വയനാട് : വയനാട് ഉരുൾപൊട്ടൽ ദുരന്തം നടന്നിട്ട് ഇന്നേക്ക് (02 ആഗസ്റ്റ്) നാലു നാൾ. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 291 ആയി ഉയർന്നു. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് സൂചന. ആറ് മേഖലകളാക്കി തിരിച്ചാണ് ഇന്നത്തെ തെരച്ചിൽ നടക്കുന്നത്. ചാലിയാറിലും തെരച്ചിൽ തുടരും.
ദുരന്ത സ്ഥലത്തേക്ക് എത്തിച്ചേരുന്നതിനയി നിർമിച്ച ബെയ്‌ലി പാലത്തിന്‍റെ നിർമാണം പൂർത്തീകരിച്ചതിനാൽ ഇന്ന് സജീവമായ രക്ഷാപ്രവർത്തനം സാധ്യമാകും. ജെസിബി അടക്കമുള്ള കൂടുതൽ വാഹനങ്ങളും യന്ത്രങ്ങളും ദുരന്ത സ്ഥലത്തേക്ക് പാലം വഴി കടത്തിവിടും. ഇന്ന് കൂടുതൽ രക്ഷാപ്രവർത്തകർക്ക് ദുരന്ത സ്ഥലത്തേക്ക് എത്തിച്ചേരാനാകും. അതിനാൽ തന്നെ കൂടുതൽ മൃതദേഹങ്ങൾ ഇന്ന് കണ്ടെത്താനാകുമെന്നാണ് സൂചന. ഇനി ആരെയും ജീവനോടെ കണ്ടെത്താനില്ലെന്നാണ് ഇന്നലെ സൈന്യം അറിയിച്ചത്.
നദിക്ക് കുറുകെ ഉണ്ടായിരുന്ന താത്‌കാലിക പാലം തകർന്നത് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി ആയിരുന്നു. തുടർന്ന് തകർന്ന പാലത്തിന്‍റെ സ്ഥാനത്ത് സൈന്യം താത്‌കാലിക ബെയ്‌ലി പാലം നിർമിക്കുകയായിരുന്നു. ദുരന്തത്തെക്കുറിച്ചുള്ള സ്ഥിതിഗതികൾ വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയിൽ രാഷ്ട്രീയ പ്രതിനിധികൾ, എംഎൽഎമാർ, മന്ത്രിമാർ എന്നിവരുടെ നേതൃത്വത്തിൽ ഇന്നലെ ഉന്നതതലയോഗം വിളിച്ചു ചേർത്തിരുന്നു. കാണാതായവരെ കണ്ടെത്തുന്നതിനാണ് ഇപ്പോൾ മുൻഗണന നൽകുന്നതെന്നും തുടർന്ന് പുനരധിവാസം പെട്ടന്ന് തന്നെ സാധ്യമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.