വയനാട്: രാത്രി രണ്ട് മണിയോടെയാണ് പൊടുന്നനെ പുല്‍പ്പള്ളിയിലെ ഊട്ടിക്കവല പായിക്കണ്ടത്തില്‍ ബിജുവിന്‍റെ വീടിന് പുറത്ത് അസാധാരണ ശബ്‌ദം കേട്ടത്. ഉടനെ വളപ്പിലെ സെന്‍സര്‍ ലൈറ്റുകള്‍ തെളിഞ്ഞു. ബെഡ്റൂമില്‍ നിന്ന് ബിജുവിന്‍റെ അമ്മ പുറത്തേക്ക് നോക്കിയപ്പോള്‍ ആട്ടിന്‍ കൂട്ടില്‍ നിന്ന് തള്ളയാടിനെ കടിച്ചെടുത്ത് ഇറങ്ങുന്ന കടുവയെയാണ് കണ്ടത്.
സംഭവം ബിജു വിവരിക്കുന്നതിങ്ങനെ. "ഞങ്ങള്‍ പതിവ് പോലെ ഒമ്പത് മണിക്ക് തന്നെ കിടന്നിരുന്നു. രാത്രി വൈകിയാണ് വീടിന് പുറത്ത് എന്തോ ശബ്‌ദം കേട്ടത്. ഓട്ടോ ലൈറ്റ് തെളിഞ്ഞത് കണ്ട് അമ്മയാണ് ആദ്യം ഉണര്‍ന്നത്. കുഞ്ഞ് ആടുകള്‍ കരയുന്നത് കേട്ട് ആട്ടിന്‍ കൂട്ടിലേക്ക് നോക്കിയപ്പോള്‍ ഉറങ്ങുകയായിരുന്ന തള്ളയാടിനെ കടിച്ച് തൂക്കിയെടുത്ത് വലിച്ച് കൊണ്ടു പോകാന്‍ ശ്രമിക്കുന്ന കടുവയെയാണ് കണ്ടത്. അമ്മ ഉടന്‍ മറ്റുള്ളവരെ വിളിച്ചു കൂട്ടി. ഞങ്ങളുടെ ബഹളം കേട്ടതോടെ ആടിനെ ഉപേക്ഷിച്ച് കടുവ ഓടി മറഞ്ഞു'.
പുലിപ്പേടിയില്‍ കഴിയുന്ന പുല്‍പ്പള്ളി അമരക്കുനി പ്രദേശത്തുകാര്‍ക്ക് വീണ്ടും ഭീതിയുടെ രാത്രി സമ്മാനിച്ചാണ് തുടര്‍ച്ചയായ നാലാം ദിവസവും കടുവ വളര്‍ത്തുമൃഗങ്ങളെ കൊന്നത്.വയനാട് പുൽപ്പള്ളി അമരക്കുനിയിൽ ഇറങ്ങിയ കടുവയെ മയക്കു വെടി വെച്ച് പിടികൂടാനുള്ള ശ്രമം ഇന്നും തുടരും. കഴിഞ്ഞദിവസം പ്രദേശത്തെ മറ്റൊരു ആടിനെ കൂടി കടുവ ആക്രമിച്ചു കൊന്നിരുന്നു. മേഖലയിൽ നാലുകൂടും ക്യാമറകളും സ്ഥാപിച്ചിട്ടും കടുവ ഇപ്പോഴും കാണാമറയത്താണ്. വനം വകുപ്പിന്‍റെ മയക്കുവെടി സംഘം കടുവയ്ക്കായുള്ള തിരച്ചിൽ നടത്തുന്നുണ്ടെങ്കിലും ഏതു വിധേനയും കടുവയെ കൂട്ടിലാക്കാനുള്ള ശ്രമങ്ങളും തുടരുകയാണ്. പ്രദേശവാസികൾ ജാഗ്രത പാലിക്കണം എന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.
