കേരളം

kerala

ETV Bharat / state

പ്രതീക്ഷയുടെ പുതിയ തുടക്കം; ശ്രുതി ഇനി റവന്യൂ വകുപ്പിൽ ക്ലർക്ക്, എല്‍ഡിഎഫ് സര്‍ക്കാര്‍ ദുരന്തബാധിതര്‍ക്കൊപ്പമെന്ന് മുഖ്യമന്ത്രി - SHRUTI IS NOW CLERK IN WAYANAD

എല്ലാവരോടും നന്ദിയുണ്ടെന്ന് ശ്രുതി പറഞ്ഞു. ഇന്ന് രാവിലെ 11 മണിയോടെയാണ് വയനാട് കലക്‌ടറേറ്റിലെത്തി ശ്രുതി ജോലിയിൽ പ്രവേശിച്ചത്.

WAYANAD LANDSLIDE VICTIM SHRUTI  ശ്രുതി ജോലിയിൽ പ്രവേശിച്ചു  REVENUE DEPARTMENT  WAYANAD COLLECTORATE
Shruti Is Now A Clerk In Revenue Department (ETV Bharat)

By ETV Bharat Kerala Team

Published : Dec 9, 2024, 3:52 PM IST

വയനാട്: മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടലിൽ ഉറ്റവരെയും അപകടത്തിൽ പ്രതിശ്രുത വരനെയും നഷ്‌ടപ്പെട്ട ശ്രുതി ജോലിയിൽ പ്രവേശിച്ചു. റവന്യൂ വകുപ്പിലെ പിജി സെല്ലിലെ ക്ലർക്കായാണ് ശ്രുതിക്ക് നിയമനം. ഇന്ന് (ഡിസംബർ 9) രാവിലെ 11 മണിയോടെയാണ് വയനാട് കലക്‌ടറേറ്റിലെത്തി ശ്രുതി ജോലിയിൽ പ്രവേശിച്ചത്. റവന്യൂ വകുപ്പിലെ തപാൽ വിഭാഗത്തിലായിരിക്കും ശ്രുതി ജോലി ചെയ്യുക.

സർക്കാർ ജോലിയുടെ മാനദണ്ഡങ്ങൾ പൂ‍ർത്തിയാക്കിയ ശ്രുതി ഒപ്പം നിന്ന എല്ലാവർക്കും നന്ദിയുണ്ടെന്ന് പ്രതികരിച്ചു. ശ്രുതിയുടെ താത്‌പര്യം കണക്കിലെടുത്താണ് വയനാട് കലക്‌ടറേറ്റിൽ നിയമനം നൽകിയത്. നിലവിൽ ചെയ്‌തിരുന്ന ജോലി തുടരാൻ കഴിയാത്ത സാഹചര്യത്തിൽ സർക്കാർ ജോലി ശ്രുതി ആഗ്രഹിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ശ്രുതിക്ക് ജോലി നൽകുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചത്.

ശ്രുതി ഇനി റവന്യൂ വകുപ്പിൽ ക്ലർക്ക് (ETV Bharat)

ജീവിതത്തിന് കൈത്താങ്ങായതിൽ സന്തോഷമുണ്ട്. ഓരോരുത്തരെയും എടുത്തുപറയേണ്ട കാര്യമില്ല. എല്ലാവരും ഒരുപോലെ സഹായിച്ചിട്ടുണ്ടെന്ന് ശ്രുതി പറഞ്ഞു. മന്ത്രി കെ രാജൻ അഭിനന്ദനം അറിയിച്ചിരുന്നു. തന്നോട് വിശ്രമം പറഞ്ഞിട്ടുണ്ട്. അധിക ദൂരം നടക്കാൻ പാടില്ലെന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂ, എന്നിരുന്നാലും ജോലിക്ക് വരുമെന്നും ശ്രുതി കൂട്ടിച്ചേർത്തു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ചൂരല്‍മലയിലെ പുതിയ വീടിന്‍റെ ഗൃഹപ്രവേശനം പൂര്‍ത്തിയായി കല്യാണ ഒരുക്കത്തിലേക്ക് കടക്കുമ്പോഴാണ് ഉരുള്‍പൊട്ടലുണ്ടായത്. ആ മഹാദുരന്തത്തിൽ ശ്രുതിക്ക് അച്‌ഛനെയും അമ്മയെയും സഹോദരിയെയും നഷ്‌ടപ്പെട്ടിരുന്നു. കുടംബത്തിലെ ഒമ്പത് പേരാണ് അന്ന് ഒരുമിച്ച് മരണത്തിലേക്ക് ഒഴുകിപ്പോയത്.

