കേരളം

kerala

ETV Bharat / state

തൃപ്പൂണിത്തുറ ചൂരക്കാട് സ്‌ഫോടനം; മജിസ്റ്റീരിയൽ അന്വേഷണത്തിന് ഉത്തരവ് - Magisterial Inquiry Ordered

രണ്ടു കിലോമീറ്റർ ചുറ്റളവിൽ സ്ഫോടന ശബ്‌ദം കേട്ടെന്ന് നാട്ടുകാര്‍. വീടുകള്‍ക്ക് ഉള്ളില്‍ നിന്നവര്‍ക്ക് പോലും ചില്ലുകള്‍ പൊട്ടിത്തെറിച്ച് പരിക്കേറ്റിട്ടുണ്ടെന്നും കണ്ടെത്തല്‍.

തൃപ്പൂണിത്തുറ ചൂരക്കാട് സ്‌ഫോടനം  പുതിയകാവ് ക്ഷേത്രോത്സവം  Tripunithura Churakad Blast  Magisterial Inquiry Ordered  എറണാകുളം സ്ഫോടനം
A Magisterial Inquiry Has Been Ordered Into Tripunithura Churakad Blast

By ETV Bharat Kerala Team

Published : Feb 13, 2024, 3:25 PM IST

എറണാകുളം: തൃപ്പൂണിത്തുറ ചൂരക്കാട് പുതിയകാവ് ക്ഷേത്രോത്സവത്തിനെത്തിച്ച സ്ഫോടക വസ്‌തുക്കൾ പൊട്ടിത്തെറിച്ച് രണ്ടു പേർ മരിച്ച സംഭവത്തിൽ മജിസ്റ്റീരിയൽ അന്വേഷണത്തിന് ഉത്തരവ്. ജില്ലാ കളക്‌ടർ എൻ എസ് കെ ഉമേശ് ആണ് മജിസ്റ്റീരിയൽ അന്വേഷണത്തിന് ഉത്തരവിട്ടത്. സ്ഫോടനത്തെ കുറിച്ച് സബ് കളക്‌ടർ കെ.മീര അന്വേഷിക്കും. സംഭവ സ്ഥലം സന്ദർശിച്ച് ഇന്ന് തന്നെ സബ് കളക്‌ടർ തെളിവെടുപ്പ് നടത്തും.

അതേസമയം സ്ഫോടനത്തിൽ തകർന്ന വീടുകളിൽ കഴിയാനാകാതെ പലരും ബന്ധുവീടുകളിൽ അഭയം തേടിയിരിക്കുകയാണ്. വീടുകൾ തകർന്നവർക്ക് വേണ്ടി തൃപ്പുണിത്തുറ നഗര സഭ ദുരിതാശ്വാസ ക്യാമ്പ് തുടങ്ങിയെങ്കിലും മൂന്ന് കുടുംബങ്ങൾ മാത്രമാണ് ക്യാമ്പിലെത്തിയത്. പലരും ഭാഗികമായി തകർന്ന തങ്ങളുടെ വീടിന് കാവലിരുന്നാണ് കഴിഞ്ഞ രാത്രി കഴിച്ച് കൂട്ടിയത്. തങ്ങൾക്ക് സംഭവിച്ച നഷ്ട്ടത്തിന് ഉടൻ പരിഹാരം നൽകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ചൂരക്കാട് സ്ഫോടനക്കേസിൽ നാലു പേരെ റിമാന്‍റ് ചെയ്‌തിരുന്നു. തൃപ്പൂണിത്തുറ ഹിൽ പാലസ് പൊലീസ് അറസ്റ്റ് ചെയ്‌ത പുതിയകാവ് ദേവസ്വം ഭാരവാഹികളായ സതീഷ് കുമാർ, ശശികുമാർ, കരാർ ജോലിക്കാരായ വിനീത്, വിനോദ് എന്നിവരെയാണ് മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കി റിമാന്‍റ് ചെയ്‌തത്. പുതിയകാവ് സെക്രട്ടറി രാജേഷ്, ട്രഷറർ സത്യൻ, കരാറുകാരൻ ആദർശ് എന്നിവരാണ് കേസിലെ മറ്റു പ്രതികൾ. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ആദർശ് ഒഴികെയുള്ള പ്രതികൾ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. മനപൂർവ്വമല്ലാത്ത നരഹത്യക്കുറ്റം ഉൾപ്പടെയുള്ള വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയത്. കൂടുതൽ പേർ ഈ സംഭവത്തിൽ പ്രതികളായേക്കുമെന്നാണ് പൊലീസ് നൽകുന്ന വിവരം.

