കേരളം

kerala

ETV Bharat / state

താമസം സ്‌റ്റാർ ഹോട്ടലുകളിൽ, ദുരന്തനിവാരണ ഫണ്ടിലേക്ക് സമർപ്പിച്ചത് ലക്ഷക്കണക്കിന് രൂപയുടെ ബില്ലുകൾ; ദുരന്തം ആഘോഷമാക്കി ഉദ്യോഗസ്ഥര്‍ - WAYANAD DISASTER RELIEF FUND

ദുരന്തത്തിനിരയായ കുടുംബങ്ങള്‍ 6000 രൂപ മാസ വാടകക്ക് താമസിക്കുമ്പോള്‍ ഉദ്യോഗസ്ഥരുടെ താമസം പ്രതിദിനം 4000 രൂപ വാടകക്ക്.

WAYANAD LANDSLIDE  DISASTER RELIEF FUND MISUSED  വയനാട് ദുരന്തനിവാരണ ഫണ്ട്  MALAYALAM LATEST NEWS
Officials Used Disaster Relief Fund For Expensive Hotels (ETV Bharat)

By ETV Bharat Kerala Team

Published : Nov 8, 2024, 12:34 PM IST

വയനാട്: ചൂരല്‍മല ഉരുള്‍പ്പൊട്ടലുമായി ബന്ധപ്പെട്ട്‌ ഉദ്യോഗസ്ഥരുടെ ആർഭാടം വിളിച്ചോതുന്ന തെളിവുകൾ പുറത്ത്. ദുരന്തനിവാരണ ഫണ്ടില്‍ നിന്നും അനുവദിക്കാനായി ഉദ്യോഗസ്ഥർ നല്‍കിയ താമസത്തിന്‍റെയും ഭക്ഷണത്തിന്‍റെയും ബില്ലുകളാണ് പുറത്തു വന്നത്. ദിവസം 4000 രൂപയ്ക്ക് മുകളില്‍ വാടകയുള്ള ഹോട്ടല്‍ ബില്ലാണ് റവന്യുവകുപ്പിലെ ഒരു ഉദ്യോഗസ്ഥന്‍ സമര്‍പ്പിച്ചിരിക്കുന്നത്.

48 ദിവസത്തേക്ക് ഇയാള്‍ താമസിച്ചതിന്‍റെ വാടക 1,92,000 രൂപയാണ്. ദുരന്തത്തിനിരയായ കുടുംബങ്ങള്‍ താമസിക്കുന്നത് ഒരു മാസം 6000 രൂപ മാത്രം വാടകയ്ക്കാണ് എന്നിരിക്കെയാണ് ഉദ്യോഗസ്ഥരുടെ സുഖവാസം. നിരവധി മനുഷ്യരുടെ ജീവന്‍ അപഹരിച്ച ദുരന്തം മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ആഘോഷിക്കുകയാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

ദുരന്ത നിവാരണ ഫണ്ട് ദുര്‍വിനിയോഗം ചെയ്‌ത് ഉദ്യോഗസ്ഥര്‍ (ETV Bharat)

തിരുവനന്തപുരത്ത് നിന്ന് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥന്‍ ജില്ലയിലെത്തിയത് മുതല്‍ താമസിക്കുന്നത് പ്രതിദിനം 4500 രൂപ വാടകയുള്ള ഹോട്ടലിലാണ്. ഇത് വരെയുള്ള വാടകയിനത്തില്‍ രണ്ട് ലക്ഷം രൂപയ്ക്ക് മുകളിലുള്ള ബില്ലുകളാണ് ജില്ലാ കലക്‌ടര്‍ക്ക് സമര്‍പ്പിച്ചത്. ദുരന്തത്തെ തുടര്‍ന്ന് ജില്ലയില്‍ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിലവിൽ പ്രത്യേക ജോലിയൊന്നുമില്ലെന്നാണ് ആരോപണം.

