കോഴിക്കോട്: തിരുവമ്പാടിയിലെ കെഎസ്ഇബി സെക്ഷൻ ഓഫീസ് ആക്രമണത്തിന് പിന്നാലെ പ്രതിയുടെ വീട്ടിലെ കണക്ഷൻ വിച്‌ഛേദിച്ച പ്രശ്‌നത്തിന് പരിഹാരമായി. 30 മണിക്കൂറിലേറെ സമയം റസാഖിനെയും കുടുംബത്തിനെയും ഇരുട്ടിലാക്കിയ ശേഷമാണ് കലക്‌ടറുടെ നിർദേശപ്രകാരം വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിച്ചത്. പോരാട്ടം വിജയം കണ്ടെന്നും എല്ലാവർക്കും നന്ദിയുണെന്നും അജ്‌മലിന്‍റെ പിതാവ് റസാഖും മാതാവ് മറിയവും മാധ്യമങ്ങളോട് പ്രതികരിച്ചു.
കെഎസ്ഇബി ജീവനക്കാർക്കെതിരായി നൽകിയ പരാതിയുമായി മുന്നോട്ട് പോകുമെന്നും നിയമ പോരാട്ടം തുടരുമെന്നും മറിയം പ്രതികരിച്ചു. വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനെ തുടർന്ന് കെഎസ്ഇബി ജീവനക്കാരെ കയ്യേറ്റം ചെയ്യുകയും ഓഫീസ് തല്ലി തകർക്കുകയും ചെയ്‌ത എന്ന കേസിൽ സഹോദരങ്ങളായ അജ്‌മൽ, ഫഹദ് എന്നിവർക്കെതിരെ തിരുവമ്പാടി പൊലീസ് നടപടി തുടരുന്നതിനിടെ കെഎസ്ഇബി സ്വീകരിച്ച കേട്ടുകേള്‍വിയില്ലാത്ത നടപടി വ്യാപക വിമർശനത്തിനാണ് ഇടയാക്കി.