കോഴിക്കോട്: കരിങ്കൽ ക്വാറിയിൽ നിന്നും കല്ല് തെറിച്ച് വീണ് വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന ഗർഭിണിക്ക് പരിക്കേറ്റു. വാലില്ലാപുഴ സ്വദേശി ഫർബിനക്കാണ് പരിക്കേറ്റത്. കോഴിക്കോട് മലപ്പുറം ജില്ലാ അതിർത്തിയിൽ വാലില്ലാപുഴയിലെ ഫ്രൻസ് ക്രഷറിൽ നിന്നുമാണ് കരിങ്കല്ല് തെറിച്ച് വീണത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
പുലർച്ചയോടെ കട്ടിലില്‍ കിടന്നുറങ്ങിയിരുന്ന യുവതിയുടെ ദേഹത്ത് കരിങ്കല്ല് വീഴുകയായിരുന്നു. വീടിന് തൊട്ടടുത്തായാണ് ക്വാറി പ്രവർത്തിക്കുന്നത്. ജനവാസ മേഖലയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ക്വാറിയില്‍ നിന്ന് കല്ല് തെറിച്ച് വീണ് സമാന രീതിയില്‍ നേരത്തെയും അപകടമുണ്ടായിട്ടുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. പരിക്കേറ്റ ഫർബിന അരീക്കോട് താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.
യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് ക്വാറിയുടെ പ്രവർത്തനം എന്നാണ് നാട്ടുകാരുടെ പരാതി. പരിസരവാസികൾക്ക് ഭീഷണിയാകുന്ന വിധത്തിലുള്ള ക്വാറിയുടെ പ്രവർത്തനം അടിയന്തരമായി നിർത്തണം എന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.