6000 രൂപ മാസ വാടക തന്നെ പല കുടുംബങ്ങള്‍ക്കും ലഭിച്ചില്ലെന്ന പരാതി നിലനില്‍ക്കുന്നുണ്ട്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് താമസത്തിന് പണം നല്‍കാന്‍ വ്യവസ്ഥയില്ലെന്നിരിക്കെയാണ് ഐഎഎസുകാര്‍ ഉള്‍പ്പെടെ താമസിച്ചതിന്‍റെ ലക്ഷക്കണക്കിന് രൂപയുടെ ബില്ലുകള്‍ ദുരന്തനിവാരണ ഫണ്ടില്‍ നിന്ന് മാറാനായി നല്‍കിയിട്ടുള്ളത്. നിലവില്‍ വൈകിട്ട് കലക്‌ടറുടെ ചേമ്പറില്‍ സബ് കലക്‌ടര്‍, അസിസ്‌റ്റന്‍റ് കലക്‌ടര്‍, പ്രത്യേകം നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ എന്നിവരുടെ കളിചിരി വേദിയാണ് നടക്കുന്നതെന്ന ആക്ഷേപവും ശക്തമായിട്ടുണ്ട്.

ദുരന്ത നിവാരണ ഫണ്ട് ദുര്‍വിനിയോഗം ചെയ്‌ത് ഉദ്യോഗസ്ഥര്‍ (ETV Bharat)

കലക്‌ടറുടെ ചേമ്പറിലേക്ക് മാത്രം ലക്ഷക്കണക്കിന് രൂപയുടെ ഭക്ഷണമാണ് വിവിധ ഹോട്ടലുകളില്‍ നിന്ന് എത്തിച്ചത്. ഇതിന്‍റെ ബില്ലുകളും ഉദ്യോഗസ്ഥരുടെ സ്‌റ്റാര്‍ ഹോട്ടലുകളിലെ താമസ ബില്ലുകളും ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് നല്‍കാനുള്ള നീക്കമാണ് നിലവില്‍ നടക്കുന്നതെന്നാണ് സൂചന. സ്‌പെഷ്യല്‍ ഓഫിസര്‍മാരായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിലവില്‍ ജോലിയൊന്നും ഇല്ലാത്തതിനാല്‍ കലക്‌ടറേറ്റിലെ മറ്റു സെക്ഷനുകളില്‍ കയറി ഇടപെടുന്നത് അസ്വാരസ്യങ്ങള്‍ക്ക് ഇടയാക്കുന്നുണ്ടെന്നും വിവരമുണ്ട്.

നന്നായി ജോലി ചെയ്യുന്ന ഉദ്യേഗസ്ഥരെ കുറിച്ചു പോലും കലക്‌ടറെ തെറ്റിദ്ധരിപ്പിക്കുകയാണ് ഇതില്‍ ഒരു ഉദ്യോഗസ്ഥനെന്ന ആക്ഷേപവും ശക്തമാണ്. എഡിഎം കെ ദേവകി വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് ലീവില്‍ പോയപ്പോള്‍ എഡിഎം ആയി നിയമനം ലഭിക്കാന്‍ ശ്രമം നടത്തി പരാജയപ്പെട്ട ഈ ഉദ്യോഗസ്ഥന്‍ ആ വൈരാഗ്യം മറ്റു ഉദ്യോഗസ്ഥര്‍ക്ക് നേരെ തീര്‍ക്കുകയാണെന്നും ആരോപണമുണ്ട്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ഇപ്പോഴും അർഹതപ്പെട്ട ആനുകൂല്യങ്ങള്‍ക്കായി നിരവധിയാളുകള്‍ കലക്‌ടറേറ്റില്‍ കയറി ഇറങ്ങുമ്പോഴാണ് ഈ സാഹചര്യം. ഇവര്‍ക്ക് കൃത്യമായ മറുപടിയോ വിശദീകരണമോ നല്‍കാന്‍ ബന്ധപ്പെട്ടവര്‍ക്ക് കഴിയുന്നില്ല. ഒരു ഫോമില്‍ പരാതി എഴുതി വാങ്ങി പറഞ്ഞയക്കുന്നതല്ലാതെ ഒരു പരിഹാരവും ഉണ്ടാകുന്നില്ല. ജില്ലയിലെ ഉദ്യോഗസ്ഥര്‍ക്കിടയിലെ പടലപ്പിണക്കങ്ങളാണ് നിലവിലെ അവസ്ഥകളെല്ലാം പുറത്തുവരാന്‍ കാരണമെന്നാണ് സൂചന.

Also Read:വൈത്തിരി താലൂക്കിൽ ജപ്‌തി നടപടി ഉണ്ടാകില്ല; ഓണത്തിന് മുമ്പ് വാടക നൽകുമെന്ന് മന്ത്രി കെ രാജൻ

ABOUT THE AUTHOR

...view details