തൃശൂര്‍:കലാമണ്ഡലം ഗോപിയുടെ മകന്‍ രഘുരാജ് ഗുരുകൃപയുടെ ഫേസ്‌ബുക്ക് പോസ്റ്റ് വിവാദത്തിൽ വിശദീകരണവുമായി തൃശൂരിലെ ബിജെപി സ്ഥാനാർഥിയും നടനുമായ സുരേഷ് ഗോപി. കലാമണ്ഡലം ഗോപിയെ വിളിക്കാൻ താൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും വിവാദമായ പോസ്റ്റ് താൻ വായിച്ചിട്ടില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി. പാര്‍ട്ടി ജില്ല അധ്യക്ഷനാണ് കാണേണ്ടുന്ന പ്രമുഖരുടെ പട്ടിക തയ്യാറാക്കുന്നതെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു.
ബിജെപി ജില്ലാ അധ്യക്ഷൻ അഡ്വ. അനീഷ് കുമാറിനെയാണ് താൻ എല്ലാ കാര്യങ്ങളും ഏല്‍പ്പിക്കുന്നത്. ഗോപിയാശാനെ ബന്ധപ്പെട്ടില്ലെന്ന് പറഞ്ഞ നടൻ, മുമ്പ് പലതവണ അദ്ദേഹത്തെ കണ്ടിട്ടുണ്ടെന്നും മുണ്ടും നേരിയതും നല്‍കി വണങ്ങിയിട്ടുണ്ടെന്നും പറഞ്ഞു. അദ്ദേഹത്തിന്‍റെ വീട്ടില്‍ പോയി താൻ ഭക്ഷണം കഴിച്ചിട്ടുണ്ട്. മകന്‍റെ പ്രതികരണം ഗോപിയാശാന്‍റെ മനസാണോ എന്നറിയില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
തനിക്ക് ഈ ഇലക്ഷനിൽ പ്രത്യേക സ്‌ട്രാറ്റജികൾ ഇല്ലെന്നും ജനങ്ങളിലേക്ക് നേരിട്ട് ഇറങ്ങിച്ചെല്ലുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രമുഖരായ കലാകാരന്മാര്‍ മാത്രമല്ല, പ്രമുഖരായ വ്യക്തികളും ഉണ്ട്. ഇവരെയൊക്കെ എല്ലാ സ്ഥാനാര്‍ഥികളും കാണുന്നതാണ്. ഗുരുത്വത്തിന്‍റെ പുറത്താണ് താൻ ഇത്തരത്തില്‍ വ്യക്തികളെ കണ്ട് അനുഗ്രഹം തേടുന്നത്.
ഗുരുനാഥ തുല്യരായവരെയാണ് കാണുന്നത്. ഗോപിയാശാനും ഗുരുതുല്യനാണ്. അദ്ദേഹത്തെ ഗുരുവെന്ന നിലയില്‍ ഇനിയും വണങ്ങാൻ ആഗ്രഹമുണ്ട്. പാര്‍ട്ടി ജില്ല അധ്യക്ഷനോട് ഈ ആവശ്യം പറയുമെന്നും ബിജെപി നേതാവ് വ്യക്തമാക്കി.