തിരുവനന്തപുരം: കെപിസിസി പ്രസിഡന്‍റ് കെ സുധാകരനെതിരെ ഗുരുതര ആരോപണവുമായി മുൻ ഡിസിസി ജനറൽ സെക്രട്ടറി തമ്പാനൂർ സതീഷ് . സുധാകരൻ കെപിസിസി ഫണ്ട് ധൂർത്തടിക്കുന്നുവെന്ന ആരോപണവുമായാണ് സതീഷ് രംഗത്തെത്തിയത് (Thampanoor Satheesh Allegation Against K Sudhakaran).
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കെതിരെ പീഡന പരാതി ഉന്നയിച്ച ഡിവൈഎഫ്ഐ നേതാവിന് കെപിസിസി ഓഫിസിൽ ജോലിയും, പിന്നീട് പണവും സുധാകരൻ നൽകിയതായും ആരോപണമുണ്ട്. പി ശശിക്കെതിരെ ഡിവൈഎഫ്ഐ പ്രവർത്തകനായ എൻ അജിത് കുമാർ വ്യാജ പീഡന പരാതി ഉന്നയിച്ചിരുന്നു. തുടർന്ന് കെ സുധാകരൻ ഇയാളെ സംരക്ഷിച്ചുവെന്നാണ് സതീഷ് ആരോപിക്കുന്നത്.
പരാതിക്കാരനായ അജിത് കുമാറിന് കെപിസിസി ഓഫിസിൽ ജോലിയും 10 ലക്ഷം രൂപയും സുധാകരൻ നൽകിയതായി സതീഷ് പറഞ്ഞു. കെപിസിസി ഫണ്ടിൽ നിന്നാണ് പണം നൽകിയത്. കെപിസിസി അക്കൗണ്ടിൽ നിന്ന് 10 ലക്ഷം രൂപ ട്രാൻസ്‌ഫർ ചെയ്‌തതായും, ഇത് കൂടാതെ ലക്ഷങ്ങൾ കൊടുത്തതായും തമ്പാനൂർ സതീഷ് ആരോപിച്ചു.
Aldo Read: ആളില്ല കസേര നോക്കി സുധാകരന്‍റെ കോപാഗ്നി; 'പ്രവര്‍ത്തകര്‍ തളര്‍ന്ന് മടങ്ങിയതെന്ന്' സതീശന്‍റെ തണുപ്പിക്കല്‍
കെപിസിസി സെക്രട്ടറിമാരുടെ ഭാരവാഹിപ്പട്ടിക ഏകപക്ഷീയമാണെന്നാരോപിച്ച് കഴിഞ്ഞ ദിവസമാണ് സതീഷ് ഡിസിസി ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ചത്. ഇതിന് പിന്നാലെ രാഷ്ട്രീയം ഉപേക്ഷിക്കാൻ ആലോചിക്കുന്നതായി സതീഷ് ഫേസ്ബുക്ക് പോസ്‌റ്റിലും വ്യക്തമാക്കിയിരുന്നു. തുടർന്നാണ് സുധാകരനെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്.