കേരളം

kerala

'കുടുക്ക പൊട്ടിച്ചും സ്വർണ്ണ കമ്മൽ വിറ്റും സഹായം, ഒപ്പം പാവയും'; ദുരിതാശ്വാസനിധിയിലേക്ക് പണം കൈമാറി കുരുന്നുകള്‍ - Children Contribute To CMDRF

By ETV Bharat Kerala Team

Published : Aug 3, 2024, 8:57 AM IST

വയനാട്ടിലെ ദുരിതബാധിതര്‍ക്ക് കൈതാങ്ങായി ഇതുവരെ കൂട്ടിവച്ച പണം നല്‍കി 5ാം ക്ലാസുകാരിയും എല്‍കെജി വിദ്യാര്‍ഥിയും. അനേയ അജിത് തന്‍റെ കുടുക്ക പൊട്ടിച്ച് ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കിയപ്പോള്‍ ശ്രേയ ശ്രീരാജ് തന്‍റെ സ്വർണ്ണ കമ്മൽ വിറ്റു കിട്ടിയ കാശാണ് നല്‍കിയത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി  WAYANAD LANDSLIDE  വയനാട് ഉരുള്‍പൊട്ടല്‍ ധനസഹായം  MALAYALAM LATEST NEWS
Children Contribute Money To CMDRF (ETV Bharat)

പത്തനംതിട്ട: സങ്കട കടലായി മാറിയ വയനാട്ടിലെ പ്രിയപ്പെട്ടവർക്ക്‌ കുഞ്ഞു സമ്പാദ്യങ്ങൾ സഹയമായി നൽകി ജില്ലയിലെ കുരുന്നുകള്‍. കുടുക്ക പൊട്ടിച്ച തുകയും, പാവയും സ്വർണ്ണ കമ്മൽ വിറ്റ്‌ കിട്ടിയ പണവുമെല്ലാം കുരുന്നുകൾ ജില്ല കലക്‌ടർ എസ് പ്രേമംകൃഷ്‌ണന് കൈമാറി. കുരുന്നുകളെ കലക്‌ടർ ചേർത്ത് പിടിച്ച് അഭിനന്ദിച്ചു.

ശ്രേയ ശ്രീരാജും അനേയ അജിത്തും നമുക്ക് മാതൃകയാണ്. നമ്മുടെ ജില്ലയിലെ കുരുന്നുകളും ഈ പോരാട്ടത്തിന്‍റെ കണ്ണികളാണെന്ന് കുട്ടികളെ ചേർത്ത് നിർത്തിയുള്ള ഫോട്ടോയ്ക്ക് ഒപ്പം ജില്ല കലക്‌ടർ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ കുറിച്ചു.

'ഈ നാട് വീണ്ടും വീണ്ടും എന്നെ അദ്‌ഭുതപ്പെടുത്തുകയാണ്. മൂന്ന് ദിവസമായി നമ്മുടെ നാട് കരളലിയിപ്പിക്കുന്ന ദൃശ്യങ്ങൾക്ക് സാക്ഷിയായിരിക്കുകയാണ്. ആർത്തു കരയാൻ പോലും കഴിയാതെ മരവിച്ചിരിക്കുന്ന മനുഷ്യ ജീവിതങ്ങളെ നമുക്ക് കാണാൻ കഴിഞ്ഞു. തന്‍റെ പ്രിയപ്പെട്ടവരെ വേദനയോടെയും ഭീതിയോടെയും കാത്തിരിക്കേണ്ട അവസ്ഥ.

ഇത്തരം സാഹചര്യങ്ങളിൽ പകച്ചു നിന്നതല്ല നമ്മുടെ നാടിന്‍റെ ചരിത്രം. താഴ്ന്നു പോയവരെ കൈ പിടിച്ചുയർത്തുന്ന കാഴ്‌ചകളാണ് നാം കണ്ടത്. വയനാടിന്‍റെ നൊമ്പരത്തെ ഓരോ മലയാളിയും തന്‍റെ നൊമ്പരമായി കാണുന്നു. തോരാതെ പെയ്യുന്ന മഴ പോലെ വയനാട്ടിലേക്ക് സഹായ ഹസ്‌തങ്ങൾ നീളുന്നു.

നമ്മുടെ ജില്ലയിലെ കുരുന്നുകളും ഈ പോരാട്ടത്തിന്‍റെ കണ്ണികളാണ്. അഞ്ചാം ക്ലാസുകാരി ശ്രേയ ശ്രീരാജ്, എൽകെജി വിദ്യാർഥിനി അനേയ അജിത്തും നമുക്ക് മാതൃകയാകുന്നു. വയനാട്ടിൽ കരഞ്ഞവരുടെ കണ്ണീർ സ്വന്തം കണ്ണീരായി കാണാൻ നമ്മുടെ കുരുന്നുകൾക്ക് കഴിഞ്ഞു. പുന്നക്കാട് മല്ലപ്പുഴശ്ശേരി സ്വദേശികളായ അജിത് കുമാർ ഗ്രീഷ്‌മ ദമ്പതികളുടെ മകളായ അനേയ അജിത് തന്‍റെ കുടുക്ക പൊട്ടിച്ച് ദുരിതാശ്വാസത്തിലേക്ക് നൽകിയ തുകയും വയനാട്ടിലെ തന്‍റെ സഹജീവിയുടെ കണ്ണീരൊപ്പാൻ നൽകിയ പാവയും മനുഷ്യത്വത്തിന്‍റെ പുതു നാമ്പുകൾ നമ്മിൽ വിടർത്തുന്നു.

അതുപോലെ തന്നെ മരണപ്പെട്ട മുൻ സൈനികന്‍റെ മകളായ പത്തനംതിട്ട വലഞ്ചുഴി സ്വദേശിനി ശ്രേയ ശ്രീരാജ് തന്‍റെ രണ്ട് ഗ്രാം വരുന്ന സ്വർണ്ണ കമ്മൽ വിറ്റു കിട്ടിയ 12,000 രൂപ സംഭവനയായി നൽകിയപ്പോൾ പിഞ്ചു ബാല്യം പക്വതയിലേക്കെത്തിയ മനോഹര കാഴ്‌ച നമുക്ക് കാണാൻ കഴിഞ്ഞു. പത്തനംതിട്ട അമൃത വിദ്യാലയത്തിലെ ശ്രേയയും കോഴഞ്ചേരി മുളമൂട്ടിൽ സെൻട്രൽ സ്‌കൂളിലെ അനേയയും നമ്മുടെ മുന്നിൽ വലിയ മാതൃകകളാവുകയാണ്. സ്നേഹത്തിന്‍റെയും മാനവികതയുടെയും മനോഹര മാതൃകകൾ' -ഇതാണ് ജില്ല കലക്‌ടര്‍ ഫേസ്ബുക്കിലൂടെ പറഞ്ഞത്.

Also Read:വയനാടിന് കൈത്താങ്ങായി നയന്‍താരയും വിഘ്നേഷും; ദുരിതാശ്വാസ നിധിയിലേക്ക് 20 ലക്ഷം കൈമാറി

ABOUT THE AUTHOR

...view details