പത്തനംതിട്ട :കമ്മിഷണറെ നിയമിക്കാനുള്ള അധികാരവുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡ് സുപ്രീം കോടതിയെ സമീപിച്ചതായിട്ടുളള വാർത്തകൾ അവാസ്‌തവമായിട്ടുളളതാണെന്ന് അധികൃതർ. ഇത് സംബന്ധിച്ച് മാധ്യമങ്ങളിൽ വാർത്ത വന്നതിനെക്കുറിച്ചുളള വിഷയത്തിലാണിപ്പോൾ ദേവസ്വം ബോർഡ് വിശദീകരണം നൽകിയിരിക്കുന്നത്. തിരുവിതാകൂർ ദേവസ്വം ബോർഡ് സുപ്രീം കോടതിയെ സമീപിച്ചത് ഹൈ കോടതിയ്‌ക്കോ ഏതെങ്കിലും ഒരു ഉദ്യോഗസ്ഥനോ എതിരെയുള്ള ഒരു നടപടി അല്ല. ബോർഡിൻ്റെ നിയമപരമായ അവകാശങ്ങൾ സംരക്ഷിച്ചു കിട്ടുന്നതിനുള്ള നടപടി മാത്രമാണ്.
കീഴ്‌ക്കോടതി ഉത്തരവിനെതിരെ ഉപരി കോടതിയെ സമീപിക്കാമെന്ന ഏതൊരു പൗരനും സംഘടനയ്ക്കും ഉള്ള നിയമപരമായ അവകാശമാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് വിനിയോഗിച്ചതെന്നും വാർത്താക്കുറിപ്പിൽ പറയുന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡ് കമ്മിഷണറെ നിയമിക്കുന്നതിനോ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയോഗിക്കുന്നതിനോ കേരള ഹൈക്കോടതിയുടെ മുൻകൂർ അനുമതി വേണമെന്ന ഡിബിപി നമ്പർ 2024 ലെ 44-ാം നമ്പർ കേസിലെ ഹൈക്കോടതി ഉത്തരവിന് എതിരായിട്ടാണ് ദേവസ്വം ബോർഡ് സുപ്രീം കോടതിയെ സമീപിച്ചത്.