ETV Bharat Kerala

കേരളം

kerala

KALOLSAVAM-2025

ETV Bharat / state

വയനാട് പുനരധിവാസ ധനസഹായം: 'കേന്ദ്രം കേരളത്തെ അവഗണിക്കുന്നു', കണക്കുകള്‍ നിരത്തി രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി - KERALA CM CRITICIZES CENTRE

വിശദമായ പഠന റിപ്പോര്‍ട്ട് നല്‍കാന്‍ കേരളം വൈകിയത് കൊണ്ടാണ് പ്രത്യേക സാമ്പത്തിക സഹായ പാക്കേജ് പ്രഖ്യാപിക്കാത്തത് എന്ന കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പ്രസ്‌താവന തീർത്തും വസ്‌തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി.

PINARAYI VIJAYAN  WAYANAD LANDSLIDE REHABILITATION  KERALA CM CRITICIZES CENTRE  പിണറായി വിജയൻ
CM Pinarayi Vijayan (Facebook, Pinarayi Vijayan)
author img

By ETV Bharat Kerala Team

Published : Dec 9, 2024, 7:03 PM IST

തിരുവനന്തപുരം: മുണ്ടക്കൈ, ചൂരല്‍മല ദുരന്തം വിവാദ വിഷയമാക്കി സ്വന്തം ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടാനുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ ശ്രമം ഖേദകരമാണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിശദമായ പഠന റിപ്പോര്‍ട്ട് നല്‍കാന്‍ കേരളം വൈകിയത് കൊണ്ടാണ് പ്രത്യേക സാമ്പത്തിക സഹായ പാക്കേജ് പ്രഖ്യാപിക്കാത്തത് എന്ന കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പ്രസ്‌താവന തീർത്തും വസ്‌തുതാ വിരുദ്ധമാണ്. അതില്‍ കേരളത്തിന്‍റെ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജൂലൈ 30 ന് പുലര്‍ച്ചെയാണ് വയനാട് മേപ്പാടി പഞ്ചായത്തില്‍ മുണ്ടക്കൈ, ചൂരല്‍മല, അട്ടമല, പുഞ്ചിരിമട്ടം, കുഞ്ഞോം എന്നിവിടങ്ങളില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായത്. രാജ്യത്തെ ഏറ്റവും വലിയ ദുരന്തങ്ങളില്‍ ഒന്നായിരുന്നു അത്. അതുകൊണ്ടാണ് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ കേന്ദ്ര സംഘം വന്ന് സ്ഥിതിഗതികള്‍ വിലയിരുത്തുകയും അവലോകനം നടത്തുകയും ചെയ്‌തത്.

മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങളോട് (ETV Bharat)

കേന്ദ്ര ആഭ്യന്തര മന്ത്രി ആദ്യമായല്ല വയനാട് വിഷയത്തില്‍ പാര്‍ലമെന്‍റിനെയും പൊതു സമൂഹത്തെയും തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നത്. ഇല്ലാത്ത കാലാവസ്ഥാ റിപ്പോര്‍ട്ട് വ്യാജമായി ഉദ്ധരിച്ച് പാര്‍ലമെന്‍റിനെ തെറ്റിദ്ധരിപ്പിക്കാന്‍ മുമ്പ് ശ്രമിച്ചെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. കേന്ദ്രം ഉരുള്‍ പൊട്ടലിനെ പറ്റി കൃത്യമായ മുന്നറിയിപ്പ് നല്‍കിയിരുന്നു, എന്നിട്ട് കേരളം എന്താണ് ചെയ്‌തത് എന്ന ചോദ്യം അമിത് ഷാ നേരത്തെ പാര്‍ലമെന്‍റില്‍ ഉന്നയിച്ചിരുന്നു. അങ്ങനെയൊരു മുന്നറിയിപ്പ് ഉണ്ടായിരുന്നില്ല എന്ന് അപ്പോള്‍ തന്നെ തെളിവ് സഹിതം വ്യക്തമാക്കപ്പെട്ടു, അന്നത്തേതിന്‍റെ ആവര്‍ത്തനമായി വേണം ഇക്കഴിഞ്ഞ ദിവസത്തെ പാര്‍ലമെന്‍റിലെ പ്രസ്‌താവനയെയും കാണാന്‍.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ആഗസ്റ്റ് 10 നാണ് പ്രധാനമന്ത്രി ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചത്. കേന്ദ്ര സംഘത്തിനു മുമ്പാകെയും പ്രധാനമന്ത്രിയുടെ മുമ്പാകെയും ദുരന്തത്തിന്‍റെ പശ്ചാത്തലത്തിലെ കേരളത്തിന്‍റെ ആവശ്യങ്ങള്‍ ആ ഘട്ടത്തില്‍ തന്നെ കൃത്യമായി അവതരിപ്പിച്ചിരുന്നു. ഒട്ടും വൈകാതെ ആഗസ്റ്റ് 17 ന് ദുരന്തത്തില്‍ ഉണ്ടായ നഷ്‌ടവും ദേശീയ ദുരന്ത പ്രതികരണനിധിയുടെ (എന്‍ ഡി ആര്‍ എഫ്) മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി കേരളത്തിന് ആവശ്യപ്പെടാവുന്ന തുകയും ഇനം തിരിച്ച് തയ്യാറാക്കി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് നിവേദനം നല്‍കി.

