കേരളം

kerala

ETV Bharat / state

'ഡിഎല്‍എഫ് ഫ്ലാറ്റിലെ ഭക്ഷ്യവിഷബാധ ഗൗരവ വിഷയം'; ശക്തമായ നടപടിയുണ്ടാകുമെന്ന് മന്ത്രി വീണ ജോര്‍ജ് - VEENA GEORGE ON DLF FLAT ISSUE

ഫ്ലാറ്റിലെ 350 ഓളം പേർക്ക് വയറിളക്കവും ഛര്‍ദിയും ഉണ്ടായതോടെ ആരോഗ്യ വകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കുടിവെള്ളത്തിൽ ഇ കോളി ബാക്‌ടീരിയ സാന്നിധ്യമുള്ളതായി കണ്ടെത്തിയത്. വിഷയത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി.

KAKKANAD DLF FLAT ISSUE  DLF FLAT WATER CONTAMINATION ISSUE  കാക്കനാട് ഡിഎല്‍എഫ് ഫ്ലാറ്റ്  കാക്കനാട് ഇ കോളി ബാക്‌ടീരിയ അണുബാധ
Veena George & Kakkanad DLF flat complex (ETV Bharat)

By ETV Bharat Kerala Team

Published : Jun 18, 2024, 12:58 PM IST

Updated : Jun 18, 2024, 1:05 PM IST

തിരുവനന്തപുരം:കൊച്ചി കാക്കനാട് ഡിഎല്‍എഫ് ഫ്ലാറ്റില്‍ താമസിക്കുന്നവര്‍ക്ക് വയറിളക്കവും ഛര്‍ദിയും ഉണ്ടായ സാഹചര്യം ഗൗരവമുള്ള വിഷയമാണെന്നും ശക്തമായ നടപടിയുണ്ടാകുമെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്. പൊതുജനാരോഗ്യ സംരക്ഷണ നിയമ പ്രകാരം തുടര്‍നടപടികള്‍ സ്വീകരിക്കുന്നതാണെന്നും മന്ത്രി അറിയിച്ചു. ഫ്ലാറ്റിലെ മുന്നൂറ്റിയമ്പതോളം താമസക്കാര്‍ക്ക് ഛര്‍ദ്ദിയും വയറിളക്കവും ഉണ്ടായതിനെ തുടർന്ന് ആരോഗ്യ വകുപ്പിൻ്റെ സാമ്പിൾ പരിശോധനയിൽ ഫ്ലാറ്റിലെ കുടിവെള്ളത്തിൽ ഇ കോളി ബാക്‌ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു.

ഇന്നലെയാണ് ഫ്ലാറ്റിലെ ഒരാള്‍ നേരിട്ട് ഫോണില്‍ വിളിച്ച് കാര്യം അറിയിച്ചത്. ഉടന്‍ തന്നെ ആരോഗ്യ വകുപ്പ് ഡയറക്‌ടറെ വിളിച്ച് അടിയന്തരമായി ഇടപെടാന്‍ നിര്‍ദേശം നല്‍കിയിരുന്നു. ആരോഗ്യ വകുപ്പിന്‍റെ പ്രത്യേക സംഘം സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. ഫ്ലാറ്റിലെ കുടിവെള്ളത്തിന്‍റെ എല്ലാ സ്രോതസുകളും പരിശോധിക്കും. രോഗബാധിതരായ വ്യക്തികള്‍ പല ആശുപത്രികളില്‍ ചികിത്സ തേടിയത് കൊണ്ടായിരിക്കാം ഈ വിഷയം ആരോഗ്യ വകുപ്പിന്‍റെ ശ്രദ്ധയില്‍പ്പെടാത്തത്. അക്കാര്യവും അന്വേഷിക്കുന്നതാണ്. പ്രദേശത്ത് ബോധവത്കരണം ശക്തിപ്പെടുത്തും. തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാന്‍ പാടുള്ളൂ എന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

അതേസമയം സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഡിഎംഒയ്ക്ക് എറണാകുളം ജില്ല കലക്‌ടർ എൻ എസ് കെ ഉമേശ് നിർദ്ദേശം നൽകി. ഡിഎല്‍എഫ് ഫ്ലാറ്റിലെ മുന്നൂറ്റിയമ്പതോളം പേരാണ് ഛര്‍ദ്ദിയും വയറിളക്കവുമായി ചികിത്സ തേടിയത്. അഞ്ച് വയസിന് താഴെയുള്ള 25 കുട്ടികളും ഇതിൽ ഉൾപ്പെടുന്നു. പ്രാഥമികമായ സാമ്പിൾ പരിശോധനയിൽ കുടിവെള്ളത്തിൽ ഇ കോളി ബാക്‌ടീരിയയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു.

ജൂൺ ഒന്നാം തീയതിയായിരുന്നു വയറിളക്കവും ചർദ്ദിയുമായി ഒരാൾ ചികിത്സ തേടിയത്. തുടർന്നുള്ള ദിവസങ്ങളിൽ എണ്ണം വർധിക്കുകയായിരുന്നു. ഇന്നലെ വരെ ഏകദേശം മുന്നൂറ്റിയമ്പതോളം പേർ ചികിത്സ തേടിയെന്നാണ് വിവരം ലഭിക്കുന്നത്. കാക്കനാട് പതിനഞ്ച് ടവറുകളിലായി ഡിഎല്‍എഫിന് 1268 ഫ്ലാറ്റുകളും അതിൽ അയ്യായിരത്തിലധികം താമസക്കാരുമുണ്ട്. മെയ് 27, 28 തീയതികൾ പെയ്‌ത ശക്തമായ മഴയെ തുടർന്ന് ഫ്ലാറ്റിന്‍റെ ബേസ്മെൻ്റിൽ വെള്ളം കയറിയിരുന്നു. ഇതിന് പിന്നാലെയാണ് ആരോഗ്യ പ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്‌തതെന്നാണ് താമസക്കാർ പറയുന്നത്.

ഫ്ലാറ്റിൻ്റെ ജല സംഭരണിയിൽ മലിനജലം കയറിയതാകാം ആരോഗ്യപ്രശ്‌നത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇതേ തുടർന്ന്
സൂപ്പർ ക്ലോറിനേഷൻ ഉൾപ്പടെയുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്. നിലവിൽ ഫ്ലാറ്റുകളിൽ ലഭ്യമാക്കുന്ന സ്രോതസുകളിൽ നിന്ന് വെള്ളം ശേഖരിക്കുന്നത് നിർത്തിവെച്ചു. ടാങ്കുകളിൽ എത്തിച്ചാണ് ഫ്ലാറ്റ് നിവാസികൾക്ക് നിലവിൽ വെളളം ലഭ്യമാക്കുന്നത്.

Also Read: കാക്കനാട് ഡിഎല്‍എഫ് ഫ്ലാറ്റിൽ മുന്നൂറ്റിയമ്പതോളം പേര്‍ക്ക് ഛര്‍ദ്ദിയും വയറിളക്കവും; കുടിവെള്ളത്തിൽ ഇ കോളി ബാക്‌ടീരിയയുടെ സാന്നിധ്യം

Last Updated : Jun 18, 2024, 1:05 PM IST

ABOUT THE AUTHOR

...view details