തിരുവനന്തപുരം :കണ്ണൂര്‍ സ്വദേശിയാണെങ്കിലും സാക്ഷാല്‍ ലീഡര്‍ കെ കരുണാകരന്‍ അദ്ദേഹത്തിന്‍റെ രാഷ്‌ട്രീയ ജീവിതം ആരംഭിക്കുന്നത് തൃശൂരില്‍ ഐഎന്‍ടിയുസി നേതാവായാണ്. തൃശൂര്‍ സീതാറാം മില്‍സിലെ തൊഴിലാളികളെ കോണ്‍ഗ്രസിന്‍റെ തൊഴിലാളി സംഘടനയായ ഐഎന്‍ടിയുസി യൂണിയന് കീഴില്‍ അണിനിരത്തുക എന്ന ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയ കരുണാകരന്‍ ആദ്യം തൃശൂര്‍ കോര്‍പറേഷനിലെ കൗണ്‍സിലറായി പാര്‍ലമെന്‍ററി രംഗത്തേക്ക് കടന്നു. പിന്നാലെ തൃശൂര്‍ ജില്ലയിലെ മാള നിയമസഭാമണ്ഡലം കേന്ദ്രമാക്കി നിയമസഭയിലെത്തി.
1967 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ മാളയില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി കരുണാകരന്‍ നിയമസഭയിലെത്തുമ്പോള്‍ കോണ്‍ഗ്രസിന്‍റെ അംഗബലം വെറും 9. നിര്‍ണായക ഘട്ടത്തില്‍ കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി നേതൃസ്ഥാനം ഏറ്റെടുക്കാന്‍ അന്നത്തെ കോണ്‍ഗ്രസ് നേതാവ് അലക്‌സാണ്ടര്‍ പറമ്പിത്തറ വിസമ്മതിച്ചപ്പോള്‍ കരുണാകരന്‍ കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി ലീഡറും പിന്നാലെ പ്രതിപക്ഷ നേതാവുമായി. പിന്നെ പതിറ്റാണ്ടുകളോളം കരുണാകരന്‍റെ തട്ടകം തൃശൂരിലെ മാള നിയോജക മണ്ഡലമായി.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കോട്ടയായിട്ടും അവിടെ ജയിച്ചു കയറി കരുണാകരന്‍ കേരളത്തിന്‍റെ ആഭ്യന്തര മന്ത്രിയും ഒന്നിലേറെ തവണ പ്രതിപക്ഷ നേതാവും അതിലേറെ തവണ കേരളത്തിലെ മുഖ്യമന്ത്രിയുമായി. ഒരിക്കല്‍ പോലും തന്നെ കൈവിടാത്ത മാള ഉള്‍പ്പെടുന്ന തൃശൂര്‍ ജില്ല തന്‍റെ പൊന്നാപുരം കോട്ടയാണെന്ന് കരുണാകരന്‍ കരുതിയ കാലത്താണ് 1991ല്‍ വന്‍ ഭൂരിപക്ഷത്തില്‍ യുഡിഎഫ് അധികാരത്തിലെത്തുകയും കെ കരുണാകരന്‍ നാലാം തവണ കേരളത്തിന്‍റെ മുഖ്യമന്ത്രിയാവുകയും ചെയ്യുന്നത്.
എന്നാല്‍ കോണ്‍ഗ്രസ് ഗ്രൂപ്പുവഴക്കില്‍ 1995 ല്‍ കരുണാകരന് മുഖ്യമന്ത്രി സ്ഥാനം നഷ്‌ടമാകുകയും എ കെ ആന്‍റണി കേരളത്തിന്‍റെ മുഖ്യമന്ത്രിയാവുകയുമായിരുന്നു. മുഖ്യമന്ത്രി സ്ഥാനം നഷ്‌ടപ്പെട്ട കരുണാകരനെ അന്ന് കേന്ദ്രം ഭരിച്ചിരുന്ന കോണ്‍ഗ്രസ്, സര്‍ക്കാരില്‍ വ്യവസായ മന്ത്രിയാക്കി. പിന്നാലെ 1996ലെ തെരഞ്ഞെടുപ്പില്‍ സിറ്റിംഗ് എംപിയായിരുന്ന പിസി ചാക്കോ സുരക്ഷിത മണ്ഡലം എന്ന നിലയില്‍ തൃശൂര്‍ കരുണാകരന് മത്സരിക്കാന്‍ ഒഴിഞ്ഞുകൊടുത്തു.