കോഴിക്കോട് :വിവാദമായ കേരള സ്‌റ്റോറി സിനിമ പ്രദർശിപ്പിക്കുന്നതിൽ നിന്ന് താമരശേരി രൂപത പിന്മാറിയേക്കും. തെരഞ്ഞെടുപ്പ് കാലത്തെ സിനിമ പ്രദർശനം തെറ്റായ വ്യാഖ്യാനം നൽകും എന്ന് വിലയിരുത്തലിലാണ് തീരുമാനം. പ്രണയക്കെണിക്കെതിരെ സിനിമ പ്രദർശനത്തിലൂടെ ബോധവൽക്കരണം വേണ്ടെന്നും രൂപത.
രൂപതയ്ക്ക് കീഴിലെ എല്ലാ കെസിവൈഎം യൂണിറ്റുകളിലുമാണ് വൈകിട്ട് മൂന്ന് മണിക്ക് ശേഷം സിനിമ പ്രദര്‍ശനം നടത്താൻ നേരത്തെ തീരുമാനിച്ചിരുന്നത്. പ്രണയക്കെണിക്ക് എതിരായ ബോധവത്കരണം എന്ന നിലയിലാണ് പ്രദര്‍ശനം സംഘടിപ്പിക്കാനിരുന്നത്. തെറ്റായ രാഷ്ട്രീയ സന്ദേശം നൽകുമെന്ന് കെസിബിസിയും സിറോ മലബാര്‍ സഭയും മുന്നറിയിപ്പ് നൽകിയിട്ടും തീരുമാനവുമായി താമരശേരി രൂപത മുന്നോട്ട് പോയെങ്കിലും ഒടുവിൽ പിന്മാറുകയാണ്.
നേരത്തെ സിനിമ പ്രദര്‍ശിപ്പിച്ച ഇടുക്കി രൂപതക്ക് അഭിനന്ദനവുമായി താമരശേരി രൂപത രംഗത്തെത്തിയിരുന്നു. എന്നാൽ തലശേരി രൂപത സിനിമ പ്രദർശനത്തെ എതിർത്ത് രംഗത്തെത്തിയിരുന്നു.
ദി കേരള സ്‌റ്റോറി കേരളത്തെ അപകീർത്തിപ്പെടുത്താനുള്ള നുണയെന്ന് മുഖ്യമന്ത്രി :ദി കേരള സ്‌റ്റോറി സിനിമ ആർഎസ്എസ് സംഘപരിവാർ അജണ്ടയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പച്ചനുണയിലൂടെ നാടിനെ അപകീർത്തിപ്പെടുത്തുന്നു. തീർത്തും രാഷ്ട്രീയ ഉദ്ദേശത്തോടെ കൊണ്ടുവന്ന സിനിമയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.