ആഗോളതലത്തിൽ സിനിമ പൂർണ്ണമായും ഡിജിറ്റലിലേയ്‌ക്ക് ചുവടുമാറിയിട്ട് ഏകദേശം 12 വർഷത്തോളമായി. 2005-2006 കാലഘട്ടത്തിൽ ബോളിവുഡിലും പ്രാദേശിക സിനിമകളിലും ഡിജിറ്റൽ ക്യാമറ വ്യാപകമായി ഉപയോഗിച്ചു തുടങ്ങിയിരുന്നു. എന്നാൽ 2013 വരെ ബിഗ് ബജറ്റ് ചിത്രങ്ങൾക്ക് ഫിലിം ക്യാമറകളാണ് ഉപയോഗിച്ചിരുന്നത്.
മഹാനടൻ കമൽഹാസനാണ് ഇന്ത്യൻ സിനിമയിൽ ഡിജിറ്റൽ വിപ്ലവത്തിന് തുടക്കം കുറിക്കുന്നത്. 2005ൽ പുറത്തിറങ്ങിയ കമല്‍ ഹാസന്‍റെ ബഹുഭാഷാ ചിത്രം മുംബൈ എക്‌സ്‌പ്രസ്സാണ് ഇന്ത്യയിൽ ഡിജിറ്റൽ സിനിമ ക്യാമറ ഉപയോഗിച്ച് ചിത്രീകരിച്ച ആദ്യ ചിത്രം. തുടർന്ന് കൃത്യം ഒരു വർഷം കഴിഞ്ഞപ്പോൾ മലയാളത്തിലും ആദ്യ ഡിജിറ്റൽ സിനിമാറ്റോഗ്രാഫി പുറത്തിറങ്ങി.
വികെ പ്രകാശ് സംവിധാനം ചെയ്‌ത മൂന്നാമതൊരാൾ ആയിരുന്നു മലയാളത്തിലെ ആദ്യ ഡിജിറ്റൽ സിനിമാറ്റോഗ്രാഫി ചിത്രം. ഇന്ത്യയിൽ ആദ്യമായി ഉപഗ്രഹ സഹായത്തോടെ ഡിജിറ്റലി തിയേറ്ററുകളിൽ എത്തിച്ച സിനിമയും മൂന്നാമതൊരാൾ ആയിരുന്നു. തുടർന്ന് വികെപിയുടെ നിരവധി സിനിമകൾ ഡിജിറ്റൽ സിനിമ ക്യാമറ ഉപയോഗിച്ച് ഷൂട്ട് ചെയ്‌തു.
ഫിലിമിൽ നിന്നും ഡിജിറ്റലിലേക്കുള്ള മാറ്റം ആ കാലത്ത് പെട്ടെന്ന് ഉൾക്കൊള്ളാൻ സിനിമ പ്രേക്ഷകർക്ക് ആയില്ല. ഒരു സെക്കൻഡിൽ 24 ഫ്രെയിമുകൾ ഓടുമ്പോൾ ലഭിക്കുന്ന സിനിമാറ്റിക് കാഴ്‌ച്ചാനുഭവം അക്കാലത്തെ ഡിജിറ്റൽ സിനിമ ക്യാമറകൾക്ക് പകർന്നു തരാൻ സാധിച്ചില്ല. എന്നാൽ ഡിജിറ്റൽ സിനിമാറ്റോഗ്രാഫിയാണ് ഇനി മലയാള സിനിമയുടെ ഭാവി നിർണ്ണയിക്കുന്നതെന്ന് അടിവരയിട്ട് പറയാനുള്ള കാരണക്കാരൻ ഛായാഗ്രാഹകൻ സമീർ താഹിർ ആണ്.
