സ്പ്രിംഗ്ലർ മാസപ്പടിയേക്കാൾ വലിയ അഴിമതി, കേന്ദ്ര ഏജൻസികളെ സമീപിക്കുമെന്ന് സ്വപ്‌ന സുരേഷ് തിരുവനന്തപുരം:സ്പ്രിംഗ്ലർ അഴിമതി മാസപ്പടിയേക്കാൾ വലുതാണെന്നും രേഖകളുമായി കേന്ദ്ര അന്വേഷണ ഏജൻസികളെ സമീപിക്കുമെന്നും സ്വപ്‌ന സുരേഷ്. വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി സ്പേസ് പാർക്കിൽ നിയമനം നേടിയെന്ന കേസിൽ കോടതിയിൽ ഹാജരായ ശേഷം തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു സ്വപ്‌ന.
രേഖകൾ തന്‍റെ കൈവശമുണ്ട്. ഇത് കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് കൈമാറും. കേസുമായി മുന്നോട്ട് പോകും. തന്‍റെ കേസിന്‍റെ കാര്യം വിശദീകരിക്കാനല്ല പകരം സ്പ്രിംഗ്ലർ അഴിമതിയെ കുറിച്ച് കേസുമായി മുന്നോട്ട് പോകുന്നത് അറിയിക്കാനാണ് മാധ്യമങ്ങളെ കണ്ടതെന്ന് സ്വപ്‌ന വ്യക്തമാക്കി.
വ്യാജ സർട്ടിഫിക്കറ്റ് കാണിച്ച് സ്പേസ് പാർക്കിൽ നിയമനം നേടിയെന്ന കേസിലാണ് സ്വപ്‌ന വഞ്ചിയൂർ ഒന്നാം ക്ലാസ് കോടതിയിലെത്തിയത്. കോടതി ഇന്ന് അവധിയായിരുന്നെങ്കിലും കേസ് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് സ്വപ്‌ന സമർപ്പിച്ച ഹർജി കോടതി അംഗീകരിക്കുകയായിരുന്നു.
ബാംഗ്ലൂരിൽ നിന്ന് ഇന്നാണ് തിരുവനന്തപുരത്ത് എത്തിയതെന്നും അതിനാലാണ് മാധ്യമങ്ങളെ കാണാത്തതെന്നും സ്വപ്‌ന പറഞ്ഞു. തെരഞ്ഞെടുപ്പുമായി തന്‍റെ പ്രസ്‌താവനയ്ക്ക് യാതൊരു ബന്ധവുമില്ലെന്നും സ്വപ്‌ന സുരേഷ് തിരുവനന്തപുരത്ത് പറഞ്ഞു.
Also Read:നയതന്ത്ര ബാഗേജ് സ്വർണക്കടത്ത്: സ്വപ്‌ന സുരേഷിന് 6 കോടിയും ശിവശങ്കറിന് 50 ലക്ഷവും പിഴ ചുമത്തി കസ്‌റ്റംസ്