കോഴിക്കോട്: മണലെടുപ്പ് നിരോധനം വന്നതോടെ തൊഴിലില്ലാതെ ജീവിതം വഴിമുട്ടിയപ്പോൾ കാർഷിക വൃത്തിയിലേക്ക് തിരിയുകയായിരുന്നു വാഴക്കാട്ടെ സലീം. ജീവിതം കരുപ്പിടിപ്പിക്കാനുള്ള മാർഗമായാണ് സലീം ആദ്യം കൃഷിയെ തെരഞ്ഞെടുത്തത്. എന്നാൽ ഇന്ന് പാരമ്പര്യ കർഷകർക്കു പോലും മാതൃകയാകുന്ന വിധത്തിൽ വ്യത്യസ്‌തമായ കാർഷിക വിളകളാണ് സലീമിന്‍റെ കഠിനാധ്വാനത്തിലൂടെ സമൃദ്ധമായി വിളയുന്നത്.
സലീമിന്‍റെ കൃഷിമേന്മയറിഞ്ഞ് കൂടെ കൂടിയവരാണ് മണൽത്തൊഴിലാളികളായിരുന്ന മാവൂരിലെ ഗോപിനാഥനും എളമരത്തെ അലിയും. മൂവരും ചേർന്ന് ഇത്തവണ വിവിധതരം തണ്ണിമത്തനുകളാണ് കൃഷി ഇറക്കിയത്. എളമരത്തെ നാല് ഏക്കർ വയലിലാണ് തണ്ണിമത്തൻ കൃഷി നടത്തിയത്.
അത്യുൽപാദനശേഷിയുള്ള കൃഷ്‌ണയും, നാംധാരി ഇനത്തിലുള്ള കിരണുമാണ് കൃഷി ചെയ്‌തത്. കൃത്യത പരിപാലന രീതി ഉപയോഗിച്ച് ചെയ്‌ത തണ്ണിമത്തൻ ഇപ്പോൾ വിളവെടുപ്പിന് പാകമായിട്ടുണ്ട്. മികച്ച വിളവാണ് എളമരത്തെ തോട്ടത്തിൽ നിന്നും ലഭിക്കുന്നതെന്നാണ് സലിം പറയുന്നത്. തണ്ണിമത്തൻ തോട്ടത്തിന് സമീപത്ത് തന്നെയാണ് വിപണിയും.