ഡിജിറ്റൽ സിനിമ ക്യാമറ പോലും ഉപയോഗിക്കാതെ സിനിമ ലെൻസും സെവന്‍ ഡി (7d) എന്ന കാനോണിന്‍റെ സ്‌റ്റില്‍ ക്യാമറയിലെ വീഡിയോ മോടും ഉപയോഗിച്ച് ചിത്രീകരിച്ച 'ചാപ്പാകുരിശ്' എന്ന ചിത്രം ഇന്ത്യൻ സിനിമയെ പിടിച്ചു കുലുക്കി. ചെലവ് കുറഞ്ഞ ഗുണമേന്‍മ കൂടിയ ഡിജിറ്റൽ സിനിമാറ്റോഗ്രാഫി വിപ്ലവം ആകുന്നത് ഒരുപക്ഷേ 'ചാപ്പാകുരിശ്' എന്ന ചിത്രത്തിലൂടെ ആയിരുന്നു.
റെഡ്, ആരി തുടങ്ങിയ സിനിമ ക്യാമറകൾ ഇന്ന് മലയാള സിനിമയിൽ വ്യാപകമായി ഉപയോഗിച്ചു പോരുന്നു. കുറഞ്ഞ വെളിച്ചത്തിലും ഏത് കാലാവസ്ഥയിലും സുഗമമായി ഉപയോഗിക്കാം എന്നുള്ളതാണ് ഡിജിറ്റൽ സിനിമ ക്യാമറകളുടെ പ്രത്യേകത. ഡിജിറ്റൽ സിനിമ സജീവമായതോടെ ആർക്കുവേണമെങ്കിലും ഒരു സിനിമ ചിത്രീകരിക്കാം എന്ന സാഹചര്യം ഉണ്ടായി.
ഫിലിം ക്യാമറകൾ കൈകാര്യം ചെയ്യാനുള്ള ബുദ്ധിമുട്ട് ഡിജിറ്റൽ ക്യാമറകൾക്കില്ല. മാത്രമല്ല ഫിലിം ക്യാമറകൾ വളരെയധികം ചിലവേറിയതുമാണ്. സാധാരണ ഒരു ക്യാൻ ഫിലിമിന്‍റെ ചിലവെന്ന് പറയുന്നത് 12,000 രൂപ മുതൽ 19,000 രൂപ വരെയാണ്. 400 അടി ഫിലിമാണ് ഒരു കാനിൽ ഉണ്ടാവുക. മൂന്നര മിനിറ്റ് മാത്രമാണ് ഒരു ക്യാൻ ഫിലിമിൽ പരമാവധി ഷൂട്ട് ചെയ്യാൻ സാധിക്കുക.
ഒരു സിനിമ പൂർത്തിയാക്കണമെങ്കിൽ 60 മുതൽ 80 വരെ ഫിലിം കാനുകൾ ആവശ്യമുണ്ട്. ഫിലിമിന്‍റെ നിലവാരത്തിനും ഗേജിനും അനുസരിച്ച് വിലയിൽ വർദ്ധനവ് ഉണ്ടാകും. എന്നാൽ ഡിജിറ്റൽ ക്യാമറകൾ സജീവമായതോടെ ഇത്തരം ഭാരിച്ച ചിലവ് ഒഴിവായി. ഡിജിറ്റൽ വിപ്ലവം ഇന്ത്യൻ സിനിമയുടെ മുഖച്ഛായ തന്നെ മാറ്റി.
പക്ഷേ ഇപ്പോഴും വിഖ്യാത ഛായാഗ്രാഹകരെല്ലാം ഫിലിം ക്യാമറയുടെ ആരാധകരാണ്. ഫിലിമിൽ ലഭിക്കുന്ന സിനിമാറ്റിക് അനുഭവവും ചിത്രങ്ങളുടെ ക്വാളിറ്റിയും ഒരു ഡിജിറ്റൽ ക്യാമറയ്ക്കും നൽകാനാകില്ലെന്ന് പല ഛായാഗ്രാഹകരും തുറന്നു പറഞ്ഞിട്ടുണ്ട്. എങ്കിലും കാലത്തിനനുസരിച്ച് പലരും ഡിജിറ്റലിലേക്ക് പൂർണ്ണമായും ചേക്കേറി.
