തിരുവനന്തപുരം: വണ്ടിപ്പെരിയാറിൽ അഞ്ചര വയസുകാരിയെ ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തി കെട്ടിത്തൂക്കിയ കേസിലെ പ്രതിയെ കോടതി വെറുതെ വിട്ട സംഭവത്തിൽ ഇരയ്ക്കും കുടുംബത്തിനും നീതി ലഭിക്കുന്നതിന് ഏതറ്റം വരെയും സർക്കാർ പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. ഇതു സംബന്ധിച്ച് സണ്ണി ജോസഫ് അനുമതി തേടിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി.
പ്രതികൾ രക്ഷപ്പെടുന്ന തരത്തിലുള്ള ഒരു വിട്ടുവീഴ്‌ചയും ഉണ്ടാകില്ല. സംഭവം അങ്ങേയറ്റം ദൗർഭാഗ്യകരമാണ്. കേസ് സംബന്ധിച്ച് സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി. അത് ഇപ്പോൾ കോടതിയുടെ പരിഗണനയിലാണ്. പ്രതിയെ വെറുതേ വിട്ടു കൊണ്ട് കോടതി പുറപ്പെടുവിച്ച വിധിന്യായത്തിൽ ചൂണ്ടിക്കാട്ടിയ കേസന്വേഷണത്തിലെ വീഴ്‌ചകൾ വിശദമായി പരിശോധിക്കും. പ്രതിയുടെയോ അദ്ദേഹത്തിൻ്റെ പിതാവിൻ്റെയോ രാഷ്ട്രീയ ബന്ധം സർക്കാരിനെ സ്വാധീനിക്കില്ല. അന്വേഷണത്തിൽ വീഴ്ച വരുത്തിയതായി കോടതി ചൂണ്ടിക്കാട്ടിയ അന്വേഷണ ഉദ്യോഗസ്ഥനെതിരെ വകുപ്പുതല നടപടി ഉൾപ്പെടെ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംഭവം നടന്നതു മുതൽ പ്രതിയെ രക്ഷപ്പെടുത്താനുള്ള നടപടികളുടെ പരമ്പരയാണ് ഉണ്ടായതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചു.