തിരുവനന്തപുരം:വിഴിഞ്ഞം തുറമുഖത്തിൻ്റെ ട്രയല്‍ റണ്‍ പൂര്‍ത്തിയായെന്ന് തുറമുഖ മന്ത്രി വിഎന്‍ വാസവന്‍. നിര്‍മ്മാണത്തിൻ്റെ ഒന്നാം ഘട്ടം പൂര്‍ത്തിയായെന്നും ഇനി മുതല്‍ തുറമുഖം വാണിജ്യാടിസ്ഥാനത്തിലാകും പ്രവര്‍ത്തിക്കുകയെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 70ഓളം കമ്പനികളാണ് ട്രയല്‍ റണ്‍ കാലഘട്ടത്തില്‍ തുറമുഖത്ത് വന്ന് പോയത്.
ദക്ഷിണേന്ത്യയില്‍ ആദ്യമായി എത്തിയ കൂറ്റന്‍ കപ്പലും വിഴിഞ്ഞത്തടുത്തു. ലക്ഷ്യത്തിനപ്പുറമാണ് നേട്ടമുണ്ടായത്. 2028ഓടെ രണ്ടും മൂന്നും ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കുന്നത് സംബന്ധിച്ചാണ് സപ്ലിമെൻ്ററി കരാറിൻ്റെ ഉള്ളടക്കം. നിലവില്‍ 10 ലക്ഷം കണ്ടെയ്‌നറുകള്‍ കൈകാര്യം ചെയ്യാനുള്ള ശേഷി തുറമുഖത്തിനുണ്ട്. 2028ല്‍ നിര്‍മാണം പൂര്‍ണമാകുന്നതോടെ ഇത് 30 ലക്ഷമാകും.
മന്ത്രി വിഎന്‍ വാസവന്‍ മാധ്യമങ്ങളോട്. (ETV Bharat) ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
വിഴിഞ്ഞം ഇൻ്റര്‍നാഷണല്‍ സീപോര്‍ട്ട് ലിമിറ്റഡും അദാനി ഗ്രൂപ്പും തമ്മിലുള്ള കരാര്‍ പ്രകാരം 2024 ഡിസംബര്‍ മൂന്ന് മുതലാണ് തുറമുഖം ഓപ്പറേഷണലാകുന്നത്. ഇതിന് മുന്നോടിയായി തുറമുഖത്തിൻ്റെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ ചുമതലപ്പെടുത്തിയ ചെന്നൈ ഐഐടിയുടെ ഇന്‍ഡിപെന്‍ഡൻ്റ് എഞ്ചിനീയര്‍മാരുടെ സംഘം നിര്‍മാണം പൂര്‍ത്തിയായെന്ന പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റ് ഓഫ് കംപ്ലീഷന്‍ കൈമാറി.
ഇതോടെ മദര്‍ ഷിപ്പുകളില്‍ ചരക്ക് എത്തിച്ച് ചെറിയ കപ്പലുകളിലേക്ക് മാറ്റുന്ന ട്രാന്‍സ്ഷിപ്പ്‌മെൻ്റ് ഇന്ന് ഔദ്യോഗികമായി അവസാനിക്കും. വിഴിഞ്ഞത്ത് ഇനി വാണിജ്യാടിസ്ഥാനത്തിലാകും ചരക്ക് കൈമാറ്റം. 1.47 ലക്ഷം കണ്ടെയ്‌നറുകളാണ് ട്രയല്‍ റണ്ണില്‍ വിഴിഞ്ഞത്ത് കൈകാര്യം ചെയ്‌തത്. തുറമുഖത്തിൻ്റെ വാണിജ്യാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനം കേരളത്തിൻ്റെ അന്താരാഷ്ട്ര വ്യാപാരത്തില്‍ ഗണ്യമായ മാറ്റത്തിന് വഴി തുറക്കുമെന്നും മന്ത്രി വ്യക്തമാക്കി.
Also Read:വിഴിഞ്ഞത്തിന്‍റെ സാധ്യതകള്‍ മുന്‍കൂട്ടി കണ്ടു; തിരുവിതാംകൂര്‍ തുറമുഖ സര്‍വേ സംഘത്തിലെ ദീര്‍ഘദര്‍ശി, അനുഭവങ്ങള്‍ പങ്കിട്ട് ജിജി മേനോന്‍