'മറ്റ് സംസ്ഥാനങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ചപ്പോള്‍ കേരളത്തെ തഴഞ്ഞു'

പ്രതീക്ഷിക്കുന്ന ചെലവുകളും വരാനിരിക്കുന്ന അധിക ചെലവുകളുമടക്കം ഉള്‍പ്പെടുത്തി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 1,202 കോടി രൂപയുടെ പ്രാഥമിക സഹായമാണ് ആവശ്യപ്പെട്ടതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനു ശേഷം നൂറു ദിവസത്തിലധികമായി. മെമ്മോറാണ്ടം സമര്‍പ്പിച്ചിട്ട് മൂന്ന് മാസത്തിലധികമായി. കേന്ദ്ര സംഘം വന്നുപോയിട്ടും മാസങ്ങളായി. ഇതിനിടയില്‍ മറ്റ് പല സംസ്ഥാനങ്ങള്‍ക്കും രേഖാമൂലം ആവശ്യപ്പെടാതെ തന്നെ സഹായം നല്‍കിയിട്ടുണ്ട്. എന്നിട്ടും പ്രത്യേക ധനസഹായമായി ഒരു രൂപ പോലും കേരളത്തിന് ഇതുവരെ ലഭിച്ചിട്ടില്ല.

നേരത്തെ നല്‍കിയ മെമ്മോറാണ്ടത്തിനു പുറമെ പോസ്റ്റ് ഡിസാസ്റ്റര്‍ നീഡ്‌സ് അസസ്മെന്‍റ് (പി ഡി എന്‍ എ) നടത്തി വിശദമായ റിപ്പോര്‍ട്ട് നവംബര്‍ 13 ന് കേന്ദ്ര സര്‍ക്കാരിനു നല്‍കിയിട്ടുണ്ട്. റിക്കവറി ആന്‍ഡ് റീകണ്‍സ്ട്രക്ഷന്‍ എസ്റ്റിമേറ്റായി മേപ്പാടിക്ക് 2,221 കോടി രൂപയും വിലങ്ങാടിന് 98.1 കോടി രൂപയുമാണ് കണക്കാക്കിയിട്ടുള്ളത്.

ഈ റിപ്പോര്‍ട്ട് വൈകിയതുകൊണ്ടാണ് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കാത്തത് എന്ന വിചിത്രവാദമാണ് കേന്ദ്ര ആഭ്യന്തര മന്ത്രി കേരളത്തില്‍ നിന്നുള്ള എംപിമാര്‍ക്കുള്ള മറുപടിയായി പറഞ്ഞിരിക്കുന്നത്. ഇത് ദുരന്തമേഖലയിലെ ജനങ്ങളെ ദ്രോഹിക്കുന്ന നടപടിയാണ്. ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യം, പ്രധാന മന്ത്രി കേരളം സന്ദര്‍ശിച്ച സമയത്ത് പി.ഡി.എന്‍.എ സാമ്പത്തിക സഹായം ലഭിക്കുവാന്‍ ഉള്ള ഔദ്യോഗിക രേഖയായി കണക്കാക്കിയിട്ടില്ല എന്നതാണ്. 14-8-2024ല്‍ റിക്കവറി ആന്‍റ് റീകണ്‍സ്ട്രക്ഷന്‍ ഗൈഡ്ലൈന്‍ നിലവില്‍ വന്ന ശേഷം ആദ്യ പി.ഡി.എന്‍.എ ആണ് കേരളം സമര്‍പ്പിച്ചത്.

