കാസർകോട് പട്ടാപ്പകൽ മോഷണം (ETV Bharat) കാസർകോട്:പട്ടാപ്പകൽ വീട്ടിലെത്തി സ്വർണവും പണവും കവർന്ന കേസിലെ പ്രതി 12 മണിക്കൂറിനകം പിടിയിൽ. കൊട്ടാരക്കര ഏഴുകോൺ സ്വദേശി അഭിരാജിനെ(29) ആണ് നീലേശ്വരം പൊലീസ് പിടികൂടിയത്. കാസർകോട് ചിറപ്പുറത്താണ് സംഭവം.
സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പൊലീസിന്‍റെ വലയിലായത്. ചിറപ്പുറം ആലിൻകീഴ് മിനി സ്റ്റേഡിയത്തിന് സമീപത്തെ ഒവി രവീന്ദ്രന്‍റെ വീട്ടിലാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്. വീട്ടിൽ നിന്ന് 20 പവൻ സ്വർണവും പതിനായിരം രൂപയും മോഷണം പോയി. മകളുടെ പിടിഎ യോഗത്തിനായി രവീന്ദ്രനും ഭാര്യ നളിനിയും കക്കാട് ഗവണ്മെന്‍റ് ഹയർ സെക്കൻഡറി സ്‌കൂളിലേക്ക് പോയ സമയത്തായിരുന്നു മോഷണം.
തിരുവനന്തപുരത്ത് മൃഗസംരക്ഷണ വകുപ്പിൽ ജോലി ചെയ്യുന്ന രവീന്ദ്രന്‍റെ മകൾ രമ്യയുടെ സ്വർണാഭരണങ്ങളാണ് നഷ്‌ടപ്പെട്ടത്. തറവാട്ടിൽ നടന്ന കളിയാട്ടത്തിന്‍റെ ഭണ്ഡാരം വരവ് ആയിരുന്നു തുക. അതേസമയം മോഷണത്തിന്‍റെ ദൃശ്യങ്ങൾ വീട്ടിലെ സിസിടിവിയിൽ പതിഞ്ഞതാണ് വഴിത്തിരിവായത്.
സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് മോഷണം നടത്തിയത് അഭിരാജ് ആണെന്ന് കണ്ടെത്തിയത്. കോഴിക്കോട് നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിലാണ് പ്രതിയെ പൊലീസ് പിടികൂടിയത്. മോഷ്‌ടിച്ച പണവും സ്വർണവും ഇയാളിൽ നിന്ന് കണ്ടെടുത്തു.
ALSO READ:രണ്ടു കോടിയുടെ മയക്കുമരുന്ന് പിടികൂടിയ സംഭവം ; 'കാരിയർ' യുവതി പിടിയിൽ