പിന്നാലെ വാഹനാപകടത്തില്‍ പ്രതിശ്രുത വരൻ ജെൻസണും മരിച്ചു. അപകടത്തില്‍ രണ്ട് കാലും ഒടിഞ്ഞ ശ്രുതി ഇപ്പോള്‍ കല്‍പ്പറ്റയില്‍ ബന്ധുക്കളോടൊപ്പമാണ് കഴിയുന്നത്. അപകടത്തിലേറ്റ പരിക്കിൽ നിന്ന് പതിയെ കരകയറുകയാണ് ശ്രുതി. മാസങ്ങള്‍ നീളുന്ന വിശ്രമം കൊണ്ട് മാത്രമേ സാധാരണ നിലയിലേക്ക് തിരിച്ചെത്താൻ ശ്രുതിക്കാകൂ.

ശ്രുതിയെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ:ജോലിയിൽ പ്രവേശിച്ച ശ്രുതിയെ മുഖ്യമന്ത്രി അഭിനന്ദിച്ചു. ഫെയ്‌സ്‌ബുക്ക് പോസ്‌റ്റലൂടെയാണ് അദ്ദേഹം അഭിനന്ദനം അറിയിച്ചത്. ദുരന്തബാധിതരെ ചേർത്ത് നിർത്തി പ്രതീക്ഷയുടെ നാളെയിലേക്ക് കൈപിടിച്ചുയർത്താൻ പ്രതിജ്ഞാബദ്ധമാണ് എൽഡിഎഫ് സർക്കാരാണെന്ന് അദ്ദേഹം പോസ്‌റ്റിൽ കുറിച്ചു.

സമഗ്രമായ പിന്തുണാ സംവിധാനങ്ങൾ ഇതിനായി ഒരുക്കുമെന്നത് ഈ സർക്കാർ നൽകുന്ന വെറും വാഗ്‌ദാനമല്ല, മറിച്ച് ആ മനുഷ്യർക്ക് നൽകുന്ന കരുത്തുറ്റ ഉറപ്പാണ്. ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഉറ്റവരെ നഷ്‌ടപ്പെട്ട ശ്രുതി ഇന്ന് റവന്യൂ വകുപ്പിൽ ഉദ്യോഗസ്ഥയായി പ്രവേശിച്ചിരിക്കുന്നു. ക്ലര്‍ക്ക് തസ്‌തികയിൽ ചുമതലയേറ്റതോടെ ശ്രുതിക്ക് നിയമനം നല്‍കാനുള്ള സര്‍ക്കാര്‍ ഉത്തരവ് യാഥാർത്ഥ്യമായിരിക്കുകയാണെന്നും പോസ്‌റ്റിൽ പറയുന്നു.

ശ്രുതി ഒരിടത്തും ഒറ്റപ്പെട്ടുപോകില്ലെന്ന് അന്നേ സർക്കാർ ഉറപ്പു നൽകിയതാണ്. ഇന്ന് ശ്രുതി ജോലിയിൽ പ്രവേശിച്ചതോടെ ആ ഉറപ്പ് പാലിക്കപ്പെട്ടിരിക്കുന്നു. ചേർത്തുനിർത്തലിന്‍റെ ഇത്തരം മാതൃകകളാണ് കൂടുതൽ കരുത്തോടെ മുന്നോട്ടുപോകാൻ നമുക്ക് പ്രേരകമാവുന്നത്. ഇവിടെയാരും ഒറ്റപ്പെട്ടുപോകില്ലെന്നത് ഈ സർക്കാരിന്‍റെയും നാടിന്‍റെയും ഉറപ്പാണെന്നും, അത് പാലിക്കപ്പെടുക തന്നെ ചെയ്യുമെന്നും മുഖ്യമന്ത്രി ഫെയ്‌സ്‌ബുക്കിൽ കുറിച്ചു.

Also Read:താലി ചാര്‍ത്തേണ്ട വേദിയില്‍ പ്രാണനായിരുന്നവന്‍ കൂടെയില്ലാതെ ശ്രുതി; ചേര്‍ത്ത് പിടിച്ച് മമ്മൂട്ടി

ABOUT THE AUTHOR

...view details