തിരുവനന്തപുരം : മറ്റൊരു ലോക്‌സഭ തെരഞ്ഞെടുപ്പിന് ആഴ്‌ചകള്‍ മാത്രം ശേഷിക്കെ സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ (സിഇഒ) സഞ്ജയ് കൗളും കോണ്‍ഗ്രസ് നയിക്കുന്ന യുഡിഎഫും തമ്മില്‍ പോരിന് കളമൊരുങ്ങുന്നു. സഞ്ജയ് കൗളിന്‍റെ സമീപകാലത്തെ പല നടപടികളും യുഡിഎഫിനെ ബുദ്ധിമുട്ടിക്കുന്നതും എല്‍ഡിഎഫിനെ സഹായിക്കുന്നതുമാണെന്ന വിമര്‍ശനം സ്ഥാനാര്‍ഥികള്‍ ഉയര്‍ത്തുന്ന പശ്ചാത്തലത്തിലാണ് ഇത്തരമൊരു ആലോചന യുഡിഎഫ് ശക്തമാക്കിയത്.
മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ പദവിയിലിരിക്കേ സര്‍ക്കാരില്‍ മറ്റ് പദവികള്‍ വഹിക്കുന്നതിലെ അനൗചിത്യവും യുഡിഎഫ് ചോദ്യം ചെയ്യാനൊരുങ്ങുന്നു. സാധാരണയായി സ്വതന്ത്രവും നീതി പൂര്‍വകവുമായ തെരഞ്ഞെടുപ്പിന് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷനുവേണ്ടി നേതൃത്വം നല്‍കേണ്ടത് സംസ്ഥാനങ്ങളില്‍ അതാത് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍മാരാണ്. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്‍റെ ഭാഗമായ ഒരു ഉദ്യോഗസ്ഥനായി പ്രവര്‍ത്തിച്ചുകൊണ്ട് ഭരിക്കുന്ന എല്‍ഡിഎഫിനെ സന്തോഷിപ്പിക്കുന്ന നടപടികളാണ് സഞ്ജയ് കൗള്‍ സ്വീകരിക്കുന്നതെന്ന ആരോപണത്തില്‍ ഉറച്ചുനില്‍ക്കുകയാണ് യുഡിഎഫ്.
ഏറ്റവും അവസാനം പത്തനംതിട്ടയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ആന്‍റോ ആന്‍റണിയുടെ പ്രാദേശിക വികസന ഫണ്ടുപയോഗിച്ച് നിര്‍മ്മിച്ചതെന്ന ബോര്‍ഡുകള്‍ മായ്ക്കാനും അതിനുള്ള ചെലവ് അദ്ദേഹത്തിന്‍റെ തെരഞ്ഞെടുപ്പുചെലവില്‍ എഴുതിച്ചേര്‍ക്കാനുമുള്ള ജില്ല ഭരണാധികാരി കൂടിയായ കലക്‌ടര്‍ എസ് പ്രേംകൃഷ്‌ണന്‍റെ നടപടി തികച്ചും പക്ഷപാതപരമാണെന്ന ആരോപണം ശക്തമായിട്ടുണ്ട്. മുന്‍ വര്‍ഷങ്ങളിലൊന്നും ഇത്തരത്തിലുള്ള പരാതികള്‍ ഉയരുകയോ ഇത്തരത്തിലുള്ള തീരുമാനം തെരഞ്ഞെടുപ്പ് കമ്മിഷന്‍ സ്വീകരിക്കുകയോ ചെയ്‌തിട്ടില്ലെന്ന് യുഡിഎഫ് ചൂണ്ടിക്കാട്ടുന്നു.
മണ്ഡലത്തിലെ 69 ബസ് കാത്തിരിപ്പുകേന്ദ്രങ്ങളില്‍ നിന്നും 20 4ജി മൊബൈല്‍ ടവറുകളില്‍ നിന്നും സിറ്റിങ് എംപിയും സ്ഥാനാര്‍ഥിയുമായ ആന്‍റോ ആന്‍റണിയുടെ പേരും പടവും നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫ് നല്‍കിയ പരാതിയിലാണ് ജില്ല കലക്‌ടറുടെ വിചിത്ര നടപടി. ജില്ല കലക്‌ടര്‍ അധ്യക്ഷനായ സമിതിയാണ് എംപിമാരുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ചുള്ള പദ്ധതികള്‍ക്ക് അംഗീകാരം നല്‍കുന്നതെന്നിരിക്കെയാണ് കലക്‌ടര്‍ തന്നെ ഇത്തരത്തിലൊരു നടപടിയിലേക്ക് തിരിഞ്ഞതെന്ന് ആക്ഷേപമുയര്‍ന്നു.
