ഇടുക്കി : ഇടുക്കിയിൽ ഏഴ് വർഷം മുൻപ് നിർമാണം തുടങ്ങിയ സത്രം എയർസ്ട്രിപ്പ് ഇതുവരെയും പ്രവർത്തനമാരംഭിച്ചില്ല. വനം വകുപ്പിൻ്റെ എതിർപ്പാണ് പദ്ധതി പ്രാവർത്തികമാകുന്നതിലെ തടസമെന്ന് പീരുമേട് എംഎൽഎ വാഴൂർ സോമൻ ആരോപിച്ചു.
എൻസിസി കേഡറ്റുകളുടെ പരിശീലനത്തിനായി 2017ലാണ് ഇടുക്കി വണ്ടിപ്പെരിയാർ സത്രത്തിൽ 12 ഏക്കർ സ്ഥലത്ത് 12 കോടി മുതൽ മുടക്കിൽ എയർസ്ട്രിപ്പ് നിർമിച്ചത്. പൊതുമരാമത്ത് വകുപ്പിൻ്റെ പണികള്‍ തൊണ്ണൂറ് ശതമാനം പൂർത്തിയായി. മണ്ണിടിഞ്ഞ ഭാഗം പുനർനിർമിക്കാൻ ആറ് കോടി മുപ്പത് ലക്ഷം രൂപയും അനുവദിച്ചു. എന്നാൽ എയർസ്‌ട്രിപ്പിലേക്കുള്ള 400 മീറ്റർ പാതയിൽ വനംവകുപ്പ് അവകാശവാദമുന്നയിച്ചതോടെയാണ് തർക്കമായത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇടുക്കിയിലും പമ്പ, ശബരിമല എന്നിവിടങ്ങളിലും അടിയന്തര സാഹചര്യമുണ്ടായാൽ ചെറുവിമാനങ്ങളും ഹെലികോപ്‌ടറും സത്രം എയർസ്ട്രിപ്പിൽ ലാൻഡ് ചെയ്യാമെന്ന് വ്യോമസേന സ്ഥിരീകരിച്ചിരുന്നു. ഇതിൻ്റെ പശ്ചാത്തലത്തിൽ ശബരിമല തീർഥാടനകാലത്ത് ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട് എയർസ്‌ട്രിപ്പ് സജ്ജമാക്കാൻ ജില്ലാ കലക്‌ടർ എൻസിസി അഡിഷണൽ ഡയറക്‌ടർ ജനറലിന് കത്ത് നൽകുകയും ചെയ്‌തു.
ഇക്കാര്യം പ്രിൻസിപ്പൽ ചീഫ് ഫോറലസ്റ്റ് കൺസർവേറ്ററെ എൻസിസിയും രേഖാമൂലം അറിയിച്ചു. എന്നാൽ അടിയന്തര പ്രാധാന്യമുള്ള കത്തിൽ തുടർ നടപടികളുണ്ടായില്ല. എയർസ്‌ട്രിപ്പ് അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ വിവിധ വകുപ്പുകളിലെ മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും യോഗം ചേർന്നിരുന്നു. എന്നാൽ ഈ യോഗത്തിലെ തീരുമാനവും നടപ്പാക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥർ തടസം നിൽക്കുന്നതായി വാഴൂർ സോമൻ എംഎൽഎ ആരോപിച്ചു.