കോഴിക്കോട്: അന്താരാഷ്ട്ര തലത്തില്‍ തിളങ്ങാനൊരുങ്ങി ഒമ്പത് വയസുകാരി ഉമ്മു ഹബീബ. കുടുംബശ്രീ-ബാലസഭ കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ഉച്ചകോടിയിലാണ് തിക്കോടി പള്ളിക്കര സ്വദേശി ഉമ്മു ഹബീബ പ്രബന്ധം അവതരിപ്പിക്കുക. കീഴൂര്‍ എയുപി സ്കൂളിലെ നാലാംക്ലാസ് വിദ്യാര്‍ത്ഥിയാണ് ഉമ്മു ഹബീബ.
ശുചിത്വോത്സവം സീസണ് 2 വില്‍ മാലിന്യ മുക്ത നവകേരളം - പ്രശ്നങ്ങളും സാധ്യതകളും എന്ന വിഷയത്തിൽ ഉമ്മു ഹബീബ മത്സരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നാട്ടിലെ വിഷയങ്ങള്‍ അവതരിപ്പിക്കാനായിരുന്നു കുട്ടികള്‍ക്ക് കിട്ടിയ നിര്‍ദേശം. നീന്തൽ കുളത്തിലെ ജല മലിനീകരണവും അമീബിക് മസ്തിഷ്ക ജ്വരവുമായിരുന്നു ഉമ്മു ഹബീബ പ്രബന്ധത്തിനായി തെരഞ്ഞെടുത്ത വിഷയം.
ഇതിനായി അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് രോഗമുക്തി നേടിയ കുട്ടിയുമായി അഭിമുഖം നടത്തുകയും ചെയ്തു. ഉമ്മു ഹബീബയുടെ ഈ പ്രബന്ധമാണ് അന്താരാഷ്ട്ര ഉച്ചകോടിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. നവംബര്‍ മാസം അവസാനമോ, ഡിസംബര്‍ ആദ്യവാരമോ ആയിരിക്കും ഉച്ചകോടി നടക്കുക.