എന്നാല്‍ അടുത്തിടെ റിലീസ് ചെയ്‌ത ഓപ്പൺ ഹൈമർ അടക്കമുള്ള സിനിമകൾ ഫിലിം ക്യാമറയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. മലയാള സിനിമ പൂർണമായും ഡിജിറ്റൽ വത്‌ക്കരണം നടന്ന ശേഷവും അറബിയും ഒട്ടകവും പി മാധവൻ നായരും (2011) എന്ന സിനിമയും ശ്രീനിവാസൻ സംവിധാനം ചെയ്‌ത തിര (2013) എന്ന ചിത്രവും ഫിലിമിൽ ഷൂട്ട് ചെയ്‌തിട്ടുണ്ട്.
ഇപ്പോഴിതാ സംവിധായകനും ഛായാഗ്രാഹകനുമായ ജിബു ജേക്കബ് സിനിമയിലെ ഡിജിറ്റല്‍ വത്‌ക്കരണത്തെ കുറിച്ച് ഇടിവി ഭാരതിനോട് തുറന്നു പറയുകയാണ്. മലയാളത്തിലെ നിരവധി ഹിറ്റ് ചിത്രങ്ങൾക്കാണ് അദ്ദേഹം ക്യാമറ കൈകാര്യം ചെയ്‌തിട്ടുള്ളത്. 'വെള്ളിമൂങ്ങ', 'മെ ഹൂം മൂസ', 'ആദ്യ രാത്രി' തുടങ്ങിയ സിനിമകൾ ജിബു ജേക്കബ് സംവിധാനവും ചെയ്‌തിട്ടുണ്ട്.
ഗുണമേന്‍മയും ചിലവ് കുറവും ഡിജിറ്റൽ സിനിമ ക്യാമറകളുടെ മുഖമുദ്രയാണെന്ന് പറയുമ്പോഴും ഡിജിറ്റൽ വത്‌ക്കരണം മലയാള സിനിമയുടെ ചിലവ് കൂടുകയാണെന്നാണ് അദ്ദേഹം പറയുന്നത്.
"ഡിജിറ്റൽ സിനിമ ക്യാമറകൾ സത്യത്തിൽ മലയാള സിനിമയുടെ ചിലവ് കൂട്ടുന്നു. ചിലവ് കുറയ്ക്കുക എന്ന മുഖ്യ ഉദ്ദേശത്തോടു കൂടിയാണ് ഡിജിറ്റൽ സിനിമാറ്റോഗ്രാഫി മലയാള സിനിമയിൽ യുദ്ധകാല അടിസ്ഥാനത്തിൽ പ്രായോഗികമായത്. ഡിജിറ്റൽ സിനിമ ക്യാമറകൾക്ക് ചിലവ് കുറവാണെന്ന് പറയുന്നത് അക്ഷരാർത്ഥത്തിൽ ഒരു തെറ്റിദ്ധാരണയാണ്. എന്‍റെ കാഴ്‌ച്ചപ്പാടിൽ ചിലവ് കൂടിയിട്ടേ ഉള്ളൂ," ജിബു ജേക്കബ് പറഞ്ഞു.
ഒരു ഫിലിം ക്യാമറയുടെ ഇരട്ടി വാടകയാണ് ഡിജിറ്റൽ ക്യാമറകൾക്ക് നൽകേണ്ടി വരുന്നതെന്നും ആ ചിലവ് തന്നെ ഭീകരമാണെന്നും സംവിധായകന്‍ പറഞ്ഞു.
"പണ്ട് ഫിലിം മാഗസിൻ വാങ്ങണമെന്ന് പറയുമ്പോൾ ഇപ്പോൾ ഷൂട്ട് ചെയ്യുന്ന റഷ് സൂക്ഷിക്കാൻ ഹാർഡ് ഡിസ്‌കുകൾ വാങ്ങണം. അതിന്‍റെ ചിലവ് പരിശോധിച്ചാൽ ഏകദേശം ഫിലിം മാഗസിൻ വാങ്ങുന്ന ചിലവിൽ താഴയെ വരികയുള്ളൂ. ഫിലിം ക്യാമറകൾ ഉപയോഗിക്കുന്നതിന്‍റെ ഇരട്ടി ചിലവാണ് ഇപ്പോൾ ഡിജിറ്റൽ ക്യാമറകൾ ഉപയോഗിക്കാൻ ചിലവാക്കേണ്ടി വരുന്നത്. അതിലൊക്കെ ഉപരി ചിത്രീകരണത്തിലെ അച്ചടക്കം എന്ന വസ്‌തുത ഡിജിറ്റൽ സിനിമ വന്നതോടെ നഷ്‌ടപ്പെട്ടു," ജിബു ജേക്കബ് കൂട്ടിച്ചേര്‍ത്തു.