"ആടിനെ കടിച്ച് കൊണ്ട് പോകാനുള്ള ശ്രമമാണ് നടന്നത്. കടുവ കടിച്ച് കൊന്ന് കൊണ്ടുപോകാന്‍ ശ്രമിച്ച തള്ളയാടിനെ തന്നെ ഇരയായി കൂട് വച്ചിട്ടുണ്ട്. രാത്രി തന്നെ തെര്‍മല്‍ ഡ്രോണ്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ കടുവയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. കൃത്യമായി ലൊക്കേറ്റ് ചെയ്യാന്‍ ശ്രമിക്കുകയാണ്. കടുവ കാപ്പിത്തോട്ടത്തിലുണ്ടെന്നാണ് കരുതുന്നത്. ദൗത്യം നടക്കുന്ന ഭാഗത്ത് അനുകൂല സാചര്യം ഒരുങ്ങിയാല്‍ മയക്കുവെടി വയ്ക്കും. നാലിടത്ത് ഫോറസ്‌റ്റ് വകുപ്പ് കൂടുകള്‍ സ്ഥാപിച്ചിട്ടുണ്ട്. അവധി ദിനം ആളുകള്‍ ദൗത്യം നടക്കുന്ന സ്ഥലത്തേക്ക് വരുന്നത് ഒഴിവാക്കണം. ദൗത്യം വിജയിപ്പിക്കുന്നതിന് നാട്ടുകാര്‍ കൂടി സഹകരിച്ച് വീടുകളില്‍ തന്നെ കഴിയണം" സൗത്ത് വയനാട് ഡിഎഫ്ഒ അജിത് കെ രാമന്‍ പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കടുവയെ നേരില്‍ക്കണ്ട ബിജുവിന്‍റെ അമ്മ മറിയത്തിന് ഇനിയും ഭീതി മാറിയിട്ടില്ല. 'പ്രസവിച്ച് ഒന്നര മാസമേ ആയിട്ടുള്ളൂ. രണ്ടര ലിറ്റര്‍ പാല് കിട്ടുന്നതായിരുന്നു. മൂന്ന് കുഞ്ഞുങ്ങളും പേടിച്ച് കരയുന്നത് കണ്ടപ്പോള്‍ നോക്കി. കടുവ കാല് കുത്തി നിന്ന് മരക്കൂട്ടിലേക്ക് തലയിട്ട് തള്ളയാടിനെ കൊല്ലുകയായിരുന്നു. ഞാന്‍ ജനാലയിൽ തട്ടിയപ്പോള്‍ കടുവ പിടിവിട്ട് തിരിഞ്ഞുപോയി. കുഞ്ഞാടുകള്‍ പേടിച്ച് വിറച്ച് നില്‍ക്കുകയായിരുന്നു. ഞങ്ങളും പേടിച്ചു പോയി. പത്ത് മിനുട്ടിനുള്ളില്‍ ഫോറസ്‌റ്റുകാരും എത്തി' - മറിയം പറയുന്നു.
സൗത്ത് വയനാട് ഡിഎഫ്ഒ അജിത് കെ രാമനും വൈല്‍ഡ് ലൈഫ് സര്‍ജനും മയക്കുവെടി വിദഗ്‌ധനുമായ ഡോ അരുണ്‍ സഖറിയ അടക്കമുള്ള സംഘം അമരക്കുനി പ്രദേശത്ത് കഴിഞ്ഞ ഏതാനും ദിവസങ്ങളായി ക്യാമ്പ് ചെയ്യുന്നുണ്ട്. കാടിറങ്ങിയ കടുവ അവശനാണെന്നും ഇരയെ കിട്ടാത്തതു കൊണ്ടാണ് ആടുകളെത്തേടി ജനവാസ മേഖലകളിലേക്ക് എത്തുന്നതെന്നുമാണ് വനം വകുപ്പിന്‍റെ അനുമാനം.
Also Read: കടുവാഭീതി ഒഴിയാതെ പരുന്തുംപാറയും പരിസരപ്രദേശങ്ങളും; വിനോദസഞ്ചാരികള്‍ അടക്കം ആശങ്കയില്‍