കേരളം

kerala

ETV Bharat / state

'ഉദയാസ്‌തമന പൂജ ആചാരമല്ല': ഹൈക്കോടതിയില്‍ സത്യവാങ്‌മൂലം സമര്‍പ്പിച്ച് ഗുരുവായൂര്‍ ദേവസ്വം

ഏകാദശി ഉദയാസ്‌തമന പൂജ മാറ്റിയതിനെതിരായ തന്ത്രി കുടുംബാംഗങ്ങളുടെ ഹർജിയിലാണ് ഹൈക്കോടതിയില്‍ ഗുരുവായൂര്‍ ദേവസ്വം സത്യവാങ്‌മൂലം സമര്‍പ്പിച്ചത്.

UDAYASTHAMANA POOJA GURUVAYUR  EKADASHI UDAYASTHAMANA POOJA  KERALA HIGH COURT GURUVAYUR  ഗുരുവായൂര്‍ ഉദയാസ്‌തമന പൂജ
kerala high court (ETV Bharat)

By ETV Bharat Kerala Team

Published : Nov 30, 2024, 4:03 PM IST

എറണാകുളം:ഉദയാസ്‌തമന പൂജ വഴിപാട് മാത്രമാണെന്നും ആചാരമല്ലെന്നും തന്ത്രി അഭിപ്രായപ്പെട്ടുവെന്ന് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ്. ഏകാദശി ഉദയാസ്‌തമന പൂജ മാറ്റിയത് ശ്രീകോവിൽ അടച്ചിടാതെ ദർശനം സുഗമമാക്കുന്നതിന് വേണ്ടിയെന്നും ദേവസ്വം സത്യവാങ്‌മൂലത്തിലൂടെ ഹൈക്കോടതിയെ അറിയിച്ചു.

വർഷങ്ങളായി ഏകാദശി നാളിൽ ദർശന സമയത്തിന്‍റെ അഞ്ച് മണിക്കൂറോളം ഉദയാസ്‌തമന പൂജയ്ക്കായി ഉപയോഗിക്കേണ്ടി വന്നിരുന്നു. തുടർന്ന് ബദൽ മാർഗം സംബന്ധിച്ച് തന്ത്രിയ്ക്ക് മുന്നിൽ ദേവസ്വം അപേക്ഷ മുന്നോട്ടു വച്ചു. തന്ത്രിയുടെ ആവശ്യപ്രകാരം നടത്തിയ ദേവഹിതം വൃശ്ചിക ഏകാദശി ഉദയാസ്‌തമന പൂജ തുലാമാസത്തിലേക്ക് മാറ്റുന്നതിന് അനുകൂലമായിരുന്നുവെന്നും ഗുരുവായൂർ ദേവസ്വത്തിന്‍റെ സത്യവാങ്മൂലത്തിൽ പറയുന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

ഏകാദശി ഉദയാസ്‌തമന പൂജ മാറ്റിയതിനെതിരായ തന്ത്രി കുടുംബാംഗങ്ങളുടെ ഹർജിയിലാണ് ഗുരുവായൂർ ദേവസ്വത്തിന്‍റെ സത്യവാങ്മൂലം. ഹർജി കുടുംബ വഴക്കിന്‍റെ ഭാഗമെന്ന് വ്യക്തമാക്കിയ ഗുരുവായൂർ ദേവസ്വം ചേന്നാസ് മനയിലെ അംഗങ്ങൾ മാത്രമാണ് ഹർജിക്കാരെന്നും തന്ത്രി കുടുംബാംഗങ്ങളെന്ന് വിശേഷിപ്പിക്കാനാകില്ലെന്നും ചൂണ്ടിക്കാട്ടി.

ദേവസ്വമാണ് ഏകാദശി ഉദയാസ്‌തമന പൂജ വഴിപാടായി നടത്തുന്നതെന്നും ആചാരമല്ലാത്തതു കൊണ്ട് ആചാര ലംഘനം നടന്നുവെന്ന് പറയാനാകില്ലെന്നും ഗുരുവായൂർ ദേവസ്വം വാദമുന്നയിച്ചിട്ടുണ്ട്. തന്ത്രി ഒന്നേയുള്ളൂ. പല ആചാരങ്ങളിലും ചടങ്ങുകളിലും മുൻ തന്ത്രി മാറ്റം വരുത്തിയിട്ടുണ്ട്. ഏകാദശി ദിവസം ഭക്തർക്ക് കൂടുതൽ ദർശന സമയം അനുവദിക്കുകയെന്നത് കടമയാണെന്നും ഉദയാസ്‌തമന പൂജ ആചാരമാണെങ്കിൽ അക്കാര്യം സിവിൽ കോടതിയിൽ സ്ഥാപിക്കേണ്ടതുണ്ടെന്നുമാണ് ഗുരുവായൂർ ദേവസ്വത്തിന്‍റെ നിലപാട്.

Also Read :പതിനെട്ടാം പടിയിലെ ഫോട്ടോഷൂട്ട്: അംഗീകരിക്കാനാകില്ല എന്നാവർത്തിച്ച് ഹൈക്കോടതി

ABOUT THE AUTHOR

...view details