റായ്‌പൂര്‍: ഛത്തീസ്‌ഗഡിലെ ഗാരിയാബന്ദ് ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ 14 നക്‌സലുകളെ വധിച്ച് സുരക്ഷാസേന. നക്‌സലൈറ്റ് സെൻട്രൽ കമ്മിറ്റി അംഗമായ ജയരാം എന്ന ചലപതിയും കൊല്ലപ്പെട്ടവരുടെ കൂട്ടത്തിലുണ്ട്. ഇയാളുടെ തലയ്ക്ക് ഒരു കോടി രൂപ ഇനാം പ്രഖ്യാപിച്ചിരുന്നുവെന്ന് ഗരിയബന്ദ് പൊലീസ് സൂപ്രണ്ട് നിഖിൽ രഖേച്ച പറഞ്ഞു.
എസ്എൽആർ റൈഫിൾ പോലുള്ള നിരവധി ആയുധങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഛത്തീസ്‌ഗഡ് -ഒഡിഷ അതിർത്തിയിലെ കുലാരിഘട്ട് റിസർവ് വനത്തിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. അതിർത്തി പ്രദേശങ്ങളിൽ നക്‌സലുകളുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ തിങ്കളാഴ്‌ചയാണ് പൊലീസ് ഓപ്പറേഷന്‍ ആരംഭിച്ചത്. ഇരു സംസ്ഥാനങ്ങളിലേയും പൊലീസ്, ഒഡിഷ സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ്, സിആർപിഎഫ്, ഛത്തീസ്‌ഗഡിലെ കോബ്ര കമാന്‍ഡോകള്‍ എന്നിവയുടെ സംയുക്ത സംഘമാണ് ഓപ്പറേഷന്‍റെ ഭാഗമായത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അതേസമയം ജനുവരി 17 ന് നാരായൺപൂർ ജില്ലയിൽ നക്‌സലുകൾ സ്ഥാപിച്ച ഐഇഡി പൊട്ടിത്തെറിച്ച് രണ്ട് അതിർത്തി സുരക്ഷാ സേന (ബിഎസ്എഫ്) ജവാന്മാർക്ക് പരിക്കേറ്റിരുന്നു. ക്യാമ്പ് ഗാർപയ്ക്കും ഗാർപ ഗ്രാമത്തിനും ഇടയിലുള്ള റോഡില്‍ രാവിലെ പരിശോധന നടത്തവെയാണ് സ്‌ഫോടനമുണ്ടായത്.
ജനുവരി 16-ാം തീയതിയും സമാന സംഭവം റിപ്പോര്‍ട്ട് ചെയ്‌തു. ബിജാപൂർ ജില്ലയിലെ ബസഗുഡ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള പുട്കെൽ ഗ്രാമത്തിന് സമീപം നക്‌സലൈറ്റുകൾ സ്ഥാപിച്ച പ്രഷർ ഐഇഡി സ്ഫോടനത്തിൽ രണ്ട് സിആർപിഎഫ് ജവാന്മാർക്കായിരുന്നു പരിക്കേറ്റത്.
ALSO READ: സോപോറയിൽ ഏറ്റുമുട്ടല്‍; ഭീകരരുടെ ഒളിത്താവളം തകർത്ത് സുരക്ഷാ സേന - ENCOUNTER IN SOPORE
ജനുവരി 12 ന് ബിജാപൂരിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് സ്ത്രീകൾ ഉൾപ്പെടെ അഞ്ച് നക്‌സലൈറ്റുകൾ കൊല്ലപ്പെട്ടിരുന്നു. ബിജാപൂർ ജില്ലയിലെ നാഷണൽ പാർക്ക് പ്രദേശത്തിന് കീഴിലുള്ള വനങ്ങളിൽ നിന്ന് നിരവധി ഓട്ടോമാറ്റിക് ആയുധങ്ങളും മറ്റ് ആയുധങ്ങളും സ്ഫോടകവസ്‌തുക്കളും കണ്ടെടുക്കുകയും ചെയ്‌തു.
ഒരു എസ്എൽആർ റൈഫിൾ, ഒരു 12-ബോർ റൈഫിൾ, രണ്ട് സിംഗിൾ-ഷോട്ട് റൈഫിളുകൾ, ഒരു ബിജിഎൽ ലോഞ്ചർ, പ്രാദേശികമായി നിർമ്മിച്ച ഒരു ഭാർമർ തോക്ക്, സ്ഫോടകവസ്‌തുക്കള്‍ എന്നിവയ്‌ക്കൊപ്പം മാവോയിസവുമായി ബന്ധപ്പെട്ട നിരവധി പുസ്‌തകങ്ങളുമായിരുന്നു കണ്ടെത്തിയത്.