കാസർകോട് : തൃക്കരിപ്പൂർ മാടാക്കാലിൽ ഗർഭിണിയെ വീട് കയറി ആക്രമിച്ചതായി പരാതി. രണ്ട് മാസം ഗർഭിണിയായ മാടാക്കാൽ സ്വദേശി അലീനയേയും ഭർത്താവിനെയുമാണ് ബന്ധുവായ നൗഫൽ ആക്രമിച്ചത്. പൊലീസിൽ പരാതി നൽകിയിട്ടും നടപടിയെടുത്തില്ലെന്നാണ് ആക്രമണത്തിനിരയായ കുടുംബത്തിൻ്റെ ആരോപണം.
സംഭവത്തിൽ ചന്തേര പൊലീസിനെതിരെ പരാതിയുമായി കുടുംബം രംഗത്തെത്തി. കഴിഞ്ഞ ഞായാറാഴ്ച്ചയായിരുന്നു സംഭവം. കുടുംബ വഴക്കിനെ തുടർന്ന് യുവതിയേയും ഭർത്താവിനെയും ബന്ധു നൗഫൽ ആക്രമിക്കുകയായിരുന്നു. ഷൂ കൊണ്ടുള്ള പ്രഹരത്തിൽ അടിവയറിന് പരിക്കേറ്റതിനെ തുടർന്ന് രണ്ട് ദിവസം പരിയാരം മെഡിക്കൽ കോളജിൽ ചികിത്സ തേടിയിരുന്നതായി യുവതി പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
യുവാവിൻ്റെ അതിക്രമണത്തിൽ വീടിനും കേടുപാടുകളുണ്ട്. ഗർഭിണിയായ യുവതിയെ ആക്രമിച്ചിട്ടും പ്രതിക്കെതിരെ ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തി പ്രതിയെ സംരക്ഷിക്കാൻ ശ്രമിക്കുന്നുവെന്നും യുവതിയും കുടുംബവും പറഞ്ഞു. ഇതിന് മുൻപും നൗഫൽ മദ്യപിച്ച് വീട് കയറി ആക്രമണം നടത്തിയിട്ടുണ്ട്. ജാമ്യത്തിലിറങ്ങിയ നൗഫൽ വധഭീഷണി മുഴക്കിയിട്ടും പൊലീസ് നടപടി എടുക്കുന്നില്ലെന്നും കുടുംബം ആരോപിച്ചു.