അതേസമയം വെടിക്കെട്ടിന് കൂടുതൽ ശബ്‌ദവും വെളിച്ചവും കിട്ടാൻ നിരോധിത രാസ സംയുക്തമായ പൊട്ടാസ്യം ക്ലോറേറ്റ് പടക്ക നിർമ്മാണത്തിന് ഉപയോഗിച്ചുവെന്ന സംശയമാണ് അന്വേഷണ സംഘത്തിനുള്ളത്. ഇത്തരമൊരു സംശയത്തിന് കാരണമാകുന്ന നിരവധി ഘടകങ്ങളാണ് ചൂരക്കാട് സ്ഫോടനവുമായി ബന്ധപ്പെട്ട് ചൂണ്ടികാണിക്കപ്പെടുന്നത് (Tripunithura Churakad Blast).

പൊട്ടാസ്യം ക്ലോറേറ്റ് ചെറിയൊരു ഉരസൽ ഉണ്ടായാൽ തന്നെ തീപിടിക്കാൻ സാധ്യതയുള്ള രാസവസ്‌തുവാണ്. പടക്കങ്ങൾ ഇറക്കുന്നതിനിടെയുണ്ടായ തീപ്പിടിത്തവും ഇതേ തുടർന്നുണ്ടായ ഉഗ്ര സ്ഫോടനവും നിരോധിത രാസവസ്‌തു കാരണമാണോയെന്ന സംശയത്തിന് പ്രസക്തിയുണ്ട്. പടക്കം സൂക്ഷിക്കുന്ന സ്ഥലത്തിൻ്റെ 45 മീറ്റർ ചുറ്റളവിൽ മറ്റൊരു കെട്ടിടവും ഉണ്ടാവാൻ പാടില്ലായെന്നതാണ് നിയമം. എന്നാൽ ഇന്നലെ സ്ഫോടനം നടന്ന ചൂരക്കാട് പടക്കം സൂക്ഷിക്കാനുപയോഗിച്ച കെട്ടിടവും മറ്റ്വീടുകളും തമ്മിലുള്ള അകലം പത്ത് മീറ്ററിൽ താഴെമാത്രമാണെന്ന് പൊലീസ് പറഞ്ഞു.

സ്ഫോടനം നടന്നതിന് സമീപത്തെ വീടുകൾക്ക് വലിയ തോതിൽ നാശനഷ്‌ടം സംഭവിച്ചത് ഇതിനാലാണ്. പടക്ക നിർമ്മാണത്തിന് നിരോധിത രാസവസ്‌തുക്കൾ ഉപയോഗിച്ചോയെന്ന് ശാസ്ത്രീയ പരിശോധനാഫലങ്ങൾ ലഭിച്ചാൽ മാത്രമേ സ്ഥിരീകരിക്കാൻ കഴിയുകയുള്ളൂ. അനുമതിയില്ലാതെ സ്‌ഫോടക വസ്‌തുക്കൾ സൂക്ഷിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്‌തതിന് ക്ഷേത്ര ഭാരവാഹികൾ ഉൾപ്പെടെയുള്ളവർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ഉൾപ്പടെ ചുമത്തിയാണ് കേസ് എടുത്തത്.

കേന്ദ്രസർക്കാർ സ്ഥാപനമായ പെട്രോളിയം ആൻഡ് എക്‌സ്‌പ്ലോസീവ് സേഫ്റ്റി ഓർഗനൈസേഷൻ (പെസോ) അനുമതിയില്ലാതെയാണ് സംസ്ഥാനത്തെ മിക്ക പടക്ക നിർമ്മാണ ശാലകളും പ്രവർത്തിക്കുന്നത്. സുരക്ഷിതമായ അകലം പാലിക്കാത്തതിനാലാണ് സംസ്ഥാനത്തെ പടക്ക നിർമ്മാണ ശാലകളുടെ അപേക്ഷകൾ പെസോ നിരസിച്ചത്. വീണ്ടുമൊരു അപകടം സംഭവിച്ച സാഹചര്യത്തിൽ നിയമം പാലിക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കുമോയെന്നതാണ് പ്രസക്തമായ ചോദ്യം.

ഇന്നലെ രാവിലെ പത്തര മണിയോടെയാണ് ഉത്സവത്തിനായി എത്തിച്ച പടക്കങ്ങൾ താൽകാലിക സംഭരണകേന്ദ്രത്തിൽ ഇറക്കുന്നതിനിടെ പൊട്ടിത്തെറിച്ചത്. ക്ഷേത്രോത്സവത്തിന് എത്തിച്ച പടക്കങ്ങൾ സംഭരണ കേന്ദ്രത്തിലേക്ക് മാറ്റുന്നതിനിടെ വാഹന മുൾപ്പെടെ ഉഗ്ര ശബ്‌ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. ടെമ്പോ ട്രവലർ വാഹനം പൂർണ്ണമായി കത്തിയമർന്നു. സമീപത്ത് നിർത്തിയിട്ടിരുന്ന മറ്റൊരു കാറും പൂർണ്ണമായും അഗ്നിക്കിരയായി. സമീപത്തെ ഒരു ഡസൻ വീടുകൾ ഭാഗികമായി തകരുകയും അമ്പതിലധികം വീടുകൾക്ക് നാശനഷ്‌ടം സംഭവിക്കുകയും ചെയ്‌തിരുന്നു.

ABOUT THE AUTHOR

...view details