തിരുവനന്തപുരം: രോഗശയ്യയിലുള്ള വി എസ് അച്ചുതാനന്ദനെ വീട്ടിലെത്തി സന്ദർശിച്ചു ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. ഇന്ന് രാവിലെ 10 മണിയോടെയാണ് തിരുവനന്തപുരം, ലോ കോളജ് ജങ്ഷന് സമീപമുള്ള വി എസ് അച്ചുതാനന്ദന്‍റെ വീട്ടിലെത്തി ഗവർണർ സന്ദർശിച്ചത്. അദ്ദേഹത്തിന്‍റെ ആരോഗ്യ നില വിലയിരുത്താനാണ് വീട്ടിലെത്തിയത്.
കോളജ് പഠനകാലം മുതൽ അദ്ദേഹത്തെ കുറിച്ചു ധാരാളമായി കേട്ടിട്ടുണ്ട്. മാതൃകാപരമായ പൊതുജീവിതം നയിച്ചയാളാണ് അദ്ദേഹം. ഗവർണറായി എത്തിയപ്പോൾ മുതൽ അദ്ദേഹത്തെ കാണണമെന്ന് കരുതുന്നു. അദ്ദേഹത്തിന്‍റെ കുടുംബത്തെയും കണ്ടു. രോഗശയ്യയിലായതിനാൽ അദ്ദേഹത്തിന് സംസാരിക്കാൻ കഴിഞ്ഞില്ല.
അദ്ദേഹത്തെ ഒന്ന് നേരിട്ട് കാണണമെന്ന് ഏറെ നാളത്തെ ആഗ്രഹമാണ്. അദ്ദേഹത്തിന്‍റെ ആരോഗ്യത്തിന് വേണ്ടി പ്രാർഥിക്കുന്നുവെന്നും ഗവർണർ പറഞ്ഞു. യുജിസി ചട്ട ഭേദഗതിക്കെതിരെ സംസ്ഥാന നിയമസഭ ഐക്യകണ്‌ഠമായി പ്രമേയം പാസാക്കിയ സംഭവത്തിൽ ജനാധിപത്യത്തിൽ ആർക്കും എന്തിനുമുള്ള അവകാശമുണ്ടെന്നായിരുന്നു ഗവർണറുടെ പ്രതികരണം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഇപ്പോഴും യുജിസി ചട്ടം ഭേദഗതി ബില്ല് മാത്രമാണ്. അഭിപ്രായ പ്രകടനത്തിനുള്ള സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ടെന്നായിരുന്നു ഗവർണറുടെ പ്രതികരണം. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയും ഭാര്യ കമലയും രാജ്ഭവനിലെത്തി കണ്ടതിൽ ഏറെ സന്തോഷമുണ്ടെന്നും ഗവർണർ പ്രതികരിച്ചു.
അദ്ദേഹവുമായി കാഴ്‌ചപ്പാടുകളും സന്തോഷങ്ങളും പങ്കുവച്ചു. കാലാവസ്ഥയെക്കുറിച്ചും സംസാരിച്ചുവെന്നും വി എസ് അച്ചുതാനന്ദനെ കണ്ട ശേഷം ഗവർണർ രാജേന്ദ്രൻ വിശ്വനാഥ് ആർലേക്കർ മാധ്യമങ്ങളോട് പറഞ്ഞു.
Also Read:രാജ്യതലസ്ഥാനത്ത് തെരഞ്ഞെടുപ്പ് 'യുദ്ധം'; ആര് വാഴും, ആര് വീഴും? അറിയാം വിശദമായി