എറണാകുളം:വയനാട്ടിലെ യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിക്കായി മലയാളത്തിന്‍റെ പ്രിയ എഴുത്തുകാരി ലീലാവതി ടീച്ചറുടെ ആശംസ ഗാനം. എം ലീലാവതി ടീച്ചർ എഴുതിയ വിജയാശംസ ഗാനത്തിന്‍റെ ഓഡിയോ പുറത്തിറക്കി. തൃക്കാക്കര എംഎൽഎ ഉമ തോമസിന് ലീലാവതി ടീച്ചർ അഞ്ച് മിനിറ്റിനുള്ളിലാണ് ഗാനം എഴുതി നൽകിയത്.
ഭാരതത്തിൻ വീര പുത്രി കേരളത്തിൻ ദത്തുപുത്രി എന്ന് തുടങ്ങുന്ന വരികളോടെയാണ് ഗാനം ആരംഭിക്കുന്നത്. പ്രിയങ്കയെ ജനക്ഷേമദാത്രിയും അനാഥര്‍ക്ക് ധാത്രിയുമായി വിശേഷിപ്പിക്കുന്ന ഗാനത്തില്‍ അവര്‍ ജയിക്കട്ടെയെന്ന് കവയിത്രി ആശംസിക്കുന്നു. വോട്ടഭ്യർത്ഥനയും വിജയാശംസയും നേരുന്ന ഹൃദ്യമായ വരികളാണ് ആശംസ ഗാനത്തിന്‍റെ പ്രത്യേകത.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ടീച്ചർ എഴുതിയ ഗാനം കേരളപുരം ശ്രീകുമാർ ചിട്ടപ്പെടുത്തി ആലാപനം നിർവ്വഹിച്ച് ഓഡിയോ രൂപത്തിൽ പുറത്തിറക്കുകയായിരുന്നു. ഉമ തോമസ് എംഎൽഎ, ലീലാവതി ടീച്ചറുടെ തൃക്കാക്കരയിലെ വീട്ടിലെത്തി ഗാനത്തിന്‍റെ ഓഡിയോ പതിപ്പ് ടീച്ചർക്ക് നല്‍കി പ്രകാശനം നടത്തി. താനൊരു കോൺഗ്രസുകാരിയല്ലെങ്കിലും ഗാന്ധി കുടുംബത്തോട് തനിക്ക് സ്നേഹമാണന്ന് എം ലീലാവതി ടീച്ചർ പറഞ്ഞു.
'ഗാന്ധി കുടുംബം പോലെ ഈ നാടിന് വേണ്ടി ത്യാഗം ചെയ്‌ത വേറെ ഏത് കുടുബമാണുള്ളത്. രണ്ട് പേരാണ് രാജ്യത്തിന് വേണ്ടി രക്തസാക്ഷിത്വം വഹിച്ചത്. കുടുംബ വാഴ്‌ചയെ കുറിച്ച് പറയുന്നവർ ഇതേ കുറിച്ച് മൗനം പാലിക്കുകയാണ് പതിവ്. താൻ പാട്ടിൽ പറഞ്ഞത് തന്നെ സംഭവിക്കട്ടെ,' എന്ന് ടീച്ചർ പറഞ്ഞു. ഇന്ദിര ഗാന്ധിയെ കുറിച്ചുള്ള പുസ്‌തകത്തിൽ പ്രിയങ്കയെ കുറിച്ചും രാഹുലിനെ കുറിച്ചും എഴുതിയിട്ടുണ്ടന്നും ടീച്ചർ കൂട്ടിച്ചേർത്തു.
Also Read:പ്രവാസികൾക്ക് പ്രിയങ്കയുടെ കരുതൽ; വിമാന നിരക്ക് വര്‍ധനവില്‍ ഇടപെടുമെന്ന് ഉറപ്പ്