ഈ പ്രക്രിയക്ക് ചുരുങ്ങിയത് 3 മാസം ആവശ്യമാണ്. ഇതിനായുള്ള ഏറ്റവും ചുരുങ്ങിയ സമയം മാത്രമാണു കേരളം എടുത്തത്. കേന്ദ്രസര്‍ക്കാരിന്‍റെ പ്രതിനിധികളായി എന്‍ഡിഎംഎ യില്‍ നിന്നുള്ള അംഗങ്ങളും കേരളസര്‍ക്കാരിന്‍റെ പ്രതിനിധികളായി കെഎസ്ഡിഎംഎയില്‍ നിന്നുള്ള പ്രതിനിധികളും മറ്റു വിദഗ്ധരും ചേര്‍ന്ന സംഘമാണ് പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

ദുരന്തത്തിന്‍റെ വസ്തുതാപരമായ പഠനങ്ങള്‍, ഡാറ്റ അനാലിസിസ്, ഭൂപ്രദേശവുമായി ബന്ധപ്പെട്ട മറ്റു പഠനങ്ങള്‍, ദുരിതത്തിന്‍റെ ആഴവും വ്യാപ്തിയും, ആകാശ ദൃശ്യങ്ങള്‍ ഇവയെല്ലാം റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന്‍റെ ഭാഗമായി പഠനവിധേയമാക്കിയിട്ടുണ്ട്. 583 പേജുള്ള വിശദവും സമഗ്രവുമായ പഠന റിപ്പോര്‍ട്ടാണ് സംസ്ഥാനം സമര്‍പ്പിച്ചിട്ടുള്ളത്. ഈയൊരു പ്രക്രിയക്ക് എടുക്കുന്ന സ്വാഭാവികമായ കാലതാമസമാണ് മൂന്നുമാസം.

2023 ഒക്ടോബറില്‍ സിക്കിമിലും 2023 ജനുവരിയില്‍ ഉത്തരാഖണ്ഡിലെ ജോഷിമഠിലും 2023 ജുലൈയില്‍ ഹിമാചല്‍ പ്രദേശിലും ദുരന്തങ്ങള്‍ ഉണ്ടായപ്പോള്‍ ആ സംസ്ഥാനങ്ങള്‍ പിഡിഎന്‍എ തയ്യാറാക്കിയത് ദുരന്തം നടന്ന് 3 മാസങ്ങള്‍ക്ക് ശേഷമാണ്. പിഡിഎന്‍എ തയ്യാറാക്കുവാന്‍ ചുരുങ്ങിയത് 3 മാസം വേണമെന്നത് ഈ സംസ്ഥാനങ്ങളുടെ അനുഭവങ്ങളില്‍ നിന്ന് വ്യക്തമാണ്.

ദുരന്തം ഉണ്ടായ ഉടന്‍ അല്ല ദുരിതാശ്വാസ ഘട്ടം പൂര്‍ത്തീകരിച്ച ശേഷമാണ് പിഡിഎന്‍എ ആരംഭിക്കുന്നത്. ഇത് ദുരന്തനിവാരണത്തിലെ ഏറ്റവും അടിസ്ഥാന ധാരണ തന്നെയാണ്. സമര്‍പ്പിച്ച മെമ്മോറാണ്ട പ്രകാരം അടിയന്തരസഹായം അനുവദിച്ചില്ല എന്നതാണ് കേരളം ഉന്നയിക്കുന്ന പ്രധാന വിഷയം. എന്നാല്‍ ആ ആക്ഷേപത്തെ മറികടക്കുന്നതിനാണ് പിഡിഎന്‍എ സമര്‍പ്പിക്കാന്‍ കേരളം വൈകിയെന്ന വാദം കേന്ദ്ര സര്‍ക്കാര്‍ ഉന്നയിക്കുന്നത്.

പി.ഡി.എന്‍.എ യില്‍ നിന്നും പുനര്‍ നിര്‍മ്മാണ ഫണ്ട് ആണ് കേരളം ആവശ്യപ്പെടുന്നത്. ത്രിപുര, തെലങ്കാന, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ വയനാടിന്‍റെ അത്രയും തീവ്രത ഇല്ലാത്ത ദുരന്തങ്ങള്‍ ഉണ്ടായിട്ടും വളരെ വേഗത്തിലാണ് കേന്ദ്ര സഹായം ലഭ്യമാക്കിയത്.