മാത്രമല്ല, പത്തനംതിട്ട നിയോജക മണ്ഡലത്തിന്‍റെ ചുവടുപിടിച്ച് സംസ്ഥാനത്തെ 18 യുഡിഎഫ് സിറ്റിങ് എംപിമാരെയും ഇത്തരത്തില്‍ പൂട്ടാനുള്ള നീക്കത്തിന്‍റെ തുടക്കമാണിതെന്ന് യുഡിഎഫ് സംശയിക്കുന്നു. കഴിഞ്ഞ തവണ വിജയിച്ച 18 പേരെ യുഡിഎഫ് ഇത്തവണയും സ്ഥാനാര്‍ഥികളാക്കിയിട്ടുമുണ്ട്. മുഴുവന്‍ നിയോജക മണ്ഡലങ്ങളിലും ഇത്തരത്തിലുള്ള പരാതികളുമായി മുന്നോട്ടുപോകാന്‍ എല്‍ഡിഎഫ് ആലോചിക്കുകയാണ്. മാത്രമല്ല, കേരളത്തില്‍ മുന്‍പ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍മാരായി ചുമതല വഹിച്ചിരുന്ന വ്യക്തികളാരും മറ്റ് സര്‍ക്കാര്‍ പദവികള്‍ വഹിച്ചിരുന്നില്ല, പ്രത്യേകിച്ചും തെരഞ്ഞെടുപ്പ് കാലങ്ങളില്‍.
എന്നാല്‍ ഇപ്പോഴത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറായ സഞ്ജയ് കൗള്‍ സര്‍ക്കാര്‍ സ്ഥാപനമായ കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍റെ എംഡി സ്ഥാനം വഹിക്കുകയാണ്. തെരഞ്ഞെടുപ്പ് കാലത്ത് ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനായും ചീഫ് ഇലക്‌ടറല്‍ ഓഫിസറായും ഒരേ സമയം ഒരാള്‍ പ്രവര്‍ത്തിക്കുന്നത് സ്വതന്ത്രവും നീതിപൂര്‍വകവുമായ തെരഞ്ഞെടുപ്പ് തത്വത്തിനെതിരാണെന്ന് യുഡിഎഫ് ആരോപിക്കുന്നു. തെരഞ്ഞെടുപ്പ് കാലത്ത് കെഎഫ്‌സി വ്യാപകമായി സിപിഎം നിര്‍ദേശിക്കുന്നവര്‍ക്ക് വായ്‌പ അനുവദിക്കുന്നു എന്ന ആരോപണവും അവര്‍ ഉയര്‍ത്തുന്നു.
നേരത്തെ കേരളത്തിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍മാരായിരുന്ന ടിക്കാറാം മീണ, നളിനി നെറ്റോ എന്നിവരാരും മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ പദവി വഹിച്ചിരുന്നപ്പോള്‍ മറ്റ് സര്‍ക്കാര്‍ വകുപ്പുകളുടെയോ സ്ഥാപനങ്ങളുടെയോ മേധാവിമാരായിരുന്നിട്ടില്ല. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ അനുവാദമുണ്ടെങ്കില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് മറ്റ് പദവികള്‍ വഹിക്കുന്നതില്‍ തെറ്റില്ലെന്നും എന്നാല്‍ ഒരു തെരഞ്ഞെടുപ്പു കാലത്ത് ഇത് ധാര്‍മ്മികമായി ശരിയല്ലെന്നും പേരു വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരു മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ഇടിവി ഭാരതിനോട് പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കുമെന്ന് വി ഡി സതീശന്‍ : സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ സഞ്ജയ് കൗള്‍ മറ്റ് സര്‍ക്കാര്‍ പദവികള്‍ കൂടി വഹിക്കുന്നത് ശരിയല്ലെന്നും ഇക്കാര്യം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ കാസര്‍കോട്ട് പറഞ്ഞു. പത്തനംതിട്ടയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്‍റോ ആന്‍റണിക്കെതിരായ നടപടിയില്‍ പരാതി നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.
ALSO READ:മുപ്പത് ദിവസമായി പറയുന്നത് ഒരേ കാര്യം; ഏത് ലോകത്താണ് മുഖ്യമന്ത്രി ജീവിക്കുന്നതെന്ന് വിഡി സതീശൻ