എറണാകുളം : വെള്ളമുണ്ട മാവോയിസ്റ്റ് കേസില്‍ ഒന്നാം പ്രതി രൂപേഷിന് പത്തുവർഷം തടവ് ശിക്ഷ വിധിച്ച് എൻഐഎ കോടതി. ഏഴാം പ്രതി അനൂപ് മാത്യുവിന് ഏട്ട് വർഷമാണ് ശിക്ഷ. നാലാം പ്രതി കന്യാകുമാരിക്കും, എട്ടാം പ്രതി ബാബു ഇബ്രാഹിമിനും ആറു വർഷമാണ് തടവു ശിക്ഷ വിധിച്ചത്.
നാല് പ്രതികളും കുറ്റക്കാരാണെന്ന് എൻഐഎ നടത്തിയ അന്വേഷണത്തിൻ്റ അടിസ്ഥാനത്തിൽ കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. രൂപേഷിനും കന്യാകുമാരിക്കുമെതിരെ ഗൂഢാലോചനയും തീവ്രവാദ പ്രവർത്തനങ്ങളും തെളിഞ്ഞിരുന്നു. അനൂപിനും ബാബു ഇബ്രാഹിമിനുമെതിരെ തീവ്രവാദ സംഘടനയിൽ അംഗമായതിനും സഹായം ചെയ്‌തതിനും യുഎപിഎ യിലെ 38, 39 വകുപ്പുകൾ തെളിഞ്ഞിരുന്നു.
വയനാട് വെള്ളമുണ്ടയില്‍ സിവില്‍ പൊലീസ് ഓഫിസര്‍ പ്രമോദിന്‍റെ വീട്ടില്‍ അതിക്രമിച്ച് കയറി അമ്മയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്നാണ് കേസ്. മാവോയിസ്റ്റുകള്‍ക്കെതിരെയുള്ള വിവരങ്ങള്‍ പ്രമോദ് ഉന്നത പൊലീസ് ഉദ്യേഗസ്ഥരെ അറിയിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു അക്രമം.