തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സംബന്ധിച്ച് പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയ നോട്ടിസ് പരിഗണനയ്ക്ക് പോലുമെടുക്കില്ലെന്ന നിലപാടിലൂടെ ഈ സര്‍ക്കാര്‍ തികച്ചും സ്ത്രീ വിരുദ്ധ സര്‍ക്കാരാണെന്ന് അടിവരയിട്ടിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വിഷയം ഹൈക്കോടതിയുടെ പരിഗണനയിലാണെന്ന് പറഞ്ഞാണ് ഇന്ന് പ്രതിപക്ഷത്തിന്‍റെ നോട്ടിസ് സ്‌പീക്കര്‍ തള്ളിയത്. അങ്ങനെയെങ്കില്‍ കേരളത്തിലെ വിവിധ കോടതികളുടെ പരിഗണനയിലിരിക്കേ എത്ര തവണ സോളാര്‍ വിഷയം ഇതേ നിയമസഭ ചര്‍ച്ച ചെയ്‌തിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു.
ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്മേല്‍ സര്‍ക്കാര്‍ നിയമ നടപടി സ്വീകരിക്കാത്ത സംഭവം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്. എന്നാല്‍ ഇക്കാര്യത്തില്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന സര്‍ക്കാര്‍ നോട്ടിസ് പരിഗണിക്കാന്‍ പോലും തയ്യാറല്ല. ഇക്കാര്യം ചോദ്യത്തിലൂടെ ഉന്നയിച്ചപ്പോള്‍ ചോദ്യത്തിലൂടെ മറുപടി പറയാന്‍ കഴിയില്ലെന്നും സബ്‌മിഷനായോ മറ്റേതെങ്കിലും മാര്‍ഗത്തിലൂടെയോ കൊണ്ടു വരണമെന്നാണ് അന്ന് സ്‌പീക്കര്‍ പറഞ്ഞത്. ഇപ്പോള്‍ ചോദ്യം ചോദിക്കാനോ സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെടുത്താനോ സ്‌പീക്കര്‍ അനുവദിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കേരളത്തിലെ സ്ത്രീകളെ ഇത്രയേറെ ബാധിക്കുന്ന ഒരു വിഷയം ഈ നിയമസഭയിലല്ലാതെ മറ്റെവിടെയാണ് ചര്‍ച്ച ചെയ്യേണ്ടത് എന്ന് അദ്ദേഹം ചോദിച്ചു. കേരളത്തിലെ നിയമസഭ കൗരവസഭായി മാറുകയാണോ എന്ന് ചോദിക്കാതെ നിവൃത്തിയില്ലാതായിരിക്കുന്നു. ഈ റിപ്പോര്‍ട്ട് പുറത്ത് വിടരുതെന്ന് ജസ്റ്റിസ് ഹേമ തന്നെ പറഞ്ഞിട്ടുണ്ടെന്ന് മന്ത്രി സജി ചെറിയാന്‍ പറയുന്നത് ജനങ്ങളെ തെറ്റിധരിപ്പിക്കാനാണ്. സാധാരണ ഗതിയില്‍ റിപ്പോര്‍ട്ട് പുറത്ത് കൊടുക്കുകയാണെങ്കില്‍ ഇത് സംബന്ധിച്ച് സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുള്ള കാര്യങ്ങള്‍ പരിഗണിച്ച് വേണം പുറത്ത് കൊടുക്കാന്‍ എന്നാണ് ജസ്റ്റിസ് ഹേമ തന്നെ ഈ റിപ്പോര്‍ട്ടിന്‍റെ അവസാനം ചൂണ്ടിക്കാട്ടിയിട്ടുള്ളത്.