ഈയിടെ മഴക്കെടുതിയുണ്ടായ ത്രിപുരയ്ക്ക് 40 കോടി രൂപയും പ്രളയമുണ്ടായ ആന്ധ്രപ്രദേശിനും തെലങ്കാനയ്ക്കും 3448 കോടി രൂപയും ദുരന്തം സംഭവിക്കുന്നതിന് മുമ്പ് തന്നെ മുന്‍കരുതലായി ബിഹാറിന് 11500 കോടി രൂപയും സഹായമായി പ്രഖ്യാപിച്ചു. അതേ കേന്ദ്ര സര്‍ക്കാരാണ് കേരളത്തിനോട് ഈ അവഗണന കാണിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ പ്രളയ ദുരന്തം നേരിടാനുള്ള സഹായപദ്ധതികള്‍ പ്രഖ്യാപിച്ചപ്പോള്‍ ബിഹാര്‍, അസം, ഹിമാചല്‍ പ്രദേശ്, സിക്കിം തുടങ്ങിയ സംസ്ഥാനങ്ങളെ മാത്രമാണ് പരിഗണിച്ചത് എന്നതും ഇതിനോട് കൂട്ടി വായിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

'കേന്ദ്രത്തിന് മുന്നില്‍ കേരളം വച്ചത് മൂന്ന് പ്രധാന കാര്യങ്ങള്‍'

കേന്ദ്രത്തിനു സമര്‍പ്പിച്ച നിവേദനത്തില്‍ പ്രധാനമായും മൂന്ന് പ്രധാന കാര്യങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒന്നാമത്തെ ആവശ്യം മേപ്പാടി - ചൂരല്‍മല ഉരുള്‍പൊട്ടലിനെ ദേശീയ ദുരന്ത പ്രതികരണ നിധിയുടെ മാനദണ്ഡം അനുസരിച്ച് തീവ്രസ്വഭാവമുള്ള ദുരന്തം ആയി പ്രഖ്യാപിക്കണം എന്നതായിരുന്നു. ഇത്തരത്തില്‍ പ്രഖ്യാപിച്ചാല്‍ പുനരധിവാസത്തിനായി വിവിധ അന്തര്‍ദേശീയ, ബഹുരാഷ്ട്ര സ്ഥാപനങ്ങളില്‍ നിന്ന് സംസ്ഥാന സര്‍ക്കാരിന് കൂടുതല്‍ തുക കണ്ടെത്താന്‍ ശ്രമിക്കാം. കൂടാതെ ദേശീയ ദുരന്ത പ്രതികരണ നിധിയില്‍ നിന്നും കേരളത്തിനു സഹായം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ ബാധ്യസ്ഥമാവുകയും ചെയ്യും.

രണ്ടാമത്തെ ആവശ്യം ദുരന്തനിവാരണ നിയമത്തിന്‍റെ 13-ാം വകുപ്പു പ്രകാരം ദേശീയ ദുരന്തനിവാരണ അതോറിറ്റിയില്‍ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് ദുരന്തബാധിതരുടെ എല്ലാ കടങ്ങളും എഴുതിത്തള്ളണം എന്നതാണ്. അതിനും ഈ പ്രഖ്യാപനം വഴിയൊരുക്കുമായിരുന്നു.

മൂന്നാമത്തെ ആവശ്യം മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ബാധിത മേഖലയ്ക്കായി ദേശീയ ദുരന്ത പ്രതികരണ നിധിയില്‍ നിന്നും അടിയന്തര സഹായം അനുവദിക്കണം എന്നതാണ്. ഈ മൂന്ന് ആവശ്യങ്ങളില്‍ ഒന്നിനുപോലും കേന്ദ്രം ഇതുവരെ അനുകൂലമായ ഒരു മറുപടി തന്നിട്ടില്ല. മേപ്പാടിയിലെ ദുരന്തത്തെ തീവ്രസ്വഭാവമുള്ള ദുരന്തമായി പ്രഖ്യാപിച്ചിട്ടില്ല. ദേശീയ ദുരന്ത പ്രതികരണ നിധിയില്‍ നിന്ന് അടിയന്തര സഹായം അനുവദിച്ചിട്ടില്ല. ദുരന്തബാധിതരുടെ ലോണുകള്‍ എഴുതിത്തള്ളിയിട്ടുമില്ല.

