ഇടുക്കി:പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നയിക്കുന്ന മലയോര സമര പ്രചരണ യാത്ര ജില്ലയില്‍ പ്രവേശിച്ചു. യുഡിഎഫ് പ്രവര്‍ത്തകര്‍ അടിമാലിയില്‍ പ്രചരണ യാത്രക്ക് ആവേശോജ്ജ്വല സ്വീകരണമൊരുക്കി. യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്‌തു.
കാട്ടുമൃഗങ്ങള്‍ ആക്രമിക്കാന്‍ വരുമ്പോള്‍ കൊല്ലാനുള്ള വ്യക്തമായ അധികാരം കര്‍ഷകര്‍ക്ക് നല്‍കണമെന്ന് എംഎം ഹസന്‍ പറഞ്ഞു. മലയോര മേഖലയില്‍ നിലനില്‍ക്കുന്ന വിവിധ വിഷയങ്ങളില്‍ പ്രശ്‌നപരിഹാരം ആവശ്യപ്പെട്ടും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാടുകള്‍ തുറന്നുകാട്ടിയുമാണ് യുഡിഎഫ് സംസ്ഥാന കമ്മിറ്റി മലയോര സമര പ്രചരണ ജാഥക്ക് രൂപം നല്‍കിയിട്ടുള്ളത്.
ബഫർ സോൺ വിഷയം സംസ്ഥാന ഗവൺമെന്‍റും കേന്ദ്ര ഗവൺമെന്‍റും അങ്ങോട്ടും ഇങ്ങോട്ടും തട്ടിക്കളിച്ച് കൊണ്ടിരിക്കുകയാണെന്ന് എംഎം ഹസൻ പറഞ്ഞു. കേന്ദ്ര ഗവൺമെന്‍റ് ഉടൻ തന്നെ ഇതിൽ പരിഹാരം കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 13 വില്ലേജുകളുടെ നിർമാണ നിരോധനം പൂർണമായും പിൻവലിക്കാൻ വേണ്ടി എട്ട് കൊല്ലമായി സമരം നടത്തുകയാണെന്നും എംഎം ഹസൻ കൂട്ടിച്ചേർത്തു.