കേരളം

kerala

ETV Bharat / state

പോക്കറ്റടിക്കുന്നതിന് തുല്യമെന്ന് വിഡി സതീശന്‍, ക്രൂരാനന്ദമെന്ന് കോണ്‍ഗ്രസ് അനുകൂല സര്‍വീസ് സംഘടനകള്‍; ജീവാനന്ദം പദ്ധതിയ്‌ക്ക് വിമര്‍ശനം - VD SATHEESAN AGAINST JEEVANANDAM - VD SATHEESAN AGAINST JEEVANANDAM

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍ കൈവയ്ക്കാനുള്ള ജീവാനന്ദം പദ്ധതിയില്‍ വിവാദം പുകയുന്നു. പെന്‍ഷന്‍ നിര്‍ത്തലാക്കാനുള്ള നീക്കമെന്ന് ആശങ്ക.

JEEVANANDAM RETIREMENT SCHEME  GOVT EMPLOYEES RETIREMENT  ജീവാനന്ദം  ജീവാനന്ദത്തിനെതിരെ പ്രതിപക്ഷം
REPRESENTATIVE IMAGE (ETV Bharat)

By ETV Bharat Kerala Team

Published : Jun 1, 2024, 5:02 PM IST

തിരുവനന്തപുരം : സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പുതിയ നിക്ഷേപ മാര്‍ഗമെന്ന നിലയില്‍ മാസ ശമ്പളത്തില്‍ നിന്ന് നിശ്ചിത തുക പിടിച്ച് വിരമിക്കലിനു ശേഷം മാസ തവണകളായി തിരിച്ചു നല്‍കാനുള്ള ഇടതു സര്‍ക്കാരിന്‍റെ പുതിയ നീക്കം വിവാദത്തിലേക്ക്. ജീവാനന്ദമെന്ന പേരില്‍ പുതിയ പദ്ധതി ആരംഭിക്കാന്‍ തീരുമാനിച്ചു കൊണ്ടുള്ള ഉത്തരവ് ധനവകുപ്പ് പുറത്തിറക്കിയതിനു പിന്നാലെ ജീവനക്കാരുടെ സംഘടനകള്‍ ആശങ്കകളുമായി രംഗത്തെത്തി.

ജീവനക്കാരുടെ പ്രതിഷേധത്തിനു പിന്നാലെ നീക്കത്തിനെതിരെ കടുത്ത പ്രതിഷേധവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശനും രംഗത്തെത്തി. ഇന്നലെയാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങിയത്. സംസ്ഥാന ഇന്‍ഷ്വറന്‍സ് വകുപ്പു വഴി ആന്വിറ്റി സ്‌കീമില്‍ നടപ്പാക്കുമെന്നു ബജറ്റില്‍ പ്രഖ്യാപിച്ചിരുന്ന പദ്ധതിയുടെ ഘടനയും മറ്റു നടപടികളും പരിശോധിക്കാന്‍ ഈ രംഗത്തെ വിദഗ്‌ധനെ നിയമിക്കാനായിരുന്നു തീരുമാനം. പദ്ധതിയുടെ രൂപ രേഖ തയ്യാറാക്കാന്‍ ഇന്‍ഷ്വറന്‍സ് വകുപ്പിനോട് ധനവകുപ്പ് നിര്‍ദ്ദേശിക്കുകയും ചെയ്‌തു.

സംസ്ഥാന സര്‍ക്കാരിന്‍റെ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ ജീവനക്കാരുടെ ശമ്പളത്തില്‍ കയ്യിട്ടുവാരാനുള്ള പദ്ധതിയാണിതെന്നസംശയവുമായി ജീവനക്കാര്‍ രഗത്തെത്തിയെങ്കിലും ജീവനക്കാര്‍ക്കു മറ്റൊരു നിക്ഷേപ മാര്‍ഗം തുറക്കുന്ന പദ്ധതിയാണിതെന്ന വിശദീകരണവുമായി ധനവകുപ്പ് രംഗത്തെത്തി.

പദ്ധതിയുടെ ഭാഗമായി ജീവനക്കാരുടെ ശമ്പളത്തിന്‍റെ നിശ്ചിത ശതമാനം നിര്‍ബന്ധമായി പിടിക്കാനാണോ അതോ ഇഷ്ടമുള്ള തുക നല്‍കിയാല്‍ മതിയോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. മാത്രമല്ല ഇപ്പോള്‍ തന്നെ ശമ്പളത്തിന്‍റെ 10 ശതമാനം തുക പെന്‍ഷന്‍ ഫണ്ടിലേക്ക് ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നു പിടിക്കുന്നുണ്ട്. ചികിത്സാ പദ്ധതിയായ മെഡിസെപ്പിനായി പ്രതിമാസം 500 രൂപ ശമ്പളത്തില്‍ നിന്നു പിടിക്കുന്നുണ്ട്.

പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം കഴിഞ്ഞ 8 മാസമായി ജീവനക്കാരുടെ ക്ഷാമ ബത്ത കുടിശികയാണ്. ഇത് ഏകദേശം 15 മാസത്തെ ശമ്പളം വരുമെന്നാണ് ജീവനക്കാരുടെ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നത്. പുതിയ ഉത്തരവു പ്രകാരം വിരമിക്കുമ്പോള്‍ നിശ്ചിത തുക മാസതവണകളായി തരുമെന്നു പറയുന്നതിലൂടെ പെന്‍ഷന്‍ നിര്‍ത്തലാക്കാനുള്ള നീക്കമാണെന്ന സംശയവും ജീവനക്കാര്‍ക്കുണ്ട്.

സര്‍ക്കാരിന്‍റെ പുതിയ പദ്ധതി ജീവാനന്ദമല്ല, ക്രൂരാനന്ദമാണെന്ന് കോണ്‍ഗ്രസ് അനുകൂല സര്‍വീസ് സംഘടനകള്‍ പരിഹസിച്ചു. പദ്ധതി ജീവനക്കാരുടെ പോക്കറ്റടിക്കുന്നതാണെന്ന് ആരോപിച്ച പ്രതിപക്ഷ നേതാവ് പദ്ധതി നടപ്പാക്കാനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചു.

Also Read :സർക്കാർ സര്‍വീസില്‍ കൂട്ടവിരമിക്കൽ: പടിയിറങ്ങുന്നത് പതിനയ്യായിരത്തോളം ജീവനക്കാർ; ആനുകൂല്യങ്ങൾ നൽകാൻ വേണം 7500 കോടി - Mass Retirement From Govt Service

ABOUT THE AUTHOR

...view details