കേന്ദ്ര സര്‍ക്കാര്‍ ചൂരല്‍മല - മുണ്ടക്കൈ ഉരുള്‍പൊട്ടലിനെ തീവ്രസ്വഭാവമുള്ള ദുരന്തമായി പ്രഖ്യാപിച്ചാല്‍, (എല്‍ 3 കാറ്റഗറി) രാജ്യത്താകെയുള്ള പാര്‍ലമെന്‍റ് അംഗങ്ങള്‍ക്ക് ദുരന്തബാധിത പ്രദേശങ്ങളെ സഹായിക്കാനായി എം പി ലാഡ് ഫണ്ടില്‍ നിന്നും 1 കോടി രൂപ വരെ ലഭ്യമാക്കാന്‍ കഴിയും. മറ്റൊരു കാര്യം കേന്ദ്രം പറയുന്നത്, കേരളത്തിന്‍റെ സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ ഫണ്ടുണ്ട് എന്നാണ്. ധനകാര്യ കമ്മിഷന്‍റെ ശിപാര്‍ശ പ്രകാരം സാധാരണ ഗതിയില്‍ കേരളത്തിന് ലഭിക്കുന്ന ഫണ്ടാണത്. അല്ലാതെ, മേപ്പാടിയിലെ ദുരന്തത്തിന്‍റെ പശ്ചത്താലത്തില്‍ സവിശേഷമായി ലഭിച്ചതല്ല. അത്തരം വലിയ ദുരന്തങ്ങളെ നേരിടാന്‍ പര്യാപ്തമല്ല സാധാരണ നിലയ്ക്കുള്ള ഫണ്ട് വകയിരുത്തല്‍.

എസ് ഡി ആര്‍ എഫ് ഫണ്ടുകള്‍ ഉപയോഗിച്ചാണ് കേരളത്തില്‍ വര്‍ഷാവര്‍ഷം ഉണ്ടാകുന്ന ചെറുതും വലുതും ആയ വിവിധ ദുരന്തങ്ങളുടെ നിവാരണം നടത്തുന്നത്. ഓരോ വര്‍ഷവും ശരാശരി 400 കോടി രൂപയുടെ പ്രവൃത്തികള്‍ ആ നിധിയില്‍ നിന്നും നടത്തിവരുന്നുണ്ട്. മരണങ്ങളും റോഡും വീടും മറ്റും തകരുന്നതും ഉള്‍പ്പെടെ ദുരന്തങ്ങള്‍ മൂലം ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്ക് മാനദണ്ഡങ്ങള്‍ പ്രകാരമുള്ള സഹായം ആ നിധിയില്‍ നിന്നാണ് നല്‍കി വരുന്നത്. കണിശമായ മാനദണ്ഡങ്ങള്‍ പ്രകാരം മാത്രമേ ആ തുക വിനിയോഗിക്കുവാന്‍ കഴിയൂ.

വീട് നഷ്ടപ്പെട്ടാല്‍ എസ് ഡി ആര്‍ എഫിന്‍റെ മാനദണ്ഡങ്ങള്‍ പ്രകാരം ശരാശരി ഒന്നേകാല്‍ ലക്ഷം രൂപ മാത്രമേ ലഭ്യമാക്കാന്‍ കഴിയൂ. നമ്മുടെ സംസ്ഥാനം സി എം ഡി ആര്‍ എഫ് വിഹിതവും ചേര്‍ത്താണ് കുറഞ്ഞത് 4 ലക്ഷം രൂപ ലഭ്യമാക്കുന്നത്. വയനാട് പുനരധിവാസത്തിന് എല്ലാ സൗകര്യങ്ങളുമുള്ള ടൗണ്‍ഷിപ്പ് പണിയാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഒരു വീടിന് 10 ലക്ഷം രൂപയിലധികം ചിലവാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതുകൊണ്ടുതന്നെ എസ് ഡി ആര്‍ എഫിലെ മാനദണ്ഡങ്ങള്‍ പ്രകാരം അത് യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയില്ല. ഈ സാഹചര്യത്തില്‍ കൂടിയാണ് ഈ ദുരന്തത്തെ അതിജീവിക്കാനായി പ്രത്യേക ധനസഹായം ആവശ്യപ്പെടുന്നത്.

