തിരുവനന്തപുരം: യുഡിഎഫ് സംസ്ഥാന ഏകോപന സമിതിയുടെ സുപ്രധാന യോഗം ഇന്ന് (ഫെബ്രുവരി 5) ചേരും. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍റെ ഔദ്യോഗിക വസതിയായ കന്‍റോണ്‍മെന്‍റ് ഹൗസിലാണ് യോഗം ചേരുക. ലോക്‌സഭ തെരഞ്ഞെടുപ്പിൽ മുസ്‌ലിം ലീഗിന്‍റെ മൂന്നാം സീറ്റ്, കേരള കോണ്‍ഗ്രസ് ജോസഫിന്‍റെ കോട്ടയം സീറ്റ് എന്നീ കാര്യങ്ങളില്‍ ഇന്ന് തീരുമാനമുണ്ടായേക്കുമെന്നാണ് സൂചന.
യുഡിഎഫ് ഏകോപന സമിതി യോഗം ഇന്ന്; ലീഗിന്‍റെ മൂന്നാം സീറ്റ് ചര്‍ച്ചയായേക്കും - യുഡിഎഫ് യോഗം ഇന്ന്
മുസ്‌ലിം ലീഗ് മൂന്നാം സീറ്റിനായുള്ള അവകാശ വാദത്തിനിടെ ഇന്ന് യുഡിഎഫ് യോഗം. മുസ്‌ലിം ലീഗുമായുള്ള ഉഭയകക്ഷി ചര്‍ച്ചയും ഉണ്ടാകും. കേരള കോണ്‍ഗ്രസ് ജോസഫിന്‍റെ കോട്ടയം സീറ്റിനെ കുറിച്ചും ചര്‍ച്ചയുണ്ടായേക്കും.
Published : Feb 5, 2024, 8:34 AM IST
അതേസമയം കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന്‍റെ ഉന്നതാധികാര സമിതി യോഗവും ഇന്ന് (ഫെബ്രുവരി 5) വൈകിട്ട് 4.30ന് തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലിൽ ചേരും. മാത്രമല്ല യുഡിഎഫ് യോഗത്തിന് മുന്നോടിയായി ലീഗുമായുള്ള ഉഭയകക്ഷി ചര്‍ച്ചയും നടക്കും. പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ മൂന്നാം സീറ്റ് എന്ന ആവശ്യം ലീഗ്-കോൺഗ്രസ് ഉഭയകക്ഷി ചർച്ചയിലാണ് ലീഗ് ഉന്നയിച്ചത്.
ഇതിൽ തുടർ ചർച്ചകളിലൂടെ തീരുമാനമെടുക്കാമെന്നായിരുന്നു കോൺഗ്രസ് നേതൃത്വത്തിന്‍റെ മറുപടി. അന്തിമ തീരുമാനം യുഡിഎഫ് യോഗത്തിലുണ്ടാകുമെന്നായിരുന്നു ധാരണ.