മുംബൈ: കേന്ദ്ര ബജറ്റ് അവതരണത്തിന് മുന്നോടിയായി ശനിയാഴ്‌ച നടന്ന പ്രത്യേക വ്യാപാര സെഷനിൽ ഇന്ത്യൻ ഓഹരി വിപണികൾ ആരംഭിച്ചത് നേട്ടത്തില്‍. നിഫ്റ്റി 50 സൂചിക 20.20 പോയിന്‍റ് അഥവാ 0.09 ശതമാനം നേട്ടം രേഖപ്പെടുത്തി 23,528.60 ൽ എത്തി. ബിഎസ്ഇ സെൻസെക്‌സ് സൂചിക 136.44 പോയിന്‍റ് അഥവാ 0.18 ശതമാനം നേട്ടത്തോടെ 77,637.01 ൽ വ്യാപാരം ആരംഭിച്ചു.
നിഫ്റ്റി 50 സൂചികയിലെ 27 ഓഹരികൾ പച്ച നിറത്തിലും, 24 ഓഹരികൾ ചുവപ്പ് നിറത്തിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇൻഡസ്ഇൻഡ് ബാങ്ക്, അൾട്രാടെക് സിമൻ്റ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, എൻടിപിസി ലിമിറ്റഡ്, ഐടിസി ഹോട്ടൽസ്, സൺ ഫാർമ, ഏഷ്യൻ പെയിൻ്റ്‌സ് എന്നിവയാണ് നേട്ടമുണ്ടാക്കിയത്. 2,320 ഓഹരികൾ ഉയരുകയും 737 ഓഹരികൾ നഷ്‌ടത്തിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
വോഡഫോൺ ഐഡിയ ലിമിറ്റഡ്, യെസ് ബാങ്ക് ലിമിറ്റഡ്, റെയിൽ വികാസ് നിഗം ലിമിറ്റഡ്, ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ് എന്നിവയാണ് നിലവില്‍ ഏറ്റവും കൂടുതല്‍ ലാഭം കൊയ്യുന്നത്. കൊട്ടക് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ടിസിഎസ്, ടൈറ്റൻ എന്നിവയാണ് ഏറ്റവും കൂടുതല്‍ നഷ്‌ടം നേരിട്ടത്.
അതേസമയം, യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ സമീപകാല താരിഫ് പ്രഖ്യാപനം കേന്ദ്ര ബജറ്റിനെയും ഓഹരി വിപണിയെയും ദോഷമായി ബാധിക്കുമെന്ന് വിപണി വിദഗ്‌ധര്‍ അഭിപ്രായപ്പെട്ടു. കാനഡയ്ക്കും മെക്‌സിക്കോയ്ക്കും 25 ശതമാനം താരിഫും ചൈനയ്ക്ക് 10 ശതമാനം താരിഫും ട്രംപ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Read Also: ജനപ്രിയ പ്രഖ്യാപനങ്ങളില്‍ കണ്ണുനട്ട് രാജ്യം; മധ്യവര്‍ഗത്തിന് വാനോളം പ്രതീക്ഷ