'തൊടുന്യായങ്ങള്‍ പറഞ്ഞ് കേന്ദ്രം സഹായം നിഷേധിക്കുന്നു'

പ്രത്യേക സാമ്പത്തിക സഹായം പ്രഖ്യാപിക്കുന്നതിന് തയ്യാറാകാതെ വയനാടിനേയും ദുരന്തബാധിതരേയും കടുത്ത രീതിയില്‍ അവഗണിക്കുന്ന മനോഭാവമാണ് കേന്ദ്രസര്‍ക്കാരിന്‍റേതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. തൊടുന്യായങ്ങള്‍ പറഞ്ഞ് സഹായം നിഷേധിക്കുന്ന സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. അതിന്‍റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് പിഡിഎന്‍ എ റിപ്പോര്‍ട്ട് വൈകിയെന്ന വിചിത്രമായ വാദം. ഇത്തരം സമീപനം അവസാനിപ്പിച്ച് മുണ്ടക്കൈ - ചൂരല്‍മല പ്രദേശത്തെ ദുരന്തബാധിതരായ ജനങ്ങള്‍ക്ക് ആശ്വാസം നല്‍കാനും പുനരധിവാസം വേഗത്തിലാക്കാനുമുള്ള സഹായം ഉടന്‍ അനുവദിക്കണമെന്ന് കേന്ദ്ര ഗവണ്‍മെന്‍റിനോടാവശ്യപ്പെടുകയാണ്.

വയനാട്ടില്‍ എല്ലാം നഷ്ടമായ ആളുകള്‍ക്ക് വേണ്ടിയാണ് സംസ്ഥാന സര്‍ക്കാര്‍ അധിക ധനസഹായം ആവശ്യപ്പെടുന്നത്. ആവശ്യപ്പെടുന്ന കണക്കുകള്‍ ബഹുമാനപ്പെട്ട ഹൈക്കോടതി നിഷ്കര്‍ഷിക്കുന്ന ഫോര്‍മാറ്റില്‍ സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ ഒരുക്കമാണ്. കണക്ക് ഇല്ലാത്തത് കൊണ്ടല്ല, മറിച്ച് ആ നിശ്ചിത മാതൃക തയ്യാറാക്കാന്‍ കുറച്ച് സമയം ആവശ്യമുണ്ട് എന്നതാണ് വിഷയം. ഇത് വാദം നടന്നപ്പോള്‍ തന്നെ കോടതിയെ സര്‍ക്കാര്‍ അഭിഭാഷകര്‍ അറിയിച്ചതാണ്. അപ്പോഴാണ് ദുരന്ത നിവാരണ വകുപ്പിന്‍റെ ഫിനാന്‍സ് ഓഫീസറോട് നേരിട്ട് ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശിച്ചത്.

നേരത്തെ വിശദീകരിച്ചതുപോലെ എസ്ഡിആര്‍എഫ് ഫണ്ട് എന്നത് വയനാടിന് മാത്രം ഉള്ളതല്ല. അത് സംസ്ഥാനത്തെ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളുടെ ആകെ പൊതു ഫണ്ട് ആണ്. ഇതില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ച മാനദണ്ഡങ്ങള്‍ പ്രകാരം മാത്രമേ തുക വിനിയോഗം ചെയ്യാന്‍ സാധിക്കുകയുള്ളൂ. ഇത് വയനാട് ദുരന്തത്തിന്‍റെ കാര്യത്തില്‍ വിനിയോഗിച്ച് കഴിഞ്ഞു. ഇത് തീരെ അപര്യാപ്തമാണ് എന്നതാണ് പ്രധാന പ്രശ്നം. ഇതിനാണ് കൂടുതല്‍ വിനിയോഗ സ്വാതന്ത്ര്യമുള്ള അധിക ധനസഹായം ആവശ്യപ്പെടുന്നത്. എസ്ഡിആര്‍എഫ് തുക കര്‍ശന മാനദണ്ഡങ്ങള്‍ പ്രകാരം മാത്രമേ നല്‍കാന്‍ കഴിയൂ. ഇത് ചെയ്തു കഴിഞ്ഞുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Read Also:വയനാട് പുനരധിവാസം; 'കേന്ദ്രത്തെ പഴിചാരുന്നത് നിര്‍ത്തൂ': സംസ്ഥാന സര്‍ക്കാരിന് കണക്കിന് കൊടുത്ത് ഹൈക്കോടതി

ABOUT THE AUTHOR

...view details