എറണാകുളം:കലൂർ സ്‌റ്റേഡിയത്തിലെ വേദിയിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ ഉമ തോമസ് എംഎൽഎ പുതുവത്സരാശംസകൾ നേർന്നതായി ഡോക്‌ടർമാർ. ചുണ്ടനക്കി മക്കളോടാണ് ആശംസയറിയിച്ചത്. നേർത്ത ശബ്‌ദത്തിലായിരുന്നു ഉമാ തോമസിന്‍റെ പ്രതികരണമെന്ന് ഡോക്‌ടർമാർ വ്യക്തമാക്കി.
ഉമാ തോമസിന്‍റെ ആരോഗ്യനിലയിൽ മികച്ച പുരോഗതിയുണ്ടന്നും ഡോക്‌ടർമാർ അറിയിച്ചു. തലയിലുണ്ടായ മുറിവ് ഭേദപ്പെട്ടു വരുകയാണ്. നിലവിൽ വേദനയുള്ളപ്പോൾ ശ്വാസോച്ഛ്വാസത്തിന് കുറച്ച് ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടെങ്കിലും എംഎൽഎ സ്വയം ശ്വാസമെടുത്ത് തുടങ്ങി. എങ്കിലും ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നതുവരെ അവർ വെന്‍റിലേറ്ററിൽ തുടരും.
ഇപ്പോൾ ഉമാ തോമസ് ആളുകളെ തിരിച്ചറിയുന്നുണ്ടെന്നും ശ്വാസകോശത്തിന്‍റെ പരിക്ക് മെച്ചപ്പെട്ടുവെന്നും ഡോക്‌ടർമാർ അറിയിച്ചു. വേദന ഉണ്ടെന്ന് ഉമാ തോമസ് തന്നെ പറഞ്ഞിരുന്നു. ഇന്നലെ (ഡിസംബർ 31) വൈകുന്നേരം മെഡിക്കൽ ബോർഡ് യോഗം കൂടിയിരുന്നു. ഇതേ ചികിത്സാ രീതി തന്നെ തുടരാനാണ് തീരുമാനമെന്നും ഡോക്‌ടർമാർ അറിയിച്ചു.
മൃദംഗ വിഷൻ കൂട്ടായ്‌മ ഞായറാഴ്‌ച വൈകുന്നേരം ആറ് മണിയോടെ നടി ദിവ്യാ ഉണ്ണിയുടെ നേതൃത്വത്തിൽ ഗിന്നസ് റെക്കോഡ് ലക്ഷ്യമിട്ട് സംഘടിപ്പിച്ച ഭരത നാട്യം പരിപാടിയുടെ ഉദ്ഘാടനത്തിനിടെയായിരുന്നു അപകടം. മന്ത്രി സജി ചെറിയാൻ ഉൾപ്പടെ ഇരിക്കുകയായിരുന്ന വിഐപി വേദിയിൽ നിന്നാണ് എംഎൽ എ താഴേക്ക് വീണത്.