ഒരു ഹോംവർക്കോ പ്ലാനിംഗോ ഇല്ലാതെയാണ് ചിലര്‍ സെറ്റിലേയ്‌ക്ക് വരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഏത് ആംഗിളില്‍ എടുക്കണമെന്ന് തീരുമാനിക്കുന്നത് പോലും സെറ്റില്‍ വന്നിട്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
"ചിലപ്പോൾ ഒരു രംഗം മികച്ചതായി ലഭിച്ചാലും മറ്റൊരാളിൽ ഒന്നുകൂടി എടുത്തേക്കാമെന്ന് തീരുമാനിക്കും. ഫിലിം അല്ലല്ലോ ഡിജിറ്റൽ അല്ലേ എത്ര വേണമെങ്കിലും ഷൂട്ട് ചെയ്യാം. ഈ സംഭവം ഇൻഡസ്ട്രിയുടെ ഒരു ശാപമാണ്. പല അഭിനേതാക്കൾക്കും ഇത് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. ഫിലിം ക്യാമറകളാണെങ്കിൽ ഷൂട്ടും സമയവുമൊക്കെ കൃത്യമായി പ്ലാൻ ചെയ്‌ത് ഷോട്ട് വച്ച് എടുത്തു തീർക്കണം. ഡിജിറ്റൽ വന്നതോടെ അങ്ങനെ ഒരു പ്ലാനിംഗിന്‍റെ ആവശ്യമില്ല,"ഛായാഗ്രാഹകന്‍ പറഞ്ഞു.
പരീക്ഷണങ്ങൾ എന്നതിന്‍റെ പേരിൽ ഒരുപാട് സമയം കളയുന്ന പ്രവണത ഇപ്പോൾ സെറ്റുകളിൽ കാണുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
"25 ഓളം സിനിമകൾ ഞാൻ ഫിലിമിൽ വർക്ക് ചെയ്‌തു. അത്രയും തന്നെ ഡിജിറ്റലിലും വർക്ക് ചെയ്‌തിട്ടുണ്ട്. അതുകൊണ്ട് തന്നെ മേൽപ്പറഞ്ഞ കാര്യങ്ങൾ ആധികാരികതയോടെ എനിക്ക് പറയാനാകുമെന്ന് ജിബു ജേക്കബ് വ്യക്‌തമാക്കി. ഡിജിറ്റൽ സിനിമാറ്റോഗ്രാഫിയെ ആധികാരികമായി വിശ്വസിച്ച് പല പരീക്ഷണങ്ങൾ നടത്തുന്നവരും പ്ലാനിംഗ് ഇല്ലാതെ ഷൂട്ടിനെ സമീപിക്കുന്നവരും വെറുതെ ആവശ്യമില്ലാതെ കുറെയധികം ഷോട്ടുകൾ എടുത്തു കൂട്ടുന്നവരും മലയാള സിനിമയിലെ നിർമ്മാതാക്കളുടെ ശാപമായി മാറിയിരിക്കുന്നു," ജിബു ജേക്കബ് പറഞ്ഞു.
താൻ ടെക്നോളജിയെ മോശമാക്കി സംസാരിച്ചതല്ലെന്നും കാലത്തിനനുസരിച്ച് ടെക്നോളജി വളരുമെന്നും എന്നാല്‍ ടെക്നോളജി ദുരുപയോഗം ചെയ്യുന്ന ഒരു പ്രവണതയാണ് താൻ എടുത്തു പറഞ്ഞതെന്നും ജിബു ജേക്കബ് പ്രതികരിച്ചു.
Also Read: കീറിയ ചെരുപ്പുമായി മമ്മൂട്ടി.. ക്യാമറയ്‌ക്ക് പിന്നിൽ നിന്ന് കരഞ്ഞ് ഛായാഗ്രാഹകൻ - AZHAGAPPAN