തിരുവനന്തപുരം : മോട്ടോർ ഡ്രൈവിംഗ് സ്‌കൂൾ ഉടമകളുടെ വ്യാപക പ്രതിഷേധത്തെ തുടർന്ന്, സംസ്ഥാനത്ത് പ്രതിദിന ഡ്രൈവിങ് ടെസ്റ്റുകളുടെ എണ്ണം 50 ആയി നിജപ്പെടുത്താനുള്ള നിർദേശം മയപ്പെടുത്തി ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. ഇന്ന് സ്ലോട്ട് ബുക്ക് ചെയ്‌ത മുഴുവൻ അപേക്ഷകർക്കും ടെസ്റ്റ് നടത്താൻ എല്ലാ ജില്ലയിലെയും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്കും നിർദ്ദേശം നൽകിയതായി ഗതാഗത മന്ത്രിയുടെ ഓഫീസ് അറിയിച്ചു. പ്രതിദിന ഡ്രൈവിംഗ് ടെസ്റ്റുകളുടെ എണ്ണം 50 ആയി നിജപ്പെടുത്താനുള്ള മന്ത്രിയുടെ നിർദ്ദേശത്തിനെതിരെ സംസ്ഥാനത്ത് ഇന്ന് വ്യാപക പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. പല ഡ്രൈവിംഗ് ടെസ്റ്റ് കേന്ദ്രങ്ങളിലും ഗതാഗത മന്ത്രിയുടെ കോലം കത്തിച്ചിരുന്നു (Transport Minister's office).
തിരുവനന്തപുരം മുട്ടത്തറയിലെ ഓട്ടോമാറ്റഡ് ഡ്രൈവിംഗ് ടെസ്റ്റ് കേന്ദ്രത്തിൽ ഡ്രൈവിംഗ് സ്‌കൂൾ ഉടമകൾ അപേക്ഷകരെ അണിനിരത്തി പ്രതിഷേധം നടത്തി. സംഭവത്തിൽ വ്യാപക പ്രതിഷേധമുയർന്ന സാഹചര്യത്തിലാണ് മന്ത്രി നിലപാട് മയപ്പെടുത്തിയത്. മുട്ടത്തറയിൽ മാത്രം ഇന്ന് 140 ഓളം അപേക്ഷകരാണ് ഡ്രൈവിംഗ് ടെസ്റ്റിന് എത്തിയത്. എത്തിയവർക്കെല്ലാം ടെസ്റ്റ് നടത്തുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
50 പേര്‍ക്ക് മാത്രമേ ടെസ്റ്റ് നടത്താകൂ എന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ കഴിഞ്ഞ ദിവസം മോട്ടോര്‍ വാഹന വകുപ്പിന് നിര്‍ദേശം നല്‍കിയിരുന്നു. സംസ്ഥാനത്തെ മുഴുവന്‍ ആര്‍.ടി.ഒമാരുടെയും യോഗത്തിലാണ് മന്ത്രി ഡ്രൈവിങ് ടെസ്റ്റ് നടത്തേണ്ടവരുടെ എണ്ണം വെട്ടിക്കുറയ്ക്കാനുള്ള നിര്‍ദേശം നല്‍കിയത് (Motor Vehicle Department).