ഇടുക്കി : ഉടുമ്പൻചോലയിൽ അയൽവാസി പെട്രോൾ ഒഴിച്ചു തീ കൊളുത്തിയ യുവതി മരിച്ചു (Woman Died After Neighbour Poured Petrol And Set Her On Fire). ഉടുമ്പൻചോല പാറക്കൽ സ്വദേശി ഷീലയാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ ഷീല തേനി മെഡിക്കൽ കോളജിൽ ചിക്കിത്സയിലിരിക്കയാണ് മരിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്‌ചയായിരുന്നു (09-02-2024) നാടിനെ നടുക്കിയ സംഭവം നടന്നത്. ചെല്ലക്കണ്ടം പാറക്കല്‍ ഭാഗത്തെ സ്വകാര്യ എസ്‌റ്റേറ്റിലെ ഏലത്തോട്ടത്തില്‍ മറ്റ് തൊഴിലാളികൾക്കൊപ്പം ഷീല ഏലം ശേഖരിക്കുകയായിരുന്നു. ഈ സമയം ഇവിടേക്ക് വന്ന അയൽവാസിയായ ശശി പെട്ടന്ന് ഷീലയുടെ കൈയിൽ കടന്ന് പിടിച്ച് വീട്ടിൽ കയറ്റുകയായിരുന്നു. നാട്ടുകാർ ബഹളം വച്ചതോടെ ഇയാൾ ഷീലയെ മുറിക്കകത്ത് കയറ്റി കതകടച്ചു.
ഉടൻ തന്നെ നാട്ടുകാർ പൊലീസില്‍ വിവരമറിയിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് ഉടുമ്പൻചോല പൊലീസ് സ്ഥലത്ത് എത്തി. അപ്പോഴേക്കും ശശി, ഷീലയുടെ ദേഹത്ത് പെട്രോൾ ഒഴിച്ചു തീ കൊളുത്തി കഴിഞ്ഞിരുന്നു. വാതിൽ തകർത്ത് പൊലീസ് ഇവരെ രക്ഷപെടുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ഷീലയെ നെടുംകണ്ടം താലൂക്ക് ആശുപത്രിയിലും പിന്നീട് തേനി മെഡിക്കൽ കോളജിലേക്കും മാറ്റി. ചികിത്സയിലിരിക്കെ ഇന്ന് (12-02-2024) രാവിലെ 4.30 നായിരുന്നു അന്ത്യം.
പ്രതിയെ സംഭവസ്ഥലത്ത് നിന്ന് തന്നെ പൊലീസ് കസ്‌റ്റഡിയിലെടുത്തു. പ്രതി ഇപ്പോൾ ഇടുക്കി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ആക്രമണത്തിൽ ഇയാൾക്കും പൊള്ളലേറ്റിരുന്നു. വ്യക്തി വൈരാഗ്യമാണ് ആക്രമണ കാരണമെന്നാണ് പ്രഥമിക നിഗമനം.