കാസർകോട്: ചിറ്റാരിക്കാലിൽ സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്‌ത് നഗ്ന ചിത്രങ്ങളാക്കി പ്രചരിപ്പിച്ച മൂന്ന് പേരെ പൊലീസ് പിടികൂടി. സംഭവത്തിൽ തയ്യേനി സ്വദേശികളായ സിബിൻ ലൂക്കോസ് (21), എബിൻ ടോം ജോസഫ് (18), ജസ്‌റ്റിൻ ജേക്കബ് (21) എന്നിവരാണ് അറസ്‌റ്റിലായത്. സാമൂഹിക മാധ്യമങ്ങളിൽ നിന്ന് ശേഖരിക്കുന്ന സ്‌ത്രീകളുടെ ചിത്രങ്ങൾ എ ഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ മോർഫ് ചെയ്‌ത് നഗ്ന ചിത്രങ്ങളാക്കി മാറ്റും.
പിന്നീട് അവ അപ്‌ലോഡ് ചെയ്യും. ഇങ്ങനെ ഒന്നര വർഷം കൊണ്ട് 200 ഓളം ചിത്രങ്ങളാണ് യുവാക്കൾ പ്രചരിപ്പിച്ചത്. സാമൂഹിക മാധ്യമങ്ങളിൽ നിന്ന് ശേഖരിക്കുന്ന ചിത്രങ്ങൾ ടെലിഗ്രാം ബോട്ടിൽ അപ്‌ലോഡ് ചെയ്‌ത് എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് നഗ്ന ചിത്രങ്ങളാക്കി മാറ്റിയതെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം.
ഒന്നര വർഷമായി യുവാക്കൾ നഗ്നചിത്രങ്ങൾ നിർമ്മിച്ച് പ്രചരിപ്പിക്കുന്നുണ്ടെന്നാണ് കണ്ടെത്തൽ. പ്രതിയായ സിബിന്‍റെ മൊബൈൽ ഫോൺ സുഹൃത്ത് അവിചാരിതമായി പരിശോധിച്ചതിൽ നിന്നാണ് വിവരം പുറത്തറിയുന്നത്. നഗ്നചിത്രങ്ങളിൽ ഒന്ന് ഈ യുവാവിന്‍റെ ബന്ധുവിന്‍റേതായിരുന്നു. ഇതോടെ ഈ ചിത്രങ്ങളെല്ലാം യുവാവ് തന്‍റെ ഫോണിലേക്ക് പകർത്തി പ്രദേശവാസികളെ വിവരം അറിയിക്കുകയായിരുന്നു.
നാട്ടുകാർ പൊലീസിനെ ബന്ധപ്പെടുകയും, അന്വേഷണത്തിന് ഒടുവിൽ പ്രതികൾ പിടിയിലാവുകയുമായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കണമെന്നും, കാര്യക്ഷമമായി അന്വേഷണം പൂർത്തിയാക്കി പ്രതികൾക്ക് പരമാവധി ശിക്ഷ വാങ്ങി കൊടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ALSO READ :പോക്‌സോ കേസ്; മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ച് മുൻ കർണാടക മുഖ്യമന്ത്രി