ന്യൂഡല്‍ഹി :ലോക്‌സഭ പ്രതിപക്ഷ നേതാവും വയനാട് മുന്‍ എംപിയുമായി രാഹുല്‍ ഗാന്ധി നാളെ വയനാട്ടിലെ ദുരിത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. ഉച്ചയ്ക്ക് 12.45 ഓടെ വയനാട്ടിലെത്തുന്ന രാഹുല്‍ മേപ്പാടിയിലെ വിവിധയിടങ്ങളിലുള്ള ദുരിതാശ്വാസ ക്യാമ്പുകളില്‍ നേരിട്ട് സന്ദര്‍ശനം നടത്തും. എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും ഒപ്പമുണ്ടാകും.
മേപ്പാടിയിലെ ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, സെന്‍റ് ജോസഫ് യുപി സ്‌കൂള്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളില്‍ ഇരുവരും സന്ദര്‍ശനം നടത്തും. മേപ്പാടിയിലെ ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ളവരെയും ഇരുവരും സന്ദര്‍ശിക്കും.
ഇവിടെയുള്ള ദുരിതബാധിതരുമായി രാഹുല്‍ ചര്‍ച്ചകള്‍ നടത്തും. അവര്‍ക്ക് വേണ്ടുന്ന സഹായങ്ങളെല്ലാം രാഹുല്‍ ഉറപ്പ് നല്‍കും. ഇന്ന് രാഹുലും പ്രിയങ്കയും എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും മോശം കാലാവസ്ഥ മൂലം ലാന്‍ഡിങ് സാധ്യമാകില്ലെന്ന് അധികൃതര്‍ അറിയിച്ചതോടെ സന്ദര്‍ശനം മാറ്റുകയായിരുന്നു.
ഇതിനിടെ ഇന്ന് 98 മൃതദേഹങ്ങള്‍ കൂടി കണ്ടെത്തിയതോടെ വയനാട് ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 249 ആയി. 240 പേരെ കാണാതായിട്ടുണ്ട്. മുന്നൂറിലേറെ വീടുകളാണ് ഇവിടെ ഒലിച്ച് പോയത്. നിരവധി പേര്‍ പരിക്കേറ്റ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുണ്ട്.
കനത്ത മഴ തെരച്ചിലിനെ സാരമായി ബാധിച്ചു. വിവിധയിടങ്ങളില്‍ ഇനിയും ആളുകള്‍ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് വിവരം. കനത്ത മഴയില്‍ താത്കാലിക പാലം വെള്ളത്തിനടിയിലായി. ഇതും ഒഴിപ്പിക്കല്‍ നടപടികളെ സാരമായി ബാധിച്ചു. ഇതിനിടെ ജില്ലയില്‍ വീണ്ടും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഉരുള്‍ പൊട്ടല്‍ ഭീഷണിയുള്ള സ്ഥലങ്ങളില്‍ നിന്ന് ആളുകള്‍ മാറിത്താമസിക്കണമെന്നും ജില്ല ഭരണകൂടം നിര്‍ദേശിച്ചു. ഇതിനിടെ രാത്രി വൈകിയും പ്രതികൂല കാലാവസ്ഥ വകവയ്ക്കാതെ ബെയ്‌ലി പാലത്തിന്‍റെ നിര്‍മാണവുമായി സൈന്യം മുന്നോട്ട് പോകുകയാണ്. 1592 പേരെ ഇതുവരെ രക്ഷപ്പെടുത്തി. വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലായി എണ്ണായിരത്തിലേറെ പേര്‍ ഉണ്ട്.
Also Read: കേന്ദ്രം നൽകിയത് മഴ മുന്നറിയിപ്പ് മാത്രമെന്ന് മുഖ്യമന്ത്രി; അമിത് ഷായുടെ അവകാശവാദം വസ്‌തുതാ വിരുദ്ധം - pinarayi to amit shah on wayanad