തിരുവനന്തപുരം :വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന് കരിങ്കല്ലുമായി പോയ ലോറിയിൽ നിന്ന് കല്ല് തെറിച്ച് വീണ് മരിച്ച വിദ്യാർഥി അനന്തുവിൻ്റെ സംസ്‌കാരം ഇന്ന് നടക്കും. ഉച്ചയോടെ വീടിന് സമീപമുള്ള ശ്‌മാശാനത്തിലാണ് സംസ്‌കാര ചടങ്ങുകൾ നടക്കുക. രാവിലെ 8 മണി മുതൽ അനന്തു പഠിച്ച നെയ്യാറ്റിൻകര നിംസ് ഡെന്‍റൽ കോളജിൽ പൊതുദർശനം നടക്കുകയാണ്.
ലോറിയിൽ നിന്ന് കല്ല് തെറിച്ച് വീണ് മരിച്ച ബിഡിഎസ് വിദ്യാർഥി അനന്തുവിൻ്റെ സംസ്‌കാരം ഇന്ന് - vizhinjam ananthu death
വിഴിഞ്ഞത്ത് ലോറിയിൽ നിന്ന് കല്ല് തെറിച്ച് വീണ് മരിച്ച അനന്തുവിൻ്റെ സംസ്‌കാരം ഇന്ന് നടക്കും
Published : Mar 20, 2024, 9:34 AM IST
നെയ്യാറ്റിൻകര നിംസ് മെഡിസിറ്റിയിലെ നാലാം വർഷ ബിഡിഎസ് വിദ്യാർഥിയായിരുന്നു അനന്തു. ഇവിടത്തെ പൊതുദർശനം കഴിഞ്ഞ ശേഷമേ മൃതദേഹം വീട്ടിലേക്ക് എത്തിക്കുക. ഇന്നലെ രാവിലെ 8 മണിയോടെ മുക്കോല-ബാലരാമപുരം റോഡിൽ മണലിവിള മുള്ളുമുക്കിലാണ് അപകടം ഉണ്ടായത്. ഈ സമയം അനന്തു സ്‌കൂട്ടറിൽ കോളജിലേക്ക് പോകുകയായിരുന്നു.
ടിപ്പർ ലോറിയിൽ നിന്ന് കല്ല് അനന്തുവിന്‍റെ തലയുടെ മുൻഭാഗത്ത് ഇടിച്ച് നെഞ്ചിൽ പതിക്കുകയായിരുന്നു. അപകടത്തിന്‍റെ ആഘാതത്തിൽ നെഞ്ചിന്‍റെ ഭാഗത്തെ എല്ലുകൾ പൊട്ടുകയും ഹൃദയം, കരൾ അടക്കമുള്ള ആന്തരികാവയവങ്ങൾക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്‌തിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അതേസമയം സംഭവത്തിൽ പ്രതിഷേധിച്ച് ഇന്നും നാട്ടുകാരുടെ നേതൃത്വത്തിൽ തുറമുഖ കവാടത്തിൽ പ്രതിഷേധം നടത്തും.