിപ്പിക്കുമെന്ന് ജേണൽ ഓഫ് ക്ലിനിക്കൽ പെരിയോഡോൻ്റോളജിയിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു. ഇത് വായ വൃത്തിയായി സൂക്ഷിക്കാനും വായ്‌നാറ്റം ഇല്ലാതാക്കാനും സഹായിക്കും.
ച്യൂയിങ് ഗം
പഞ്ചസാര രഹിതമായ ച്യൂയിങ് ഗം ഉമിനീർ ഒഴുക്ക് വർധിപ്പിക്കുകയും വായിലെ ബാക്‌ടീരിയകളെ നീക്കം ചെയ്യാൻ സഹായിക്കുകയും ചെയ്യും. സൈലിറ്റോൾ അടങ്ങിയ ച്യൂയിങ് ഗം ഉപയോഗിക്കുന്നത് വായ്‌നാറ്റത്തിന് കാരണമാകുന്ന ബാക്‌ടീരിയകളെ കുറയ്ക്കാൻ സഹായിക്കുമെന്ന് ചില പഠനങ്ങളിൽ പറയുന്നു.
ആരോഗ്യകരമായ ഭക്ഷണക്രമം
വായയുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് ഡയറ്റിൽ പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തുക. ആപ്പിൾ, കാരറ്റ് പോലുള്ളവ പല്ലുകളെ സ്വാഭാവികമായി വൃത്തിയാക്കാനും വായയുടെ ആരോഗ്യം പ്രോത്സാഹിപ്പിക്കാനും സഹായിക്കും. വായ്‌നാറ്റത്തിന് കരണമാകുന്ന സൾഫർ സംയുക്തങ്ങൾ അടങ്ങിയ വെളുത്തുള്ളി, ഉള്ളി എന്നിവ കഴിക്കുന്നത് ഒഴിവാക്കുന്നതും വായ്‌നാറ്റം കുറയ്ക്കാൻ ഗുണം ചെയ്യും.
പതിവ് ദന്ത പരിശോധനകൾ
മോണരോഗങ്ങൾ, പല്ലിലെ ദ്വാരങ്ങൾ, വായിലെ അണുബാധകൾ തുടങ്ങിയവ വായ്‌നാറ്റത്തിന് കാരണമാകുന്ന ഘടകങ്ങളാണ്. അതിനാൽ ഓരോ ആറ് മാസം കൂടുമ്പോഴോ വർഷത്തിൽ ഒരിക്കലോ പതിവായി ദന്ത പരിശോധനകൾ നടത്തുക. ഇത് വായിലെ പ്രശ്‌നങ്ങൾ തടയാനും നേരത്തെ തിരിച്ചറിയാനും സഹായിക്കും.
പ്രോബയോട്ടിക്‌സ്
പ്രോബയോട്ടിക്‌സ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക. ഇത് വായിലെയും കുടലിലെയും നല്ല ബാക്‌ടീരിയകളെ വർധിപ്പിക്കുകയും ദുർഗന്ധത്തിന് കാരണമാകുന്ന ബാക്‌ടീരിയകളുടെ എണ്ണം കുറയ്ക്കാനും സഹായിക്കും. പ്രോബയോട്ടിക് സപ്ലിമെൻ്റുകൾ വായിലെ നല്ല ബാക്‌ടീരിയകളുടെ വളർച്ചയെ പിന്തുണയ്ക്കുകയും വായ്‌നാറ്റം ഇല്ലാതാക്കുകയും ചെയ്യുമെന്ന് ഓറൽ മൈക്രോബയോളജി ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനം കണ്ടെത്തി.
ഗ്രാമ്പൂ, ഏലയ്ക്ക
ഭക്ഷണം കഴിച്ചതിന് ശേഷം ഗ്രാമ്പൂ, ഏലക്ക എന്നിവ ചവക്കുന്നത് വായ്‌നാറ്റം ഇല്ലാതാക്കാൻ ഗുണം ചെയ്യും.
മൗത്ത് വാഷ് ഉപയോഗിക്കുക
വായിൽ ദുർഗന്ധം ഉണ്ടാക്കുന്ന ബാക്‌ടീരിയകളെ നശിപ്പിക്കാനും വായ്‌നാറ്റം കുറയ്ക്കാനും മൗത്ത് വാഷിന്‍റെ ഉപയോഗം ഗുണം ചെയ്യും. ക്ലോർഹെക്‌സിഡിൻ അല്ലെങ്കിൽ സെറ്റിൽപിരിഡിനിയം ക്ലോറൈഡ് എന്നിവ അടങ്ങിയതും ആൽക്കഹോൾ രഹിതവുമായ മൗത്ത് വാഷ് തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. ആൽക്കഹോൾ അടങ്ങിയ മൗത്ത് വാഷുകൾ വായ്‌നാറ്റം വർധിപ്പിക്കാൻ ഇടയാക്കും.
പുകവലി ഉപേക്ഷിക്കുക
പുകലവിയും വായ്‌നാറ്റത്തിന് കാരണമാകുന്ന ഒന്നാണ്. പുകവലിക്കുന്ന ആളുകളിൽ മോണരോഗവും വായ വരണ്ടതാകാനുമുള്ള സാധ്യത കൂടുതലാണ്. ഇത് വായ്‌നാറ്റത്തിലേക്ക് നയിക്കും. അതിനാൽ പുകവലി ഉപേക്ഷിക്കുകയോ കുറയ്ക്കുകയോ ചെയ്യാം.
ശ്രദ്ധിക്കുക: ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു വിദഗ്‌ധന്‍റെ നിർദേശം തേടേണ്ടതാണ്.
Also Read :
1. പല്ല് സ്ഥിരമായി തേക്കാത്തവരാണോ ? സ്ട്രോക്ക് സാധ്യത വർധിക്കും
2. ഈ 7 കാര്യങ്ങള്‍ ശ്രദ്ധിച്ചാൽ പല്ലുകളെ ആരോഗ്യത്തോടെ നിലനിർത്താം