എറണാകുളം: കനത്ത മഴയിൽ നേര്യമംഗലം വില്ലാഞ്ചിറയിൽ കാറിന് മുകളിൽ മരം വീണ് ഒരാൾ മരിച്ചു. രാജകുമാരി സ്വദേശി ജോസഫ് (61) ആണ് മരിച്ചത്. കാർ യാത്രക്കാരായ മറ്റ് മൂന്ന്പേർക്കും അപകടത്തിൽ പരിക്കേറ്റു.
ഓടിക്കൊണ്ടിരിക്കുകയായിരുന്ന കെഎസ്ആർടിസി ബസിനും കാറിന് മുകളിലേക്കും വൻ മരം കടപുഴകി വീഴുകയായിരുന്നു. കാർ വെട്ടിപൊളിച്ചാണ് അപകടത്തിൽ പെട്ടവരെ പുറത്തെടുത്തത്. അപകടത്തിൽ സാരമായി പരിക്കേറ്റ മൂന്ന് പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ദുരന്ത നിവാരണ സേനയും ഫയർ ഫോഴ്‌സ് സംഘവും സ്ഥലത്ത് എത്തിയാണ് കടപുഴകി വാഹനങ്ങൾക്ക് മുകളിലേക്ക് വീണ മരം നീക്കം ചെയ്‌തത്. എറണാകുളം ജില്ലയുടെ മലയോര മേഖലയിൽ ശക്തമായ മഴ തുടരുകയാണ്. ഇരമല്ലൂർ വില്ലേജ് ചെറുവട്ടൂർ ഭാഗത്തും വീടിന് മുകളിൽ തേക്ക് മരം വീണു അപകടമുണ്ടായി.
കുന്നത്തുനാട് താലൂക്ക് രായമംഗലം വില്ലേജിൽ എംസി റോഡിൽ പുല്ലുവഴി മില്ലും പടി ബസ് സ്റ്റോപ്പിന് സമീപം റോഡിലേക്ക് മരം ഒടിഞ്ഞു വീണ് ഗതാഗതം ഭാഗികമായി തടസപ്പെട്ടു. ഫയർഫോഴ്‌സ് എത്തി മരം മുറിച്ചു നീക്കി. അതേസമയം ജില്ലയിലെ മറ്റ് താലൂക്കുകളിൽ മറ്റ് അപകടങ്ങൾ ഇതുവരെ റിപ്പോ൪ട്ട് ചെയ്‌തിട്ടില്ല. എല്ലാ താലൂക്കുകളിലും ഭേദപ്പെട്ട മഴയാണ് ലഭിച്ചത്. ജില്ലയിൽ 25, 26 തീയതികളിൽ യെല്ലോ അലെ൪ട്ട് ആണ് കേന്ദ്ര കാലാവസ്ഥ വിഭാഗം പ്രഖ്യാപിച്ചത്.
ALSO READ:കാറ്റിലും മഴയിലും തെങ്ങ് കടപുഴകി വീണ് വീട് തകർന്നു; ആറു വയസുകാരന് പരിക്ക്