എറണാകുളം: പെരുമ്പാവൂരിൽ വൻ ലഹരി വേട്ട. അഞ്ഞൂറ് ചാക്കിലേറെ നിരോധിത പുകയില ഉത്‌പന്നങ്ങൾ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് പൊന്നാനി സ്വദേശി കമറുദീനെ (54) പൊലീസ് അറസ്‌റ്റ് ചെയ്‌തു. പിടികൂടിയ നിരോധിത പുകയില ഉത്‌പന്നങ്ങൾക്ക് മൂന്ന് കോടിയോളം രൂപ വിലവരുമെന്ന് പൊലീസ് അറിയിച്ചു.
തടികൾ സൂക്ഷിച്ച ഗോഡൗണിൽ ചാക്കിൽ അട്ടിയിട്ട നിലയിലാണ് ലഹരി വസ്‌തുക്കൾ സൂക്ഷിച്ചിരുന്നത്. കുറച്ചുനാളുകളായി ഈ ഗോഡൗൺ അന്വേഷണ സംഘത്തിന്‍റെ നിരീക്ഷണത്തിലായിരുന്നു. വിദേശരാജ്യങ്ങളിൽ വിൽക്കുന്ന സിഗരറ്റുകൾ, കശ്‌മീരിലും കേന്ദ്രഭരണ പ്രദേശങ്ങളിലും മാത്രം വിൽക്കുന്ന സിഗരറ്റുകൾ, ഹാൻസ്, പാൻപരാഗ്, മറ്റ് നിരോധിത പുകയില ഉത്‌പന്നങ്ങൾ അടക്കമുള്ള വസ്‌തുക്കളാണ് ചാക്കിലുണ്ടായിരുന്നത്.
ബെംഗളൂരുവിൽ നിന്നും ലോറിയിൽ പുകയില ഉത്‌പന്നങ്ങൾ ഗോഡൗണിൽ എത്തിച്ച് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്കും, ഇതര സംസ്ഥാനങ്ങളിലേക്കും ഏജൻ്റുമാർ വഴി വിൽപന നടത്തി വരികയായിരുന്നു. കമറുദീനാണ് ഗോഡൗൺ നടത്തിയിരുന്നത്. ഇയാൾ ആലുവ ചാലക്കൽ ഭാഗത്ത് വാടകയ്ക്ക് വീടെടുത്ത് താമസിച്ചു വരികയായിരുന്നു. സഹായികളായി ഇതര സംസ്ഥാന തൊഴിലാളികളും ഉണ്ടായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കമറുദീൻ വാടകയ്‌ക്ക് താമസിച്ചിരുന്ന വീട്ടിൽ നിന്ന് പണം എണ്ണുന്ന മെഷീനും 1,12,000 രൂപയും പൊലീസ് കണ്ടെടുത്തു. സംസ്ഥാനത്ത് സമീപകാലത്ത് നടന്ന ഏറ്റവും വലിയ ലഹരി വേട്ടയാണിത്. ഓപ്പറേഷൻ ക്ലീനിൻ്റെ ഭാഗമായി ജില്ലയിൽ പരിശോധന തുടരുകയാണ്. പദ്ധതിയുടെ ഭാഗമായി നടന്ന റെയ്‌ഡിൽ കഴിഞ്ഞയാഴ്‌ച രണ്ട് ബംഗ്ലാദേശികളെ പിടികൂടിയിരുന്നു. ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേനയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.